ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങളില്‍ മാറ്റം സംഭവതിനാല്‍ തീവ്ര ചിന്താഗതിയിലേക്ക് മാറി; മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് മറയായാണ് സിപിഎമ്മില്‍ തുടര്‍ന്നതെന്ന് അലനും താഹയും

Friday 22 November 2019 1:24 pm IST

കോഴിക്കോട് : മോവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് മറയാക്കിയാണ് സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തിച്ചതെന്ന് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷൂഹൈബും താഹയും. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ഇരുവരും നഗരമാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചിരുന്നു. അതിനു പിന്നാലെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. 

മാവോവാദി പ്രവര്‍ത്തനങ്ങളിലേക്കും ആശയങ്ങളിലേക്കും മറ്റുള്ളവര്‍ ആകര്‍ഷിക്കാന്‍ ശ്രമം നടത്തിയിരുന്നു. മുഖ്യധാര പാര്‍ട്ടികളില്‍ നിന്നും ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചിരുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങളില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. ഈ നിലപാടുകളില്‍ തുടരാന്‍ സാധിക്കാതിരുന്നതോടെയാണ് തീവ്ര ചിന്താഗതിയുള്ള മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞതെന്നും ഇരുവരും അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. 

സിപിഎം, സിപിഐ, ആര്‍എംപി എന്നീ പാര്‍ട്ടികളില്‍ നിരവധി മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ സംരക്ഷിക്കുന്നതിനും നഗര പ്രദേശങ്ങളില്‍ ഇവ കൂടുതലായി പ്രചരിപ്പിക്കുന്നതിനുമാണ് വിവിധ പാര്‍ട്ടികളുടെ നിഴലായി മാവോവാദികള്‍ നിലനില്‍ക്കുന്നതെന്നും അവര്‍ അറിയിച്ചു. 

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുകൊണ്ട് 50ലേറെ പേര്‍ മാവോവാദി സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തില്‍ മാത്രം 20ഓളം പേര്‍ മാവോവാദി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഇരുവരും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

അലന്‍ ഷുഹൈബിനേയും താഹയേയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തെ പിണറായി സര്‍ക്കാര്‍ പുന പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇരുവരുടേയും മൊഴി പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടി മുഖപത്രത്തിലൂടെയാണ് കോടിയേരിയുടെ ഈ പ്രസ്താവന. 

അതേസമയം ഇരുവരുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. സിപിഎം, സിപിഐ, ആര്‍എംപി എന്നീ പാര്‍ട്ടികളിലും, നഗര പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.