ഒരു ശിഷ്യയുടെ ആത്മസമര്‍പ്പണം

Sunday 11 August 2019 5:32 am IST

''ഇത് ഗുരുവിനുള്ള ആദരവാണ്, ഗുരുപൂജയാണ്'' കുച്ചിപ്പുടി ആചാര്യനായിരുന്ന വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യയും കുച്ചിപ്പുടി നര്‍ത്തകിയും അദ്ധ്യാപികയുമായ അനുപമ മോഹന്റെ വാക്കുകളാണിത്. ഗുരുവിന്റെ സ്മരണക്കായി കഴിഞ്ഞ ഏഴു വര്‍ഷമായി ഗുരുസ്മരണാഞ്ജലി നൃത്തോത്സവം നടത്തുകയാണ് ഈ ശിഷ്യ.

എട്ടാം വയസ്സില്‍ ആന്ധ്രയിലെ നെല്ലൂരിലെ വീട് വിട്ട് അനുപമ ചെന്നൈയിലെ കുച്ചിപ്പുടി ആര്‍ട്‌സ് അക്കാദമി വെമ്പട്ടി ചിന്നസത്യത്തിന്റെ അരികിലെത്തി. പിന്നീട് നീണ്ട 16 വര്‍ഷത്തെ ഗുരുകുല വിദ്യാഭ്യാസം. 4-ാം വയസ്സില്‍ കോട്ട സുബ്രഹ്മണ്യ ശാസ്ത്രികളുടെ കീഴിലാണ് കുച്ചിപ്പുടിയുടെ ആദ്യക്ഷരം തുടങ്ങിയത്. പിന്നീട് അതിന്റെ അനന്തവിഹായസ്സിലേയ്ക്ക് എത്തിച്ചത് മാസ്റ്ററാണ്.

ഗുരുവിനെക്കുറിച്ച്...

അച്ഛന്‍, അമ്മ... അവരേക്കാളും കൂടുതല്‍ അടുപ്പം മാസ്റ്ററിനോടായിരുന്നു, കാരണം അവര്‍ക്കൊപ്പം കഴിഞ്ഞതിലും കൂടുതല്‍ കാലം ഗുരുവിനൊപ്പം തന്നെയായിരുന്നത് തന്നെ. ഗുരുവിന്റെ ശാസനപോലും സ്‌നേഹത്തോടെയായിരുന്നു. കുടുംബത്തിലെ ഒരു അംഗത്തോടെന്ന പോലെയാണ് ഓരോ ശിഷ്യരോടും പെരുമാറിയിരുന്നത്.  ഒരിക്കലും ശിക്ഷിച്ചിട്ടില്ല, തെറ്റ് ചെയ്താല്‍ തമാശ രൂപേണ പറഞ്ഞ് ആ തെറ്റ് തിരുത്തിത്തരും. അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ ഉള്‍പ്പെടാനായത് ഏറ്റവും വലിയ ഭാഗ്യമാണ്. ഗുരുവിനെ നേരില്‍ കൊണ്ടുവന്ന് ആദരിക്കണമെന്നായിരുന്നു ആഗ്രഹം.

അദ്ദേഹത്തിന്റെ അസുഖം അതിന് തടസ്സമായി. പിന്നീട് അദ്ദേഹത്തിന്റെ മരണവും...  മാസ്റ്ററുടെ ഓര്‍മ്മയ്ക്കുവേണ്ടിയാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്. ആദ്യവര്‍ഷം കുച്ചിപ്പുടി മാത്രമായിരുന്നു, രണ്ടാമത്തെ വര്‍ഷമാണ് മറ്റ് ഡാന്‍സ് ഫോമുകളും ഉള്‍പ്പെടുത്തിയത്. അതിന് കാരണം, എല്ലാത്തിനേയും ഒരുപോലെ കാണണമെന്നാണ് ഗുരു പഠിപ്പിച്ചത്. അദ്ദേഹം നിരവധി വേദികളില്‍ ജുഗല്‍ബന്ദികള്‍ ചെയ്തിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ച് കഥക്, ഒഡ്ഡീസി, മോഹിനിയാട്ടം, ഭരതനാട്യം എല്ലാം ഉള്‍പ്പെടുത്തി. കുച്ചിപ്പുടിക്ക് ഇപ്പോഴുള്ള രൂപം നല്‍കിയത് അദ്ദേഹമാണ്. 

ഗുരുകുല വിദ്യാഭ്യാസം

ഗുരുകുല വിദ്യാഭ്യാസത്തിന് ധാരാളം മേന്മകളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഗുരുശിഷ്യ ആത്മബന്ധം. ഇന്നത് ഇല്ലെന്ന് തന്നെ പറയാം. ഒരു അസുഖം വന്നാല്‍ ഡോക്ടറുടെ അടുത്തുപോയി മരുന്ന് വാങ്ങി തിരിച്ചുപോരുന്നപോലെയാണിപ്പോള്‍. ടീച്ചര്‍ പഠിപ്പിക്കുന്നു, അതിന് ഫീസ് നല്‍കുന്നു എന്ന ആറ്റിറ്റിയൂഡാണ് പലര്‍ക്കും. പല കുട്ടികള്‍ക്കും ഒറ്റയ്ക്ക് പഠിക്കുന്നതാണിഷ്ടം. എന്നാല്‍ ഗുരുകുല വിദ്യാഭ്യാസത്തിന് ധാരാളം നിരീക്ഷണത്തിനുള്ള അവസരമുണ്ട്. പഠിക്കുന്നതില്‍ 50 ശതമാനം നിരീക്ഷണത്തിലൂടെ ലഭിക്കുന്നതാണ്. ബാക്കിയുള്ളത് അല്ലാതെയും. ഇപ്പോഴത്തെ അവസ്ഥയില്‍ ഗുരുവും ശിഷ്യനും മാത്രമാകുമ്പോള്‍ നിരീക്ഷണം നഷ്ടമാകുന്നു. ഓരോ ഭാവവും ഓരോ കുട്ടിയും വ്യത്യസ്ത രീതിയിലാകും അഭിനയിക്കുന്നത്. അതിന്റെ പല തലങ്ങള്‍ ഗുരുകുലവിദ്യാഭ്യാസത്തിലൂടെ കിട്ടുന്നു. 

മാസ്റ്റര്‍ ഒരിക്കലും തിയറി ക്ലാസുകള്‍ക്ക് ബുക്കുകള്‍ നല്‍കിയിരുന്നില്ല, ഓരോ ജതികളും കേട്ട് പഠിക്കണമെന്നായിരുന്നു മാസ്റ്ററുടെ ശൈലി. കേട്ടും കണ്ടും ചൊല്ലിയും അത് മനഃപാഠമാക്കിയാണ് ഞങ്ങള്‍ പഠിച്ചിട്ടുള്ളത്. അച്ചടക്കത്തോടെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജീവിക്കാന്‍ ഓരോ ശിഷ്യരെയും അദ്ദേഹം പ്രപ്തരാക്കിയിരുന്നു. 

മാസ്റ്റര്‍ കോറിയോഗ്രാഫി ചെയ്യുമ്പോള്‍ അതില്‍ ആര്‍ട്ടിസ്റ്റായി നില്‍ക്കാനായത് തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. അതിലൂടെ മാസ്റ്ററുടെ കൊറിയോഗ്രാഫി ടെക്‌നിക്‌സ് മനസ്സിലാക്കാനും കഴിഞ്ഞു. അന്ന് അങ്ങനെ നിന്നതിന്റെ ഫലമാണ്, ഇന്ന് എനിക്ക് അല്പമെങ്കിലും കൊറിയോഗ്രാഫി ചെയ്യാന്‍ കഴിയുന്നതെന്ന് വിശ്വസിക്കുന്നു. 

നന്നെ ചെറുപ്പത്തില്‍ തന്നെ പ്രശസ്ത നര്‍ത്തകരെ എനിക്ക് പഠിപ്പിക്കാന്‍ കഴിഞ്ഞതും ഗുരുകുലവിദ്യാഭ്യാസത്തില്‍നിന്ന് കിട്ടിയ അനുഗ്രഹമാണ്. രണ്ട്, മൂന്ന് മാസത്തെ ക്ലാസുകള്‍ക്കായി പലരും അക്കാദമിയില്‍ എത്തുമ്പോള്‍ അവരെ പഠിപ്പിക്കാന്‍ മാസ്റ്റര്‍ എന്നെ ചുമതലപ്പെടുത്തിയിരുന്നു. എന്റെ 13-ാം വയസ്സിലാണ് കലാമണ്ഡലം ക്ഷേമാവതിയെ കുച്ചിപ്പുടി പഠിപ്പിച്ചത്. കൂടാതെ മാസ്റ്ററുടെ ഒട്ടേറെ ബാലെകളില്‍ അദ്ദേഹത്തിനൊപ്പം വേദിയില്‍ എത്താനായി. 

നൃത്തോത്സവം

ഏഴ് വര്‍ഷമായി നടത്തുന്ന പരിപാടിയില്‍ ഇതുവരെയും രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുത്തിട്ടുണ്ട്. ഇനിയും വിവിധതരം ഡാന്‍സ് ഫോമുകള്‍ നൃത്തോത്സവത്തില്‍ ഉള്‍പ്പെടുത്തണമെന്നുണ്ട്. 

എന്റെ ശിഷ്യരില്‍നിന്നുള്ള ഗുരുദക്ഷിണയില്‍ നിന്നാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത്. 

നൃത്താദ്ധ്യാപനം

ഞാന്‍ ഒരു പെര്‍ഫോമറും അതോടൊപ്പം അധ്യാപികയുമായാണ്. സത്യാഞ്ജലി സ്‌കൂള്‍ ഓഫ് കുച്ചിപ്പുടി ഡാന്‍സ് എന്ന പോരില്‍ കൊച്ചി, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലായി ക്ലാസുകള്‍ നടത്തുന്നുണ്ട്.

യുവതലമുറയ്ക്ക് നൃത്തത്തെക്കുറിച്ച് തെറ്റായ ധാരണകളുണ്ട്. നൃത്തം ഒരു പ്രൊഫഷനാക്കണമെന്ന് ആഗ്രഹിക്കുന്ന കുട്ടികളും തന്റെ ശിഷ്യഗണത്തിലുണ്ട്. മത്സരവേദികളില്‍ കുച്ചിപ്പുടിക്ക് മലയാളം കൃതികള്‍ ഉപയോഗിക്കുന്നതിലും നല്ലത് തെലുങ്കോ, സംസ്‌കൃതമോ ഉപയോഗിക്കുന്നതാണ്. കുച്ചിപ്പുടിയുടെ തനത് ശൈലിയാണ് കുട്ടികളെ അഭ്യസിപ്പിക്കുന്നത്. ഛത്തിസ്ഗഡ്, തെലുങ്കു സര്‍വ്വകലാശാലകളില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ക്ലാസുകളെടുക്കുന്നുണ്ട്. സത്യാഞ്ജലി സ്‌കൂള്‍ ഓഫ് കുച്ചിപ്പുടിയില്‍ തന്നെയാണ് ക്ലാസുകളും.

ഗുരുസ്മരണയ്ക്കായുള്ള പുരസ്‌കാരം

ഇതുവരെയും എട്ട് പേര്‍ക്ക് പുരസ്‌കാരം നല്‍കി. സൂര്യാ കൃഷ്ണമൂര്‍ത്തി, ശോഭാ നായിഡു, മഞ്ജു ഭാര്‍ഗവി, പത്മശ്രീ ഗോപാല്‍ പ്രസാദ് ദുപെ, കലാമണ്ഡലം ക്ഷേമാവതി, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കലാമണ്ഡലം ഗോപി ആശാന്‍, കലാക്ഷേത്ര വിലാസിനി എന്നിവര്‍ക്കാണ് നല്‍കിയിരിക്കുന്നത്. 

കുടുംബം

പഴയകാല സിനിമാ സംവിധായകന്‍ മോഹനാണ് ഭര്‍ത്താവ്. കഴിഞ്ഞ 20 വര്‍ഷമായി കുടുംബത്തോടൊപ്പം കൊച്ചിയില്‍ താമസിക്കുന്നു. മക്കള്‍: പുരേന്ദര്‍, ഉപേന്ദര്‍.

drisyauthaman@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.