എന്‍ഐഎ ബില്‍ അവതരിപ്പിക്കുന്നതിനിടെ കൈചൂണ്ടി സംസാരിച്ച് ആഭ്യന്തരമന്ത്രി ഭയപ്പെടുത്തേണ്ടെന്ന് ഒവൈസി; താങ്കളുടെ മനസില്‍ ഭയം ഉണ്ടെങ്കില്‍ എനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന് അമിത് ഷാ

Monday 15 July 2019 9:46 pm IST

ന്യൂദല്‍ഹി:  ഭീകരത തുടച്ചുമാറ്റുകയെന്ന മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി  ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യെ ശക്തിപ്പെടുത്താനുള്ള നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി.  വിദേശ രാജ്യത്ത് ഇന്ത്യന്‍ പൗരന്മാരെയും ഇന്ത്യന്‍ താല്‍പര്യങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന ഭീകരാക്രമണങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഐഎക്ക് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ബില്‍ നിയമമായാല്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കെതിരെയും ഭീകര കേസുകളില്‍ അന്വേഷണം നടത്താന്‍ എന്‍ഐഎക്ക് സാധിക്കും.  

ചര്‍ച്ചക്കിടെ ബിജെപി എംപി സത്യപാല്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തുള്ള ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയെ ചൊടിപ്പിച്ചു. ഒരു പ്രത്യേക കേസിന്റെ അന്വേഷണം വഴി തിരിച്ചുവിട്ടില്ലെങ്കില്‍ സ്ഥലം മാറ്റുമെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണറെ സംസ്ഥാനത്തെ ഒരു നേതാവ് ഭീഷണിപ്പെടുത്തിയെന്ന സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ ഒവൈസി ബഹളമുണ്ടാക്കി. തുടര്‍ന്ന് എഴുന്നേറ്റ് ഇടപെട്ട അമിത് ഷാ, പ്രതിപക്ഷം സംസാരിച്ചപ്പോള്‍ ഭരണപക്ഷത്തുള്ളവര്‍ തടസ്സപ്പെടുത്തിയില്ലെന്നും ഇതേ മാന്യത കാണിക്കണമെന്നും ആവശ്യപ്പെട്ടു. കൈ ചൂണ്ടി സംസാരിച്ച അമിത് ഷായോട് ഭയപ്പെടുത്തേണ്ടെന്ന് ഒവൈസി പ്രതികരിച്ചു. താന്‍ ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും താങ്കളുടെ മനസില്‍ ഭയം ഉണ്ടെങ്കില്‍ തനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും അമിത് ഷാ തിരിച്ചടിച്ചു.

ഭീകരവാദത്തിനെതിരായ നിയമം ദുരുപയോഗം ചെയ്യുമെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ തള്ളിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭീകരതയുടെ വേരറുക്കുക മാത്രമാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി. മതത്തിന്റെ അടിസ്ഥാനത്തില്‍ മോദി സര്‍ക്കാര്‍ ഒരിക്കലും നിയമങ്ങള്‍ ദുരുപയോഗം ചെയ്യില്ല. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി ബില്ലിനെ പിന്തുണക്കണം. ഭിന്നതയുണ്ടാകുന്നത് തെറ്റായ സന്ദേശം നല്‍കുകയും ഭീകരര്‍ക്ക് പ്രചോദനമാവുകയും ചെയ്യും. 2004ല്‍ യുപിഎ സര്‍ക്കാര്‍ പോട്ട (ഭീകരപ്രവര്‍ത്തന നിരോധന നിയമം) പിന്‍വലിച്ചത് വോട്ട് ബാങ്ക് സംരക്ഷിക്കാനായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ ഇതിന് ശേഷം രാജ്യത്ത് ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചു. മുംബൈ ആക്രമണമുണ്ടായതോടെ ഇതേ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്‍ഐഎ രൂപീകരിക്കാന്‍ നിര്‍ബന്ധിതരായി. അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.