കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സര്‍സംഘചാലക് മോഹന്‍ ഭാഗവതും 26ന് കേരളത്തില്‍; തിരുവനന്തപുരത്ത് പരമേശ്വര്‍ജി അനുസ്മരണത്തില്‍ പങ്കെടുക്കും

Friday 14 February 2020 11:27 am IST

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും ഈ മാസം 26ന് കേരളത്തിലെത്തും. ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്ററുമായ പരമേശ്വര്‍ജിയുടെ അനുസ്മരണ ചടങ്ങിനാണ് ഇരുവരും തലസ്ഥാനത്ത് എത്തുക. 26ന് വൈകിട്ട് കവടിയാര്‍ ഉദയ്പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അനുസ്മരണചടങ്ങില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്ന് സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖര്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രിയായ ശേഷം അമിത് ഷാ ആദ്യമായാണ് കേരളത്തിലെത്തുന്നത്.

ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ 12.10നായിരുന്നു പരമേശ്വര്‍ജിയുടെ അന്ത്യം. വൈചാരിക മേഖലയില്‍ ഭാരതീയ ദര്‍ശനത്തിന്റെ ആഴവും വ്യാപ്തിയും പകര്‍ന്ന ചിന്തകനായിരുന്നു അദ്ദേഹം. 2018ല്‍ പത്മവിഭൂഷണനും 2004ല്‍ പദ്മശ്രീയും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും ദര്‍ശനങ്ങള്‍ മലയാളികളുടെ വായനക്ക് സുപരിചിതമാക്കിയ എഴുത്തുകാരനായിരുന്നു പരമേശ്വര്‍ജി.  1927 സപ്തംബറില്‍ ആലപ്പുഴ ജില്ലയിലെ മുഹമ്മയിലായിരുന്നു ജനനം. ചാരമംഗലം താമരശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും ഇളയമകനായാണ് ജനനം. തിങ്കളാഴ്ച വൈകുന്നേരം മുഹമ്മയിലെ താമരശ്ശേരി വീട്ടു വളപ്പില്‍ പരമേശ്വര്‍ജിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. 

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ഭൌതിക ദേഹത്തില്‍ സംഘടനാ പ്രവര്‍ത്തകരും അനുഭാവികളും സാംസ്‌കാരികരാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമായി ആയിരക്കണക്കിന് പേര്‍ എത്തിയിരുന്നു. . പരമേശ്വര്‍ജിയുടെ ഭൗതികദേഹം അന്ത്യദര്‍ശനത്തിനു വച്ച കൊച്ചിയിലും ആയിരങ്ങള്‍ വിട നല്‍കാനെത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.