ഷാരൂഖിനും സല്‍മാനും ഇടമില്ല, ധനികരായ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അക്ഷയ് കുമാര്‍ മാത്രം, അമേരിക്കന്‍ ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് വീണ്ടും ഒന്നാമത്

Thursday 11 July 2019 11:03 am IST

ഫോബ്‌സ് മാഗസിന്റെ 2019ലെ ധനികരായ സെലിബ്രിറ്റികളുടെ പട്ടിക പുറത്ത്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഫോബ്‌സ് പട്ടികയില്‍ ഇടം കണ്ടെത്താനായില്ല. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം പിടിച്ച ഏകതാരം അക്ഷയ് കുമാറാണ്. 444 കോടി രൂപ (65 മില്യണ്‍ യുഎസ് ഡോളര്‍) ആണ് അക്ഷയ് കുമാറിന്റെ വാര്‍ഷിക വരുമാനമായി മാഗസിന്‍ കണക്കാക്കുന്നത്. ധനികരായ 100 താരങ്ങളുടെ പട്ടികയില്‍ അക്ഷയ് കുമാറിന്റെ സ്ഥാനം 33 ആണ്. 37.7 ഡോളറിന്റെ വരുമാനവുമായി 2018ലെ പട്ടികയില്‍ സല്‍മാന്‍ ഖാന്‍ 82ാം സ്ഥാനം നേടിയിരുന്നു. 2017ല്‍ അക്ഷയ് കുമാറിനൊപ്പം ഷാരൂഖ് ഖാന്‍ 65ാം സ്ഥാനം പങ്കിട്ടെങ്കിലും 2018ലെ പട്ടികയില്‍ നിന്ന് ഷാരൂഖ് പുറത്തായിരുന്നു. 

അതേസമയം, തുടര്‍ച്ചയായ രണ്ടാം തവണയും അമേരിക്കന്‍ ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് ഫോബ്‌സ് സെലിബ്രിറ്റി പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. 185 മില്യണ്‍ ഡോളറാണ് സ്വഫ്റ്റിന്റെ വാര്‍ഷിക വരുമാനം. അമേരിക്കന്‍ മോഡലും ടെലിവിഷന്‍ അവതാരകയുമായ കെയ്‌ലി ജെന്നറാണ് പട്ടികയില്‍ രണ്ടാമത്. പട്ടികയിലെ ആദ്യ പത്തില്‍ ഫുട്‌ബോള്‍ താരങ്ങളായ ലെയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുമുണ്ട്. 

2018ല്‍ 270 കോടി രൂപയുടെ വരുമാനത്തില്‍ നിന്നാണ് അക്ഷയ് കുമാര്‍ ഒരു വര്‍ഷത്തിനു ശേഷം 444 കോടി രൂപയുടെ വരുമാനത്തിലേക്ക് കുത്തനെ ഉയര്‍ന്നത്. ഈ കാലയളവില്‍ ഇരുപതോളം ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ അക്ഷയ് കരാര്‍ ഒപ്പിട്ടിരുന്നു. മിഷന്‍ മംഗല്‍ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ ഉടന്‍ റിലീസ് ആകാനുള്ള ചിത്രം. ഹോളിവുഡ് താരങ്ങളായ റിഹാന, സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍, ക്രിസ് ഇവാന്‍സ്, കാറ്റി പെറി, ലേഡി ഗാഗ എന്നിവരെ എല്ലാം പിന്തള്ളിയാണ് അക്ഷയ് 2019ലെ പട്ടികയില്‍ 33ാം സ്ഥാനം സ്വന്തമാക്കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.