പൗരത്വ ഭേദഗതി ബില്‍ മുസ്ലീമിനെതിരെന്ന് കുഞ്ഞാലിക്കുട്ടി; ബില്ലില്‍ മുസ്ലീം എന്നൊരു പരാമര്‍ശം പോലുമില്ലെന്ന് അമിത് ഷാ; ലോകസഭയില്‍ ബഹളം

Monday 9 December 2019 12:57 pm IST

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ മുസ്ലീമിനെതിരാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. എന്നാല്‍, ബില്ലില്‍ മുസ്ലീം എന്നൊരു പരാമര്‍ശം പോലുമില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ലോകസഭയില്‍ വ്യക്തമാക്കി. ബില്‍ ലോകസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ബില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

ബില്ലിനെതിരെ മുസ്ലിം ലീഗ് എം.പിമാര്‍ നേരത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ബില്ല് ന്യൂനപക്ഷങ്ങക്ക് എതിരല്ലെന്നും മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രാജ്യത്ത് ഭീതി പരത്താന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. നേരത്തെ പൗരത്വ ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കേ  ശിവസേന നിലപാട് മാറ്റിയിരുന്നു. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെ സമ്മര്‍ദം മൂലമാണ് ശിവസേന നിലപാട് മാറ്റിയത്. വോട്ട് ബാങ്ക് സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്ലുകൊണ്ട് ചെയ്യുന്നതെന്നും ഇത്  മതയുദ്ധത്തിന് കാരണമാകുമെന്നുമാണ് ശിവസേന നിലപാട് എടുത്തിരിക്കുന്നത്. 

ലോക്സഭയില്‍ അവതരിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഇന്നലെ ശിവസേന അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നിര്‍ദേശം തള്ളിയാണ്  പൗരത്വ ഭേദഗതിക്ക് ഇന്നലെ ശിവസേന പിന്തുണ നല്‍കിയിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ല് രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നും അതില്‍ യാതൊരുവധി ഒത്തുതീര്‍പ്പുകളും ഉണ്ടാകില്ലെന്നും ശിവസേന നേതൃത്വം ഇന്നലെ പറഞ്ഞത്. എന്നാല്‍, സോണിയയും ശരത് പവാറും നിലപാട് കടുപ്പിച്ചതോടെയാണ് ശിവസേന മലക്കം മറിഞ്ഞത്. 

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ക്രൂരപീഡനത്തിനിരയാവുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്ല് കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്നത്. ആറുപതിറ്റാണ്ട് പഴക്കമുള്ള പൗരത്വ നിയമമാണ് ഭേദഗതി ചെയ്യുന്നത്. 2014 ഡിസംബര്‍ 31ന് മുമ്പായി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നായി ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, സിഖ്, ജയിന്‍, ബൗദ്ധ, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി ബില്‍. ഇത്തരത്തിലുള്ളവരെ അനധികൃത നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കാതെ പൗരത്വം നല്‍കുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യം. പതിനൊന്നു വര്‍ഷം ഇന്ത്യയില്‍ താമസിക്കണം എന്ന വ്യവസ്ഥ അഞ്ചു വര്‍ഷമായും കുറച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.