കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍; ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പലിലെ മലയാളികളെയടക്കം 24 പേരെ മോചിപ്പിച്ചു

Thursday 15 August 2019 7:28 pm IST

ലണ്ടന്‍: ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഉടന്‍ നാട്ടില്‍ മടങ്ങിയെത്തുമെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അറിയിച്ചതായി വി. മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

കാസര്‍കോട് ഉദുമ നമ്പ്യാര്‍ കീച്ചില്‍ 'പൗര്‍ണമി'യില്‍ പി. പുരുഷോത്തമന്റെ മകന്‍ തേഡ് എന്‍ജിനീയര്‍ പി.പ്രജിത്ത് (33), മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കിടുകിടുപ്പന്‍ വീട്ടില്‍ അബ്ബാസിന്റെ മകനായ ജൂനിയര്‍ ഓഫിസര്‍ കെ.കെ. അജ്മല്‍ (27), ഗുരുവായൂര്‍ മമ്മിയൂര്‍ മുള്ളത്ത് ലൈനില്‍ ഓടാട്ട് രാജന്റെ മകന്‍ സെക്കന്‍ഡ് ഓഫിസര്‍ റെജിന്‍ (40) എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍.

കഴിഞ്ഞ മാസം 4നാണ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഗ്രേസ് 1 എണ്ണക്കപ്പല്‍ ബ്രിട്ടന്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ചു പിടിച്ചെടുത്തത്. ഈ കപ്പല്‍ 30 ദിവസംകൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. ബ്രിട്ടന്റെ നടപടിക്കു പിന്നാലെ ബ്രിട്ടിഷ് കപ്പലായ സ്റ്റെന ഇംപറോ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ കപ്പലിലും മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 18 ഇന്ത്യക്കാര്‍ ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.