'ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടങ്ങളെ പിന്തുണയ്ക്കണം'; ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഇന്ത്യ നേരിടുന്ന ഭീഷണികള്‍ അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ചയാകണമെന്ന് അമേരിക്ക

Friday 22 November 2019 11:26 am IST

വാഷിംങ്ടണ്‍: ഭീകരതയെ ചെറുക്കാന്‍ അമേരിക്ക ഭാരതത്തെ പിന്തുണയ്ക്കണമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം ഫ്രാന്‍സിസ് റൂണി. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു റൂണി. ഇന്ത്യ നിരവധി ആഭ്യന്തര ഭീഷണികളെ അഭിമുഖീകരിക്കുന്നു. ഇസ്ലാമിക ഭീകരര്‍ നിരന്തരമായി ഭീഷണി ഉയർത്തുന്നു, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഭീകരത പടര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.   

ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഇന്ത്യ നേരിടുന്ന ഭീഷണികളെ കുറിച്ചും റൂണി ഊന്നിപ്പറഞ്ഞു. വ്യാപാര ബന്ധം, ഉഭയകക്ഷി വിദേശ വ്യാപാര നിക്ഷേപം എന്നിവയിലൂടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നത് അമേരിക്കയുടെ ആവശ്യമാണ്.. ഇന്തോ-പസഫിക് മേഖലയിലുടനീളം ചൈന തങ്ങളുടെ സ്വാധീനം ദുര്‍വിനിയോഗം ചെയ്യുകയാണ്. ഭാരതത്തിന്റെ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കാനും ഇവര്‍ ശ്രമിക്കുന്നുവെന്നും റൂണി വ്യക്തമാക്കി.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം മുഴുവന്‍ പ്രദേശങ്ങളെയും അസ്ഥിരപ്പെടുത്തുന്നുണ്ടെന്നും അന്താരാഷ്ട്ര സംഘടനകളുടെ പ്രതികരണം വളരെ മന്ദഗതിയിലാണെന്നും യുഎന്‍, ഷാങ്ഹായ് സഹകരണ സംഘടനയുടെ ബുധനാഴ്ച നടന്ന ഉന്നതതല പ്രത്യേക പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡറും ഐക്യരാഷ്ട്രസഭയുടെ സ്ഥിരം പ്രതിനിധിയുമായ സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. യുഎന്‍ നിയുക്ത ഭീകരവാദ സംഘടനകളായ ഐഎസ്ഐഎല്‍, അല്‍-ഷബാബ്, അല്‍-ക്വയ്ദ, ബോക്കോ ഹറാം, ലഷ്‌കര്‍ ഇ തോയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നിവയുടെ അതിര്‍ത്തി കടന്നുള്ള ധനസഹായം, പ്രചരണം, അംഗങ്ങളെ ചേര്‍ക്കല്‍ എന്നിവയിലൂടെ മുഴുവന്‍ പ്രദേശങ്ങളെയും അസ്ഥിരപ്പെടുത്തുന്നു.

സൈബര്‍സ്‌പേസ്, സോഷ്യല്‍ മീഡിയ എന്നിവ പോലുള്ള അന്താരാഷ്ട്ര പൊതു സ്വത്തുകളെയും ഇവര്‍ ദുരുപയോഗിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളുടെ അതിര്‍ത്തികള്‍ കടന്നുള്ള പ്രവര്‍ത്തന രീതി ഭീകരവാദത്തിനെതിരെ പോരാടുന്ന അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കടത്ത്, ആയുധ ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍, വ്യജനോട്ടുകള്‍ എന്നിവയിലൂടെ ഭീകരവാദ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതിലൂടെ ക്രിമിനല്‍ ഗ്രൂപ്പുകളും ഭീകരവാദികളും തമ്മിലുള്ള അവിശുദ്ധ ബന്ധവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.