'നരേന്ദ്ര മോദി തന്റെ ജീവിതം സമര്‍പ്പിച്ചത് രാജ്യത്തെ സേവിക്കാന്‍'; പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സേവാ സപ്താഹം ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ

Saturday 14 September 2019 11:45 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ സപ്താഹത്തിന് (സേവനവാരം) രാജ്യമെമ്പാടും തുടക്കം കുറിച്ചു. ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ നേതൃത്ത്വത്തിലെത്തിയ ദേശീയ നേതാക്കള്‍ രോഗികള്‍ക്ക് പഴങ്ങള്‍ സമ്മാനിച്ചു. ആശുപത്രി പരിസരം വൃത്തിയാക്കി അമിത് ഷാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു.

രാജ്യത്തെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജീവിതം സമര്‍പ്പിച്ചതെന്ന് സേവാ സപ്താഹം ഉദ്ഘാടനം ചെയ്ത ശേഷം അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് അധ്വാനിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കേണ്ടത് സേവന വാരമായിട്ടാണെന്നും അമിത് ഷാ വ്യക്തമാക്കി. പ്രചാരണ പരിപാടിയുടെ ഭാഗമായി മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളായ ജെ പി നദ്ദ, വിജയ് ഗോയല്‍, വിജേന്ദര്‍ ഗുപ്ത എന്നിവരും സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. സേവാ സപ്താഹം പ്രധാനമായും ശ്രദ്ധിക്കുന്നത് ശുചിത്വവും, പ്ലാസ്റ്റിക് നിയന്ത്രണവും, ജല സംരക്ഷണവുമാണെന്ന് അമിത് ഷാ ട്വീറ്റിലുടെ വ്യക്തമാക്കി.

സെപ്റ്റംബര്‍ 17 നാണ് നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനം. ജന്മദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 14 മുതല്‍ 20 വരെയാണ് ആഘോഷ പരിപാടികള്‍ നടക്കുക. ആരോഗ്യം, നേത്രപരിശോധന, രക്തദാന ക്യാമ്പുകള്‍, മറ്റ് മെഡിക്കല്‍ സംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സാമൂഹിക സംരംഭങ്ങള്‍ ഈ കാലയളവില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ, സാമൂഹ്യമേഖലയിലെ പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി എക്‌സിബിഷനുകളും ജില്ലതലങ്ങളില്‍ സംഘടിപ്പിക്കും.

സേവാ സപ്താഹത്തിന്റെ ആസൂത്രണത്തിനായി പാര്‍ട്ടി കേന്ദ്രകമ്മിറ്റി രൂപീകരിച്ചിരുന്നു. ബിജെപി നേതാവ് അവിനാശ് റായ് ഖന്നക്കാണ് പരിപാടിയുടെ മേല്‍നോട്ട ചുമതല. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, ബിജെപി ദേശീയ സെക്രട്ടറിമാരായ സുധ യാദവ്, സുനില്‍ ദിയോധര്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.