ഭൂമി ഇടപാടിന് ട്രസ്റ്റ് രൂപീകരിച്ചത് രാജ്യത്തെ കബളിപ്പിക്കാനോ

Thursday 22 February 2018 3:11 pm IST

കൊച്ചി: എറണാകുളം- അങ്കമാലി രൂപതയുടെ വിവാദ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ഭൂമി ഇടപാടിന് ട്രസ്റ്റ് രൂപീകരിച്ചത് രാജ്യത്തെ കബളിപ്പിക്കാനുള്ള ഉദ്ദേശത്തോടെയാണോയെന്ന് കോടതി ചോദിച്ചു.

ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള സഭാ വിശ്വാസികളുടെ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ സഭയുടേത് പൊതുസ്വത്തല്ല അത് സ്വകാര്യ സ്വത്താണാണ്, ഇടപാടില്‍ നഷ്ടമുണ്ടായാല്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാന്‍ അധികാരമില്ല എന്ന നിലപാടാണ് മാര്‍ ആലഞ്ചേരിയുടെ അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നത്. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ആദായ നികുതി രസീതുകളും പാന്‍‌കാര്‍ഡ് രേഖകളും കോടതിയിലെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്തിനാണ് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രകാരം രജിസ്ട്രേഷന്‍ നേടിയതെന്ന് കോടതി ആരാഞ്ഞത്. 

നികുതി ഇളവിന് വേണ്ടിയാണ് ഇത്തരമൊരു രജിസ്ട്രേഷന്‍ എടുത്തതെന്നാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ അഭിഭാഷകന്‍ മറുപടി നല്‍കി. ഇതോടെയാണ് രാജ്യത്തെ കബളിപ്പിക്കാനാണോ ഇത്തരമൊരു രജിസ്ട്രേഷന്‍ എടുത്തതെന്ന് കോടതിയുടെ ഭാഗത്തുനിന്ന് ചോദ്യമുണ്ടായത്. നികുതി ഇളവ് ലഭിക്കുന്നതിനായി ഭൂമി ഇടപാടിന് വേണ്ടി മാത്രമായി ട്രസ്റ്റ് രൂപീകരിച്ചത് രാജ്യത്തെ കബളിപ്പിച്ചതിന് തുല്യമാണെന്ന രീതിയിലേക്ക് മാറുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ അഭിഭാഷകന്റെ വാദമാണ് കോടതിയില്‍ നടക്കുന്നത്. ഭൂമി ഇടപാട് സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെതിരെയാണ് കോടതിയില്‍ ഹര്‍ജിയെത്തിയത്. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കേസെടുക്കാന്‍ പോലീസിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.