ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ അഞ്ചു വയസുള്ള മകനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച് അമിത് ഷാ; അര്‍ഷാദ് അഹമ്മദിന്റെ ധീരതയില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

Thursday 27 June 2019 4:36 pm IST

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ സന്ദര്‍ശനവേളയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളുടേ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരാക്രമണത്തില്‍ മരിച്ച അര്‍ഷാദ് അഹമ്മദ് ഖാന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെയാണ് കേന്ദ്രമന്ത്രി സന്ദര്‍ശിച്ചത്. ഈ സമയം അഹമ്മദ് ഖാന്റെ മകന്‍ ഉബ്ബാന്‍ ഖാന്‍ എന്ന അഞ്ചു വയസുകാരനെ ആശ്വസിപ്പിക്കാനും കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹം സമയം കണ്ടെത്തി.

അര്‍ഷാദ് അഹമ്മദ് ഖാന്‍ വീരമൃത്യു വരിച്ചത് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും നിരവധി ജീവനുകള്‍ രക്ഷിക്കുന്നതിനുമായിരുന്നുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ധീരതയില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

അനന്തനാഗില്‍ കഴിഞ്ഞ ജൂണ്‍ 12 ന് നടന്ന ഭീകരാക്രമണത്തിലാണ് അര്‍ഷാദ് അഹമ്മദ് ഖാന്‍ വീരമൃത്യു വരിച്ചത്. അന്ത്യോപചാരം അര്‍പ്പിക്കുന്നതിനിടെ അദ്ദേഹത്തിന്റെ അഞ്ചുവയസുള്ള ഉബ്ബാന്‍ ഖാനെ എടുത്തുകൊണ്ട് സഹപ്രവര്‍ത്തകനായ പോലീസ് ഓഫീസര്‍ വിതുമ്പുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

സിആര്‍പിഎഫ് സംഘത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിനിടെയാണ് അര്‍ഷാദ് ഖാന്‍ കൊല്ലപ്പെട്ടത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്നു അദ്ദേഹത്തോടൊപ്പം അഞ്ച് സിആര്‍പിഎഫ് ജവാന്മാരും വീരമൃത്യു വരിച്ചിരുന്നു. ഗ്രനേഡ് ആക്രമണം ഉണ്ടായതോടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍നിന്ന് ഇറങ്ങിയ അദ്ദേഹത്തിനുനേരെ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു. തന്നെ വെടിവെച്ച ഭീകരരെ തിരിച്ചു വെടിവെച്ച ശേഷനാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.