മോദിയുടെ സൗന്ദര്യത്തിന് കാരണം തായ്‌വാന്‍ കൂണുകളെന്ന് അന്ന് പരിഹാസം; ഇന്ന് കോണ്‍ഗ്രസ് വിട്ട് മോദിക്കൊപ്പം; അല്‍പേഷ് ഠാക്കൂര്‍ കൂടി പാര്‍ട്ടി വിട്ടതോടെ ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു

Friday 19 July 2019 11:54 am IST

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളുത്ത നിറത്തിന്റേയും സൗന്ദര്യത്തിന്റേയും രഹസ്യം തായ് വാനില്‍ നിന്ന് ഇറക്കുമതി ചെയ്ത കൂണുകള്‍ കഴിക്കുന്നതാണെന്നു പരിഹസിച്ച ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഒടുവില്‍ ബിജെപിയില്‍ അഭയം തേടി. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ദവാല്‍സിന്‍ഹ് സാലയും ഠാക്കൂറിനൊപ്പം ബിജെപിയില്‍ അംഗമായിട്ടുണ്ട്. ഇതോടെ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. പട്ടേല്‍ സംവരണ സമരത്തിലൂടെയാണ് ഒബിസി നേതാവായ അല്‍പേഷ് പ്രശസ്തനാവുന്നത്. 2017 നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് അല്‍പേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ചതോടെ സംസ്ഥാന നേതൃത്വുമായി അല്‍പേഷ് അകലുകയായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയില്‍ ചേരാന്‍ അല്‍പേഷ് താക്കൂര്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്നലെ ഗുജറാത്ത് ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജിതു വഗാനി ഇരുവരേയും ഷാളണിടച്ചു പാര്‍ട്ടിലേക്ക് സ്വീകരിച്ചു. ഹാര്‍ദിക് പട്ടേലിനും ജിഗ്നേഷ് മേവാനിക്കും ഒപ്പം വലിയ വിപ്ലവ നേതാവായാണു അല്‍പേഷിനെ ചില മാധ്യമങ്ങള്‍ പുകഴ്ത്തിയിരുന്നത്. 

2017ലായിരുന്നു മോദിക്കെതിരേ അല്‍പേഷിന്റെ വിവാദ പ്രസംഗം. മോദി തന്റെ സൗന്ദര്യം സംരക്ഷിക്കാന്‍ തായ് വാനില്‍ നിന്ന് കൂണ്‍ ഇറക്കുമതി ചെയ്യുന്നു എന്നായിരുന്നു ആരോപണം. ഒരു കൂണിന് 80,000 രൂപയാണത്രെ വില. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരു്‌നനു അല്‍പേഷിന്റെ പരമാര്‍ശം. ഒരിക്കല്‍ ഒരാള്‍ എന്നോടു പറഞ്ഞു മോദി കഴിക്കുന്നതൊന്നും നിങ്ങള്‍ക്ക് കഴിക്കാനാകില്ല, പാവങ്ങളുടെ ഭക്ഷണമല്ല അത്. 80,000 രൂപ വിലയുള്ള അഞ്ചു കൂണുകള്‍ ആണ് അദ്ദേഹം ദിവസവും കഴിക്കുന്നത്. എനിക്ക് സംശയമുണ്ടായിരുന്നു മോദി എങ്ങനെ ഇത്ര വെളുത്തു എന്ന്, അദ്ദേഹം പണ്ട് എന്നെപ്പോലെ കറുപ്പായിരുന്നു എന്നും അല്‍പേഷ് പരിസഹിച്ചിരുന്നു. ഇതു വന്‍ വിവാദവും ആയിരുന്നു. അതേ അല്‍പേഷാണ് രണ്ടു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ മോദിയുടെ  നേതൃത്വത്തിലുള്ള ബിജെപിയില്‍ രാഷ്ട്രീയ അഭയം തേടി എത്തിയതെന്നും ശ്രദ്ധേയം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.