ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയതും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി; അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ് ഇടിക്കാന്‍ ഗൂഢാലോചന നടത്തി; വെളിപ്പെടുത്തലുമായി റോ ഉദ്യോഗസ്ഥന്‍

Tuesday 16 July 2019 12:13 pm IST

ന്യൂദല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്തതിനു പിന്നിലും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കൈകളെന്ന് ആരോപണം. മുന്‍ റോ(റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍.കെ. സൂഡ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. 

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി 1990- 92 കാലയളവില്‍  ഇറാനില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി ഇരുന്നപ്പോള്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി ആരോപണം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടപടി സ്വീകരിക്കണമെന്നും അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൂഡ് രംഗതെത്തിയിരിക്കുന്നത്. 

ഐസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയതിനു പിന്നില്‍ രതന്‍ സേഹ്ഗള്‍ ആയിരുന്നു. അന്‍സാരിയുടെ അടുത്ത സുഹൃത്തായിരുന്നു സേഹ്ഗള്‍. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ നിലവാരം ഇടിയുന്നതിന് മനപ്പൂര്‍വ്വമായി അന്‍സാരിയുടെ പങ്കാളിത്തത്തോടെ സേഹ്ഗള്‍ നമ്പി നാരായണനെ കേസില്‍ പ്രതിയാക്കിയതാണ്. അതിനുശേഷം നമ്പി നാരായാണന്‍ ഇതിനെതിരെ നിയമ പോരാട്ടം നടത്തുകയും, ഇത് തെളിഞ്ഞതോടെ സുപ്രീംകോടതി കേസില്‍ കുറ്റവിമുക്തമാക്കുകയും ചെയ്തു. 

ഇന്ത്യയുടെ വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്ക് വിവരങ്ങള്‍ കൈമാറിയതിന് സേഹ്ഗള്‍ പിടിയിലായിട്ടുമുണ്ട്. സൈഹ്ഗളിനെ ഉപയോഗിച്ച് അന്‍സാരി ഇറാനിലെ റോ ഉദ്യോഗസ്ഥരെ പലപ്പോഴും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ അമേരിക്കയിലേക്ക് ചേക്കേറി അവിടെ സുഖമായി കുടുംബവുമൊത്ത് താമസിക്കുകയാണ്. 

ഇറാനില്‍ റോ ഉദ്യോഗസ്ഥര്‍ പിടിയില്‍ ആകുമ്പോഴും ഇവരെ ശിക്ഷയ്ക്കു വിധിക്കുന്നതിനു പിന്നിലും അന്‍സാരിയുടെ കൈകളുണ്ടെന്നും സൂഡ് ആരോപിച്ചു. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി എന്ന നിലയില്‍ ഉദ്യോഗസ്ഥരെ കാണാതാവുമ്പോള്‍ അധികൃതരെ അറിയിച്ച് വേണ്ട നടപടി സ്വീകരിക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണ്. എന്നാല്‍ ഇക്കാലയളവില്‍ ഉദ്യോഗസ്ഥര്‍ക്കായി ഒന്നും അന്‍സാരിയുടെ ഭാഗത്തു നിന്ന് ചെയ്തിട്ടില്ല. മറിച്ച് രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ഇറാന് ചോര്‍ത്തി നല്‍കാനും ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തില്‍ ആക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. 

റോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സന്ദീപ് കപൂറിനെ ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ തട്ടിക്കൊണ്ടു പോയ സംഭവം മുന്നു ദിവസത്തേയ്ക്ക് അന്‍സാരി പരിഗണിച്ചതുപോലുമില്ലെന്നും സൂഡ് കുറ്റപ്പെടുത്തി. പകരം കപൂര്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ ഓഫീസിലേക്ക് നോട്ട് എഴുതി കൈമലര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. അതിനുശേഷം രണ്ടാമതൊരാളെ കൂടി കാണാതായതോടെ കാണ്മാനില്ലെന്ന് ഒരു പരാതി മാത്രം നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് താന്‍ ഇന്ത്യയിലുള്ള സുഹൃത്ത് ആര്‍.കെ. യാദവിനെ അറിയിക്കുകയും അദ്ദേഹം അടല്‍ ബിഹാരി വാജ്‌പേയുടെ ശ്രദ്ധയില്‍ ഇത് പെടുത്തുകയും ചെയ്തു. പിന്നീട് വാജ്‌പേയിയാണ് അന്നത്തെ പ്രധാനമന്ത്രിയായ പി.വി. നരസിംഹ റാവുവിനെ ഇക്കാര്യം ധരിപ്പിക്കുകയും, ഇറാന്‍ അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ട് കപൂറിനെ മോചിപ്പിക്കുകയായിരുന്നു. 

ഇവയെല്ലാം ഇതിനുമുമ്പുണ്ടായ സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇക്കാര്യം അറിയിച്ച് അന്‍സാരിക്കെതിരെ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ താന്‍ ഒരുപാട് ബഹുമാനിച്ചിരുന്നു. രാജ്യത്തെ എല്ലാ ജനങ്ങളേയും ഏകോപിപ്പിച്ചു നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു വരുന്ന നടപടികള്‍ സ്തുത്യര്‍ഹമാണ്. അന്‍സാരിയെ പോലൊരു നേതാവിന്റെ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മോദിക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തെ സമീപിക്കുന്നതെന്നും സൂഡ് അറിയിച്ചു. 

ഒരു തവണ ടെഹ്‌റാനില്‍ കാണാതായ റോ ഉദ്യോഗസ്ഥര്‍ക്കായി അവരുടെ ഭാര്യമാര്‍ അന്‍സാരിയെക്കണ്ട് പരാതി ബോധിപ്പിച്ചപ്പോള്‍ ഉദ്യാഗസ്ഥന്മാരുടെ ഭാര്യമാര്‍ അപമര്യാദയായി പെരുമാറി എന്ന് ചൂണ്ടിക്കാട്ടി അവര്‍ക്കെല്ലാം തിരിച്ച് നോട്ടീസ് അയച്ചു. തുടര്‍ന്ന് ഒരു ദിവസം അന്‍സാരിയുമായി കൂടിക്കാഴ്ച്ച നടത്തി ഒരുതവണ പോലും തന്റെ ഭാര്യയും താങ്കളും കണ്ടിട്ടില്ല, പിന്നെ എന്തിന് ഭാര്യയ്‌ക്കെതിരെ ഇത്തരത്തില്‍ പരാതി ഉന്നയിച്ചെന്ന് ഇക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി മൗനമായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന് ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ ആരെങ്കിലും നേരിട്ടു കണ്ട് അറിയിച്ചാല്‍ നോക്കി വേണ്ടത് ചെയ്യാമെന്ന ഒഴുക്കന്‍ മറുപടി നല്‍കി അവരെ തിരിച്ചയയ്ക്കുന്ന അദ്ദേഹത്തിന്റെ സ്ഥിരം നടപടി ഒഴിവാക്കുന്നതിനായി സ്വയം കണ്ടെത്തിയതായിരുന്നു ഭാര്യമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ആ നോട്ടീസ് നല്‍കല്‍. 

അന്‍സാരി എന്ന വ്യക്തി ഉന്നത ഉദ്യോഗസ്ഥരെ കൈയ്യില്‍ എടുത്ത് കാര്യങ്ങള്‍ കാണാനും മിടുക്കനാണ്. ഇറാനില്‍ നിന്നും ഇന്ത്യയിലെത്തുമ്പോള്‍ പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കും എന്നും സമ്മാനങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. ഇതിനായി ഇറാനില്‍ നിന്നും ഡ്രൈഫ്രൂട്‌സ് ഉള്‍പ്പടെ നിരവധി സാധനങ്ങള്‍ മന്ത്രിമാരേയും മറ്റ് ഉന്നതരേയും സന്തോഷിപ്പിക്കാനായി നല്‍കിയിരുന്നു. ഇതിലൂടെ നല്ല വ്യക്തി എന്ന പ്രതിച്ഛായ അന്‍സാരി എന്നും നിലനിര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തില്‍ ഒളിഞ്ഞിരുന്ന ക്രൂരമുഖം കണ്ടെത്താന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിരുന്നില്ലെന്നും സൂഡ് കൂട്ടിച്ചേര്‍ത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.