ആന്തൂരില്‍ തെളിയുന്നത് സിപിഎം ഭരണത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ചുവപ്പ് നാട

Thursday 20 June 2019 7:38 am IST

കണ്ണൂര്‍: കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവം വിരല്‍ ചൂണ്ടുന്നത് സിപിഎം ഭരണത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ചുവപ്പുനാടയിലേക്ക്. ദിനംപ്രതി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്ന സാധാരണക്കാരായ ജനങ്ങള്‍ ഉള്‍പ്പെടെ അനുവഭിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് സാജന് നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടായ ദുരവസ്ഥ. 

വായ്പ വാങ്ങി വീട്‌വെയ്ക്കാനിറങ്ങുന്ന സാധാരണക്കാരടക്കമുളളവര്‍ കെട്ടിട നിര്‍മ്മാണ അനുമതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി അപേക്ഷ നല്‍കുന്നത് മുതല്‍ കെട്ടിട നമ്പര്‍ ലഭിക്കുന്നത് വരെ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും നിരവധി തവണയാണ് കയറിയിറങ്ങേണ്ടി വരുന്നത്. കെട്ടിട നിര്‍മ്മാണ അനുമതിക്കും വീട്ട് നമ്പറിനും വരുമാന സര്‍ട്ടിഫിക്കറ്റിനും ലോക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും കൈവശ സര്‍ട്ടിഫിക്കറ്റിനും മറ്റുമായി ഓഫീസുകളിലെത്തുന്ന ജനങ്ങളെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മടക്കിയയക്കുന്നത് പല സര്‍ക്കാര്‍ ഓഫീസുകളിലും ഇപ്പോഴും പതിവാണ്. 

അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ മുപ്പത് ദിവസം വരെ സമയമുണ്ടെന്ന വാദം പോലും പല ഉദ്യോഗസ്ഥരും പാവപ്പെട്ട ജനങ്ങളോട് ഉയര്‍ത്താറുണ്ട്. പൊതു ഖജനാവില്‍ നിന്നുളള നികുതിപ്പണം ശമ്പളമായി പറ്റി ജന സേവകരാകേണ്ട ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ജനങ്ങളെ കഷ്ടപ്പെടുത്തുന്ന സ്ഥിതി പല ഓഫീസുകളിലും നിലവിലുണ്ട്. വ്യവസായിയുടെ ആത്മഹത്യയെങ്കിലും ഇത്തരക്കാര്‍ക്ക് പാഠമാകണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. 

സിപിഎം ഭരണം നടത്തുന്ന പല തദ്ദേശ സ്ഥാപനങ്ങളിലും ജനപ്രതിനിധികളടക്കം ഇടപെട്ട് കക്ഷിരാഷ്ട്രീയം നോക്കി  സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും ലൈസന്‍സുകള്‍ നല്‍കുന്നതും തടഞ്ഞുവെയ്ക്കുന്നതായ പരാതിയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമാണ്. നിസ്സാര സേവനങ്ങള്‍ക്കു പോലും പണം കൈക്കൂലിയായി ആവശ്യപ്പെടുന്ന പ്രവണതയും വ്യാപകമാണെന്ന പരാതിയുണ്ട്. എന്നാല്‍ കാര്യസാധ്യത്തിനായി പണം നല്‍കുന്നവര്‍ പലപ്പോഴും ഇക്കാര്യങ്ങള്‍ പുറത്തു പറയാന്‍ മടിക്കുകയാണ്. നിസ്സാര കാരണങ്ങള്‍ പറഞ്ഞു ഫയല്‍ പിടിച്ചുവെക്കുകയാണെന്ന് കഴിഞ്ഞദിവസം മരിച്ച സാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. എന്താണ് ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.