കേരളത്തിലേക്ക് ലഹരിയൊഴുക്ക് വ്യാപകം, ലഹരിമാഫിയ ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെ

Friday 14 February 2020 12:35 pm IST

കാസര്‍കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ലഹരിയുടെ ഒഴുക്ക് ക്രമാതീതമായി വര്‍ധിച്ചതായി എക്‌സൈസ് അധികൃതര്‍ പറയുന്നു. ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ ആവശ്യമാണെന്ന് അവര്‍ വ്യക്തമാക്കി. സ്‌കൂള്‍, കോളേജുകള്‍ അടക്കാറയതോടെ ലഹരിമാഫിയയും കൂടുതല്‍ സജീവമായിരിക്കുകയാണ്. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വര്‍ഷ കുട്ടികളുടെ പാര്‍ട്ടികളും വേനല്‍ അവധിയും മറ്റും ലക്ഷ്യമാക്കിയാണ് ഇവര്‍ വ്യാപകമായി കഞ്ചാവ് കടത്തുന്നത്. ആന്ധപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ വനങ്ങളില്‍ കൃഷി ചെയ്യുന്ന കഞ്ചാവ് ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലെത്തിച്ചതിനു ശേഷമാണ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കടത്തുന്നത്. കാസര്‍കോട്ടേക്ക് ലഹരി കൂടുതലായും മംഗളൂരുവില്‍ നിന്നാണ് എത്തിക്കുന്നത്. അന്തര്‍സ്സംസ്ഥാന ദീര്‍ഘദൂര ബസ്സുകളെയാണ് കടത്തുകാര്‍ കൂടുതലായും ഉപയോഗിക്കുന്നത്.

ട്രെയിന്‍ മാര്‍ഗം കടത്തുന്ന സംഘങ്ങളും കുറവല്ല. ചെറുവാഹനങ്ങള്‍ ഉപയോഗിച്ചും ആഡംബര കാറുകളിലൂടെയും ഇപ്പോള്‍ ലഹരിക്കടത്തുകള്‍ നടക്കുന്നുണ്ട്. കേരളത്തിലേക്കുള്ള ലഹരിയുടെ കടന്നുവരവ് യുവാക്കളെ ലക്ഷ്യം വെച്ചുകൊണ്ടാണ്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട നടന്നത്. എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവ് കടത്ത് പിടിച്ചത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാസ്‌പോര്‍ട്ട് ബസിലാണ് രണ്ട് ബാഗുകളിലാക്കി സൂക്ഷിച്ച 22 കിലോ കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോ വീതമുള്ള 11 പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

മൂന്നുമാസം മുമ്പാണ് മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ നിന്ന് 2000 കിലോഗ്രാം നിരോധിത പാന്‍മസാലകള്‍ പിടികൂടിയത്. മറുനാടന്‍ തൊഴിലാളികള്‍ പോലും ഇപ്പോള്‍ ലഹരിയുടെ വാഹകരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. രണ്ടുമാസം മുമ്പാണ് ട്രെമഡോള്‍ എന്ന 50 ലഹരിഗുളികകള്‍ ഇവിടെ നിന്ന് പിടികൂടിയത്. മാരകരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന വേദനസംഹാരിയാണ് ട്രെമഡോള്‍.

കഴിഞ്ഞ മാസമാണ് കാസര്‍കോട് പോലീസിന്റെ നേതൃത്വത്തില്‍ മീന്‍വണ്ടിയില്‍ കടത്തുകയായിരുന്ന 19 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. എറണാകുളത്തുനിന്ന് കാസര്‍കോട്ടേക്ക് കടത്തുന്നതിനിടെയാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് വകുപ്പ് നേതൃത്വം നല്‍കുന്ന വിമുക്തി ബോധവത്കരണ മിഷന്‍ കുട്ടികള്‍ക്ക് ഒട്ടേറെ ബോധവത്കരണം നല്‍കുന്നുണ്ടെങ്കിലും സ്‌കൂള്‍തലത്തിലും കുടുംബങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് ആവശ്യമായ ബോധവത്കരണം ശക്തമാക്കണമെന്നും എക്‌സൈസ് അധികൃതര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.