ആലപ്പുഴ ബീച്ചില്‍ ടണല്‍ എക്‌സ്‌പോ തുടങ്ങാന്‍ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു; നഗരസഭ ചെയര്‍മാനെതിരെ യുവ സംരംഭക പരാതി നല്‍കി

Wednesday 22 January 2020 10:53 am IST

ആലപ്പുഴ: യുവ സംരംഭകയോട് ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ആലപ്പുഴ ബീച്ചില്‍ അണ്ടര്‍വാട്ടര്‍ ടണല്‍ എക്‌സപോയ്ക്ക് അനുമതി നല്‍കുന്നതിന് അനുമതി തേടിയപ്പോള്‍ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആര്‍ച്ച എന്ന യുവതിയാണ് പരാതി നല്‍കിയത്. 

കോണ്‍ഗ്രസ് നേതാവുമായ ഇല്ലിക്കല്‍ കുഞ്ഞുമോനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭാവനകളും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും പരാതിക്കാരി പുറത്തുവിട്ടു. അതിനിടെ ടണല്‍ എക്‌സ്‌പോ ചട്ടവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇത് നിര്‍ത്തിവെയ്ക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ബീച്ചില്‍ എക്‌സ്‌പോ നടത്താന്‍ അനുമതി തേടിയെത്തിയപ്പോള്‍ വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആര്‍ച്ചയുടെ പരാതി. നഗരസഭാ ഓഫീസില്‍ വിളിച്ചുവരുത്തിയും സംഭാവന ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ നഗരസഭാ ചെയര്‍മാന്‍ സിപിഎമ്മിന് വേണ്ടി പണം ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്.

എക്‌സ്‌പോ തുടങ്ങാന്‍ തുറമുഖ വകുപ്പിന്റെ അനുമതിയുമായി കഴിഞ്ഞ നവംബറിലാണ് യുവതി ആലപ്പുഴയിലെത്തിയത്. എന്നാല്‍ നഗരസഭയടക്കം പ്രവര്‍ത്തനാനുമതി നല്‍കിയില്ല. ഒടുവില്‍ ഹൈക്കോടതി മുഖേനെ അനുമതി വാങ്ങി ഒരു മാസം വൈകി എക്‌സപോ തുടങ്ങി. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് തന്റെ സ്റ്റാര്‍ട്ട്അപ്പിനുണ്ടായതെന്ന് ആര്‍ച്ച പറയുന്നു. ഫെബ്രുവരി മാസം വരെ പ്രവര്‍ത്തിക്കാന്‍ തുറമുഖ വകുപ്പിന്റെ അനുമതിയുണ്ട്. എന്നാല്‍ എക്‌സ്‌പോ നിര്‍ത്തിവെയ്ക്കാനാണ് ഇപ്പോള്‍ നഗരസഭയുടെ നിര്‍ദ്ദേശം.

അതേസമയം ആരോപണങ്ങള്‍ തെറ്റാണെന്ന് ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അറിയിച്ചു. അനധികൃതമായി പ്രവര്‍ത്തിച്ച എക്‌സ്‌പോ നിര്‍ത്തിവെയ്പ്പിച്ചത് നഗരസഭാ കൗണ്‍സിലിന്റെ ഒന്നിച്ചുള്ള തീരുമാനപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.