പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍; രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തെ എതിര്‍ക്കുന്നത് ചട്ട വിരുദ്ധം, സര്‍വ്വകക്ഷിയോഗത്തില്‍ നിന്നും ബിജെപി ഇറങ്ങിപ്പോയി

Sunday 29 December 2019 12:52 pm IST

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ മത വിഭാഗങ്ങളെ അണിനിരത്തി പ്രതിഷേധത്തിന് ആഹ്വാനവുമായി സംസ്ഥാന സര്‍ക്കാര്‍. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

അതേസമയം ലോക്‌സഭ, രാജ്യസഭാംഗങ്ങള്‍ പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തെ എതിര്‍ക്കുന്നതിനായി സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ബിജെപി അറിയിച്ചു. യോഗത്തിലെ മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗത്തിനു ശേഷം ഇക്കാര്യം അറിയിച്ച് ബിജെപി നേതാക്കള്‍ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി.

അതേസമയം കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസ്സില്‍ ഗവര്‍ണറെ വേദിയില്‍ വെച്ച അപമാനിച്ച സംഭവത്തില്‍ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഭരണഘടനാ വിരുദ്ധമായി തന്റെ അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രി നീക്കം നടത്തുകയാണെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. സര്‍വ്വ കക്ഷി യോഗം ആരംഭിച്ച് വിഷയത്തില്‍ പ്രതിഷേധം അറിയിച്ച ശേഷം ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോവുകയായിരുന്നു. 

അതേസമയം മതേതരത്വം സംരക്ഷിക്കുന്നതിലെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍എസ്എസ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കി. എന്‍എസ്എസ് സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുന്‍കൂട്ടി അറിയിച്ചത് സര്‍ക്കാരിനും വന്‍ തിരിച്ചടിയായി. എന്നാല്‍ കെപിസിസി പ്രസിഡന്റ മുല്ലപ്പള്ള രാമചന്ദ്രന്‍ യോഗത്തില്‍ ആദ്യം പങ്കെടുക്കില്ലെന്ന് അറിയിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി. എല്‍ഡിഎഫിന്റെ ബി ടീമായി യുഡിഎഫ് മാറിയതിന്റെ തെളിവാണ് ഇതെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. 

അതിനിടെ കക്ഷി ഭേദമില്ലാതെ ഭരണഘടനാ ലംഘനത്തിനെതിരെ അണിനിരക്കണം. പൗരത്വ നിയമ ഭേദഗതിക്കെതികെ ഒറ്റക്കെട്ടായി ഒരു കുടക്കീഴില്‍ അണിനിരന്ന് കൊണ്ടുള്ള പ്രക്ഷോഭമാണ് ആവശ്യമെന്നും എ.കെ. ബാലന്‍ പ്രതികരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.