മനസ്സിന്റെ നിശ്ചലത

Sunday 30 June 2019 4:01 am IST

മക്കളേ, 

മനസ്സെന്നാല്‍ ചിന്താപ്രവാഹമാണ്. ചിന്തകളൊഴിഞ്ഞ നേരം മനസ്സിനില്ല. ചില സമയത്ത് റോഡിലെ ട്രാഫിക്ക് 

കൂടുതലായിരിക്കും. മറ്റു ചില സമയങ്ങളില്‍ ട്രാഫിക് കുറവായിരിക്കും. അതുപോലെ മനസ്സില്‍  ചിന്തകള്‍  ചിലപ്പോള്‍ കുറവായിരിക്കും ചിലപ്പോള്‍ കൂടുതലായിരിക്കും. ഗാഢനിദ്രയിലൊഴികെ പൂര്‍ണ്ണമായും ചിന്തകള്‍ ഒഴിഞ്ഞ സമയം ഇല്ല എന്നുതന്നെ പറയാം.  കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് വേവലാതിപ്പെടുകയും വരാന്‍പോകുന്ന സംഭവങ്ങളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുകയും ചെയ്യുക എന്നത് മനസ്സിന്റെ സ്വഭാവമാണ്. 

ചിന്തകളെ നിയന്ത്രിക്കാത്തിടത്തോളം നമുക്ക് വര്‍ത്തമാന നിമിഷത്തില്‍ മനസ്സിനെ നിര്‍ത്താനാവില്ല. ഭാവിയെയും ഭൂതകാലത്തെയും കുറിച്ച് ചിന്തിക്കുന്നതിനിടയില്‍ നമ്മളറിയാതെ ജീവിതം കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. ചിന്തകളുടെ ഗതി വേണ്ട ദിശയില്‍ തിരിച്ചു വിടാനും, വേണ്ടാത്തപ്പോള്‍ ചിന്തിക്കാതിരിക്കാനും നമ്മള്‍ പരിശീലിക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ നിസ്സാരകാര്യങ്ങള്‍പോലും നമ്മളെ അസ്വസ്ഥരാക്കും. 

ഇതു പറയുമ്പോള്‍ ഒരു കഥ ഓര്‍ക്കുകയാണ്. മദ്ധ്യവയസ്‌കനായ ഒരാള്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അടുത്തിരുന്ന ഒരു യുവാവ് അയാളോട് ചോദിച്ചു, ''സമയം എത്രയായി?'' അതു കേട്ടമാത്രയില്‍ അയാള്‍, ''ഷട്ടപ്പ്'' എന്നു പറഞ്ഞു. ഇതു കണ്ട് മറ്റൊരു യാത്രക്കാരന്‍ ചോദിച്ചു, ''അവന്‍ സമയമല്ലേ ചോദിച്ചുള്ളൂ. അതിന് നിങ്ങള്‍ ഇത്ര ദേഷ്യപ്പെടുന്നതെന്തിനാണ്?'' അപ്പോള്‍ അയാള്‍ പറഞ്ഞു, ''ഇപ്പോള്‍ അയാള്‍ സമയം ചോദിച്ചു. ഞാന്‍ സമയം എത്രയാണെന്നു പറഞ്ഞുവെന്നുവെയ്ക്കുക. അപ്പോള്‍ അയാള്‍ കാലാവസ്ഥയെപ്പറ്റി സംസാരിച്ചു തുടങ്ങും. അതുകഴിഞ്ഞ് ഇന്നത്തെ പത്രത്തില്‍ വന്ന വിശേഷങ്ങള്‍ സംസാരിച്ചു തുടങ്ങും. പിന്നെ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കും. അല്ലെങ്കില്‍ ഒളിമ്പിക്‌സിനെ പറ്റി സംസാരിക്കും. അതിനുശേഷം എന്റെ കുടുംബാംഗങ്ങളെക്കുറിച്ചു ചോദിക്കും, 'നിങ്ങളുടെ വീട്ടില്‍ ആരൊക്കെയുണ്ട്? അവര്‍ എന്തു ചെയ്യുന്നു?' എന്നൊക്കെ. ഞാന്‍ അവന്റെ വീട്ടുകാരെപ്പറ്റി അന്വേഷിച്ചെന്നുവരാം. ക്രമേണ അവനോട് എനിക്ക് ഇഷ്ടം തോന്നാം. ഇത്രയൊക്കെ സംസാരിച്ച് പരിചയപ്പെട്ട സ്ഥിതിയ്ക്ക് ട്രെയിനില്‍നിന്ന് ഇറങ്ങുമ്പോള്‍ സാമാന്യമര്യാദയ്ക്ക് ഞാന്‍ അവനെ വീട്ടിലേയ്ക്കു ക്ഷണിച്ചെന്നിരിക്കും. ഒരു പക്ഷെ വീട്ടില്‍ ഒരു ദിവസം അവന്‍ താമസിച്ചെന്നിരിക്കും. എനിക്ക് സുന്ദരിയായ ഒരു മകളുണ്ട്. എന്റെ മകള്‍ അവനെ ഇഷ്ടപ്പെട്ടെന്നിരിക്കും. അല്ലെങ്കില്‍ അവന്‍ എന്റെ മകളെ പ്രേമിച്ചെന്നിരിക്കും. സ്വന്തമായി ഒരു വാച്ചുപോലും വാങ്ങാന്‍ ഗതിയില്ലാത്ത ഒരുവന് എന്റെ മകളെ കെട്ടിച്ചുകൊടുക്കാന്‍ ഞാന്‍ ഒരിക്കലും തയ്യാറല്ല. അതുകൊണ്ടാണ് ആദ്യമേ തന്നെ 'ഷട്ടപ്പ്' എന്നു പറഞ്ഞ് അയാളെ ഒഴിവാക്കിയത്.'' 

സമയം ചോദിച്ചാല്‍ അതിന് ഉത്തരം പറയാം, അല്ലെങ്കില്‍ മിണ്ടാതിരിക്കാം. അതിനു നമുക്കു സ്വാതന്ത്ര്യമുണ്ട്. അതിനുപകരം ഭാവിയെക്കുറിച്ച് ഇത്രയധികം ചിന്തിച്ചുകൂട്ടേണ്ട ആവശ്യമുണ്ടോ. അങ്ങനെ ചിന്തിച്ച് മനസ്സ് അസ്വസ്ഥമാക്കുന്നത് അപക്വതയുടെ ലക്ഷണമാണ്. ഈ യാത്രക്കാരന്റെ മനസ്സിന്റെ സംഘര്‍ഷം കാരണം, കൂടെ യാത്രചെയ്യുന്നവര്‍ക്കും മനഃശാന്തി നഷ്ടമായി. ആത്മീയ പരിശീലനത്തിലൂടെ മനസ്സിന്റെ മേല്‍ നിയന്ത്രണം നേടേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം എടുത്തുകാണിക്കുന്നത്. അങ്ങനെ മനസ്സിനെ ശാന്തവും  ഏകാഗ്രവുമാക്കാന്‍ ധ്യാനം ജപം മുതലായ ആത്മീയസാധനകള്‍ സഹായകമാണ്.

നമ്മള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ കാലിനോടു 'നില്‍ക്കൂ' എന്ന് മനസ്സു പറഞ്ഞാല്‍ ഉടനെ കാല്‍ ചലിക്കാതാകും. നമ്മള്‍ കൊട്ടിക്കൊണ്ടിരിക്കുമ്പോള്‍ കൈകളോടു പറയുകയാണ,് 'നിര്‍ത്തൂ'. ഉടനെ കൈകള്‍ നിര്‍ത്തും. എന്നാല്‍ മനസ്സിനോടു നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കുമോ? ഇല്ല. നിര്‍ത്താന്‍ കഴിയണം. അതിനാണ് ധ്യാനം ശീലിക്കുന്നത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ടിവിയും മറ്റും നിയന്ത്രിക്കുന്നതുപോലെ നമ്മുടെ മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ധ്യാനം സഹായകമാണ്. ആ നിശ്ചലതയില്‍ നിന്നാണ് എല്ലാ വെളിപാടുകളും ഉണ്ടാവുന്നത്. ചിത്രകാരന്മാര്‍ക്കു മനോഹരമായ ചിത്രം വരയ്ക്കാന്‍, ഹൃദയസ്പര്‍ശിയായ ഒരു കവിത എഴുതാന്‍, പരീക്ഷയ്ക്കു പഠിക്കുന്ന കുട്ടിയ്ക്ക് ശ്രദ്ധയോടെ പഠിക്കാന്‍, പരീക്ഷണശാലയില്‍ ഗവേഷണം ചെയ്യുന്ന ശാസ്ത്രജ്ഞന് പ്രപഞ്ചത്തിന്റെ നിഗൂഢതയിലേയ്ക്ക് ആഴ്ന്നിറങ്ങാന്‍, എല്ലാം ഈ നിശ്ചലത  ആവശ്യമാണ്. 

എല്ലാറ്റിനുമുപരി നമ്മുടെ ഉണ്മയെ കണ്ടെത്തുവാനും മനസ്സിന്റെ നിശ്ചലത അത്യാവശ്യമാണ്. പരമമായ ശാന്തിയും ആനന്ദവും ആ നിശ്ചലതയില്‍നിന്നുമാത്രമേ നുകരാന്‍ കഴിയുകയുള്ളു. ആ അവസ്ഥയിലേയ്ക്കുയരാന്‍ മക്കള്‍ക്കു കഴിയട്ടെ.

മാതാ അമൃതാനന്ദമയി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.