പ്രാര്‍ത്ഥനകള്‍ക്കായി ഉച്ചഭാഷിണി വേണമെന്ന് ഒരു മതത്തിലും പറയുന്നില്ല; നിസ്‌കാരത്തിന് ലൗഡ് സ്പീക്കര്‍ നിര്‍ബന്ധമില്ലെന്ന് അലഹബാദ് ഹൈക്കോടതി

Tuesday 21 January 2020 2:13 pm IST

അലഹബാദ്: പ്രാര്‍ത്ഥിക്കുന്നതിനായി ലൗഡ് സ്പീക്കര്‍ വേണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ല. നിസ്‌കാര സമയത്ത് ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മുസ്ലിം പള്ളികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടേതാണ് ഈ ഉത്തരവ്. 

പ്രാര്‍ത്ഥന നടത്തുന്നതിനായി പുരോഹിതര്‍ക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാമെന്ന് ഒരു മതത്തിലും പറയുന്നില്ല. ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ വേണമെന്ന് നിര്‍ബന്ധമില്ല. മതാചാരങ്ങള്‍ക്കായയി പെരുമ്പറ കൊട്ടാനോ ഉച്ചഭാഷിണി ഉപയോഗിക്കാനോ ഒരു മതവും നിര്‍ദ്ദേശിക്കുന്നില്ല. അഥവാ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ഉപയോഗിക്കണമെന്നും അലഹബാദ് ഹൈക്കോടതി അറിയിച്ചു. 

ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് വിപിന്‍ ചന്ദ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൊതു സ്ഥലങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിന് അധികൃതരുടെ അനുവാദം മേടിക്കണം. ഇല്ലെങ്കില്‍ പിഴ ചുമത്തുന്നതാണ്. അതേസമയം ജനസംഖ്യ വര്‍ധിച്ചു വരുന്നതിനാല്‍ ബാങ്ക് വിളി സമുദായക്കാര്‍ക്കിടയിലേക്ക് എത്തുന്നതിനായാണ് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. 

നേരത്തെ കേരളത്തിലെ മുസ്ലിം പള്ളികളിലെ ബാങ്കു വിളി ഏകീകരിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധ്യക്ഷന്‍ സി. മുഹമ്മദ് ഫൈസി നിര്‍ദ്ദേശിച്ചിരുന്നു. ഒന്നിലേറെ പള്ളികളുള്ള സ്ഥലങ്ങളില്‍ ഒരു പള്ളിയില്‍ നിന്നു മാത്രം ഉച്ചഭാഷിണിയിലൂടെ ബാങ്ക് കൊടുത്താല്‍ മതിയെന്ന് വയ്ക്കണമെന്നും രാത്രി സമയങ്ങളില്‍ വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങള്‍ ഒഴിവാക്കണമെന്നമാണ് നിര്‍ദ്ദേശം.

മതാചാരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണം. ബാങ്ക് വിളി ഏകീകരിക്കാന്‍ മുസ്ലീം സംഘടനകള്‍ തന്നെ നേതൃത്വം നല്‍കണം. ഒരു മതേതരസമൂഹത്തില്‍ ജീവിക്കുന്ന നമ്മള്‍ പൊതുസമൂഹത്തിന്റെ താത്പര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നുമണ് ഫൈസി അറിയിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.