ദേശീയ പോഷകാഹാര പദ്ധതി; അങ്കണവാടികള്‍ ഡിജിറ്റലാകുന്നു

Monday 2 December 2019 10:48 pm IST

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പോഷകാഹാരത്തിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി അങ്കണവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കിയതിനു പിന്നാലെ കൂടുതല്‍ ഹൈടെക് ഉപകരണങ്ങള്‍ കൂടി ലഭിക്കും. ശിശുക്കളുടെ ഉയരം അളക്കാന്‍ ഇന്‍ഫന്റോ മീറ്ററും ഭാരമെടുക്കാന്‍ ഡിജിറ്റല്‍ സ്‌കെയിലുമാണ് ലഭ്യമാക്കുന്നത്. 

ഇത്തരം ഹൈടെക് ഉപകരണങ്ങളുമായി ശിശുക്കളുടെ ഭാരവും തൂക്കവും എടുക്കാന്‍ അങ്കണവാടി ജീവനക്കാര്‍ നേരിട്ട് വീടുകളിലെത്തും. നിലവില്‍ അങ്കണവാടികളില്‍ ഭാരവും തൂക്കവും അളക്കാന്‍ സംവിധാനമുണ്ടെങ്കിലും ജീവനക്കാര്‍ ആവശ്യപ്പെട്ടാലും രക്ഷിതാക്കള്‍ ശിശുക്കളെ എത്തിക്കാറില്ല. ഇതുമൂലം പോഷകാഹാരക്കുറവും തൂക്കവും ഉയരക്കുറവുമുള്ള ശിശുക്കളുടെ യഥാര്‍ത്ഥ കണക്ക് കിട്ടാതെ വരുന്ന സാഹചര്യമുണ്ടെന്ന് അങ്കണവാടി ജീവനക്കാര്‍ പറഞ്ഞു. 

പോഷകാഹാരക്കുറവുമൂലം കുട്ടികളിലുണ്ടാകുന്ന വളര്‍ച്ച മുരടിപ്പ്, വിളര്‍ച്ച, തൂക്കക്കുറവ് എന്നിവ പരിഹരിക്കുന്നതിന് മൂന്ന് ഘട്ടങ്ങളായിട്ടാണ് രാജ്യത്ത് പോഷകാഹാരത്തിനുള്ള ദേശീയ പദ്ധതി നടപ്പാക്കുന്നത്. 9046.17 കോടിയുടെ ബൃഹത്തായ പദ്ധതിയാണിത്. കേരളത്തില്‍ ഇത് പേര് മാറ്റി സമ്പുഷ്ട കേരളമെന്ന പേരിലാണ് നടപ്പാക്കുന്നത്. സമ്പുഷ്ട കേരളം പദ്ധതിക്കായി മുഴുവന്‍ ഫണ്ടും കേന്ദ്ര സര്‍ക്കാരാണ് ലഭ്യമാക്കുന്നത്. സ്മാര്‍ട്ട് ഫോണുകളും ഹൈടെക് ഉപകരണങ്ങളും ലഭിക്കുന്നതോടെ വിവരങ്ങള്‍ ഫീല്‍ഡില്‍ നിന്ന് അപ്പപ്പോള്‍ ലഭിക്കും. കൂടാതെ ജീവനക്കാര്‍ വീടുകളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കും. പോഷകാഹാരത്തിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി 33,000 പേര്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കിയത്. അങ്കണവാടി ജീവനക്കാര്‍ 11 രജിസ്റ്ററുകളില്‍ രേഖപ്പെടുത്തിയിരുന്ന വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണിലൂടെ രേഖപ്പെടുത്താം. കുട്ടികളുടെയും ഗര്‍ഭിണികളുടെയും മുലയൂട്ടുന്നവരുടെയും വിവരങ്ങള്‍, പ്രതിരോധ കുത്തിവയ്പ്പ് വിവരങ്ങള്‍, പോഷകാഹാര വിതരണം, കൗമാരക്കാരുടെ ആരോഗ്യ വിവരങ്ങള്‍, കുടുംബ സര്‍വെ തുടങ്ങിയ വിവരങ്ങള്‍ ഫോണില്‍ രേഖപ്പെടുത്താം. എല്ലാ ജീവനക്കാര്‍ക്കും ഫോണ്‍ ലഭ്യമാക്കിയെങ്കിലും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പരിശീലനം പൂര്‍ത്തിയായിട്ടില്ല. ഘട്ടംഘട്ടമായിട്ടാണ് പരിശീലനം പുരോഗമിക്കുന്നത്. ബിഎസ്എന്‍എല്‍ സിമ്മാണ് ഫോണില്‍ ഉപയോഗിക്കുന്നത്. ചാര്‍ജ് ചെയ്യാനുള്ള നിരക്ക് വനിത-ശിശുക്ഷേമ വകുപ്പ് നല്‍കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.