കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ വിമത വൈദികര്‍ പ്രത്യക്ഷ സമരം തുടങ്ങി; ബിഷപ്പ് ഹൗസില്‍ ഉപവാസം, കര്‍ദിനാള്‍ 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് വിമതപക്ഷം

Thursday 18 July 2019 3:37 pm IST

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിമത വൈദികര്‍ പ്രത്യക്ഷ സമരം ആരംഭിച്ചു. ബിഷപ്പ് ഹൗസിലാണു വിമത വൈദികര്‍ ഉപവാസം തുടങ്ങിയത്. ആലഞ്ചേരിയെ ചുമതലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണു സമരം. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് വേണമെന്നും വിമത വൈദികര്‍ ആവശ്യപ്പെടുന്നു. എറണാകുളം- അങ്കമാലി അതിരൂപതയില്‍ വിമത വൈദികര്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്ക് എതിരായ നീക്കത്തിന് എഎംടി എന്ന പേരില്‍ അല്‍മായരുടെ സംഘടയുടെ നേതൃത്വത്തിലാണ് സമരം. 

കര്‍ദ്ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് വിമത പക്ഷം. സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ നീക്കണമെന്നും സ്ഥിരം സിനഡ് അംഗങ്ങള്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു.  എറണാകുളം അങ്കമാലി അതിരൂപതയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുകൂലികള്‍ പുതിയ അല്‍മായ സംഘടന രൂപീകരിച്ചതിനു പിന്നാലെയാണു എതിര്‍ പക്ഷം പ്രത്യക്ഷ സമരവുമായി രംഗത്തുവരുന്നതത്. വിമത വിഭാഗം കര്‍ദ്ദിനാളിനെതിരെ നടത്തുന്ന പ്രചാരണത്തെ പ്രതിരോധിക്കാനായിരുന്നു അല്‍മായ സംഘടന രൂപീകരിച്ചത്. കാത്തലിക് ലെയ്റ്റി മൂവ്‌മെന്റ് എന്ന പേരില്‍ രൂപീകരിച്ച സംഘടന പള്ളികളില്‍ വിശദീകരണ യോഗം നടത്താനിരിക്കുകയായിരുന്നു. ഭൂമി ഇടപാടുമായും വ്യാജരേഖാ കേസുമായും ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വിശ്വാസികളെ ബോധ്യപ്പെടുത്തുന്നതിനാണ് കര്‍ദ്ദിനാള്‍ അനുകൂലികളുടെ പുതിയ സംഘടന.  

സഭയുമായി ബന്ധപ്പെട്ട് വിമതരുടെ നീക്കങ്ങളുടെ ചുക്കാന്‍ ഏറ്റെടുത്ത ഈ സംഘടനയ്ക്ക് വിശ്വാസികള്‍ക്കിടയില്‍ ആലഞ്ചേരിക്കെതിരേ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. വിവാദമായ വിഷയങ്ങളില്‍ കര്‍ദ്ദിനാളിന്റെ വിശദീകരണം ദുര്‍ബലമാക്കിയത് വിമത അല്‍മായ സംഘടനയായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് പദവി തിരികെ ലഭിച്ചതും സാഹായ മെത്രാന്‍മാരെ പുറത്താക്കിയ നടപടിയുമാണു ഇപ്പോള്‍ വിമത പക്ഷത്തെ ചൊടിപ്പിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.