അമിത് ഷായുടെ പ്രസ്ഥാവനയെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രിയ പാര്‍ട്ടികള്‍ മുതലെടുക്കുന്നുവെന്ന് എംഎല്‍എ ഒ രാജഗോപാല്‍

Sunday 15 September 2019 3:25 pm IST

 

തിരുവനന്തപുരം: അമിത് ഷായുടെ ഹിന്ദി ഭാഷയെ കുറിച്ചുള്ള പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രിയ പാര്‍ട്ടികള്‍ മുതലെടുക്കുന്നുവെന്ന് എംഎല്‍എ ഒ. രാജഗോപാല്‍. ഹിന്ദി  ഭാഷയ്ക്ക് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കഴിവുണ്ടെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി അമിത് ഷാ നടത്തിയ പരാമര്‍ശത്തെ വ്യാപകമായി രാഷ്ട്രീയ നേതാക്കള്‍ വളച്ചൊടിക്കാന്‍ തുടങ്ങിയതോടെയാണ് ബിജെപി എംഎല്‍എ ഇതിനെതിരെ പ്രതികരിച്ചത്. 

ഹിന്ദി ദിനത്തിലെ അമിത് ഷായുടെ പാരാമര്‍ശം വിവാദമാക്കാന്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദിയും പഠിക്കുകയാണെങ്കില്‍ അത് രാജ്യത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് അമിത് ഷാ പറഞ്ഞത്. അതിനിടയില്‍ ഷായുടേത് സംഘപരിവാര്‍ അജണ്ടയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഷയത്തില്‍ പ്രതികരിച്ചത്.

ഹിന്ദി അജണ്ട പുതിയ സംഘര്‍ഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നുമാണ് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ചെന്നിത്തലയും പറഞ്ഞു. രാജ്യത്തെ ഭാഷാഭ്രാന്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപകടകരമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.

 

എന്നാല്‍ അമിത് ഷായുടെ ഹിന്ദി പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു ഭാഷ ജനങ്ങളെ ഒന്നിപ്പിക്കുമെന്ന് ട്വീറ്റ് ചെയ്ത ആരിഫ് ഖാന്‍ രാജ്യത്തിന്റെ ഒരുമ ഹിന്ദിയിലൂടെ ശക്തിപ്പെടുത്തുമെന്നും കുറിച്ചിരുന്നു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.