സുധീർ നീരേറ്റുപുറം രചിച്ച 'ചുട്ടുപൊളളിക്കുന്ന കണ്ണുനീര്' ആമസോൺ പ്രസിദ്ധീകരിച്ചു

Friday 3 January 2020 10:10 am IST

2008-2016 കാലഘട്ടത്തില്‍ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളായ ജന്മഭൂമി, കേസരി, ഹിന്ദുവിശ്വ, ക്ഷേത്രശക്തി, ചെങ്ങന്നൂര്‍ ഡയറി തുടങ്ങിയ വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ സമാഹാരമാണ്“ചുട്ടുപൊള്ളിക്കുന്ന കണ്ണുനീര്‍” എന്ന ഈ കൃതി. ദേശീയമായ കാഴ്ചപ്പാടുകള്‍ ബോധപൂര്‍വ്വം തമസ്‌കരിക്കുകയും, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പഥഭ്രംശം വരുത്തുന്ന തരത്തില്‍ സംഘടിതമായ പ്രചണ്ഡ കുപ്രചരണങ്ങള്‍ നടക്കുകയും ചെയ്തിരുന്ന ഒരവസരത്തില്‍ സത്യാവസ്ഥകള്‍ വ്യക്തമാക്കിക്കൊണ്ട് നിര്‍ഭയം എഴുതിയ പ്രതികരണങ്ങളാണ് ഇതിലുളളത്.

പല ലേഖനങ്ങളും ഇന്ന് അപ്രസക്തമാണെന്ന് തോന്നാമെങ്കിലും അവ പ്രസിദ്ധീകരിച്ച സമയത്ത് ദേശീയതയെ സ്‌നേഹിച്ചിരുന്നവര്‍ക്ക് വഴികാട്ടികളും കാര്യമാത്രപ്രസക്തവുമായിരുന്നു. ഇത് പ്രസിദ്ധീകരിച്ച കാലത്തെ സംഭവവികാസങ്ങളും അതിന്റെ വിവിധ വശങ്ങളും വ്യാഖ്യാനങ്ങളും സത്യാവസ്ഥയും മനസ്സിലാക്കാന്‍ ഇത് സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.

കലാ-സാംസ്‌കാരിക-രാഷ്ട്രീയ-മത-സാമൂഹിക-ദേശീയ-അന്താരാഷ്ട്ര രംഗങ്ങളിലെ വ്യത്യസ്ത വിഷയങ്ങളെ സംബന്ധിച്ചുളള ഈ കുറിപ്പുകള്‍ ഏതൊരു വായനക്കാരന്റെയും ചിന്തകളെ പ്രകമ്പനം കൊളളിക്കും. ദ്യശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങള്‍ ദേശീയവും ഹൈന്ദവവുമായ കഴ്ചപ്പാടുകളെ വികൃതവല്കരിച്ച് അനുവാചകനെ സ്വസംസ്‌കാരത്തിനോടും പാരമ്പര്യത്തോടും പൂര്‍വികരോടും മതത്തോടും ആചാരാനുഷ്ഠാനങ്ങളോടും എല്ലാം വെറുപ്പും പുച്ഛവും അപമാനബോധവും സൃഷ്ടിക്കുന്ന ഒരു ദുഷിച്ച കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രാചീനവും സംസ്‌കാരസമ്പന്നവും അമൂല്യവും വൈജ്ഞാനികവും സര്‍വ്വാശ്ലേഷിയുമായ ഒരു ശ്രേഷ്ഠസംസ്‌കാരത്തെ ഉന്മൂലനം ചെയ്യാനുളള ബൗദ്ധിക കുപ്രചരണത്തെ പ്രതിരോധിക്കാന്‍ യഥാര്‍ത്ഥ വസ്തുതകള്‍ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ഈ ഗ്രന്ഥം ചെറിയ തോതിലെങ്കിലും സഹായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

കേരളം ഇടത്-വലത് മുന്നണികളുടെ വിഹാരരംഗമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ശക്തമായ ഒരു ചെങ്കോട്ടയുമാണ്. ഇവിടുത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-കലാ-സാഹിത്യ-മാധ്യമ-സാമ്പത്തിക മേഖലകളെയെല്ലാം വലിയ അളവില്‍ നിയന്ത്രിക്കുന്നത് ഇടതുപക്ഷമാണ്. ഇവര്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ അവര്‍ തങ്ങളുടെ ശാരീരിക-രാഷ്ട്രീയ-ഭരണ-പോലീസ് സ്വാധീനങ്ങളുപയോഗിച്ച് നിഷ്‌കരുണം ചവുട്ടിയരക്കാറുണ്ട്. എതിര്‍സ്വരമുയര്‍ത്തുന്നവര്‍ ഒന്നുകില്‍ ഇവരുടെ കൊലക്കത്തിക്കിരയാക്കപ്പെടുകയോ നിശബ്ദരാക്കപ്പെടുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്യുമെന്നുളളത് നിസ്തര്‍ക്കമായ വസ്തുതയാണ്. ഇടതുപക്ഷം പുരപ്പുറത്തു കയറി പ്രഖ്യാപിക്കാറുളള ആവിഷ്‌കാര-അഭിപ്രായ-സംഘടനാ സ്വാതന്ത്ര്യങ്ങളൊക്കെ അവര്‍ക്ക് മേധാവിത്വമില്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ നടക്കാറുളളു. ഇടത് സ്വാധീന മേഖലകളില്‍ ഭിന്നാഭിപ്രായക്കാര്‍ക്ക് യാതൊരു ആവകാശാധികാരങ്ങളും ഉണ്ടാവില്ല. അവരവിടെ പാര്‍ട്ടിയുടെ മാടമ്പിത്തരത്തിനും ധാര്‍ഷ്ട്യത്തിനും ഭീഷണികള്‍ക്കും കീഴടങ്ങി അടിമകളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഇടത്-ജിഹാദി ഭീഷണ ഫാസിസ്റ്റ് ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന കേരളത്തിലെ ബൗദ്ധിക-മാധ്യമ മേഖലയില്‍ നിര്‍ഭയം ദേശീയതയുടെ പ്രതിരോധശബ്ദമുയര്‍ത്താനും; ജനങ്ങള്‍ക്ക് ബോധപൂര്‍വ്വം മറച്ചുവയ്ക്കപ്പെട്ട വളച്ചൊടിക്കപ്പെട്ട വസ്തുതകളുടെ യഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊടുക്കാനും ഈ ലേഖനങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഈ ദൗത്യം വിജയിച്ചതായി കരുതാം. 

പുസ്തകം ആമസോണിന്റെ വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായി വാങ്ങാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.