അനുപ്രിയ മധുമിത ലക്ര ജീതത്തിലെ ഏറ്റവും വലിയ ആഗ്രഹം കീഴടക്കി; വിമാനം പറപ്പിക്കാനൊരുങ്ങി രാജ്യത്തെ ആദ്യ വനവാസി വനിതാ പൈലറ്റ്

Tuesday 10 September 2019 2:05 pm IST

ഭുവനേശ്വര്‍: രാജ്യത്തെ വനവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ പൈലറ്റായി അനുപ്രിയ മധുമിത ലക്ര. ഒഡീഷയിലെ മല്‍കാന്‍ഗിരി സ്വദേശിയാണ് ഇരുപത്തിയേഴ് വയസുള്ള മധുമിത. മധുമിതയുടെ ജീതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായത്. കുടുംബം മാത്രമല്ല ഒഡീഷ മുഴുവനും അവളില്‍ അഭിമാനം കൊള്ളുന്നു, മധുമിതയുടെ അച്ഛന്‍ മല്‍കാന്‍ഗിരി ജില്ലയിലെ പോലീസ് കോണ്‍സ്റ്റബിള്‍ മരിന്യാസ് ലക്ര പറഞ്ഞു. ജിമാജ് യശ്മിന്‍ ലക്രയാണ് മധുമിതയുടെ അമ്മ.

മധുമിതയെ പൈലറ്റ് ട്രെയിനിങ്ങിനയയ്ക്കാനുള്ള പണം കണ്ടെത്തുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. വായ്പയെടുത്തും ബന്ധുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് പഠിപ്പിച്ചത്. അവള്‍ ആഗ്രഹിച്ച മേഖലയില്‍ തന്നെ എത്തണമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു മധുമിതയുടെ അച്ഛന്‍ പറഞ്ഞു.വളര്‍ന്ന ചുറ്റുപാടുകള്‍ മോശമായിരുന്നെങ്കിലും വലിയ സ്വപ്നങ്ങള്‍ കാണുന്നതില്‍ നിന്ന് അത് അവളെ പിന്തിരിപ്പിച്ചില്ല. അവള്‍ സ്വപ്നം കണ്ടിടത്തു തന്നെ എത്തിയതില്‍ വളരെയധികം സന്തോഷം. എല്ലാ പെണ്‍കുട്ടികള്‍ക്കും തങ്ങളുടെ മകള്‍ പ്രചോദനമാകട്ടെ. രക്ഷിതാക്കളെല്ലാവരും അവരുടെ പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കണം, മധുമിതയുടെ അമ്മ പറഞ്ഞു.

മല്‍കാന്‍ഗിരിയിലെ വളരെ പഴക്കം ചെന്ന വീട്ടില്‍ ഭര്‍ത്താവിനും മകനുമൊപ്പമാണ് മധുമിത താമസിക്കുന്നത്. മധുമിതയ്ക്ക് അഭിന്ദനങ്ങള്‍ അറിയിക്കാനായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പത്രസമ്മേളനം നടത്തി. നേട്ടത്തില്‍ വളരെയധികം സന്തോഷിക്കുന്നു. പെണ്‍കുട്ടികള്‍ അവര്‍ മാതൃകയാണ്, അദ്ദേഹം പറഞ്ഞു. മധുമിതയുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് ഒഡീഷ ആദിവാസി കല്യാണ്‍ മഹാസംഘ് പ്രസിഡന്റ് നിരഞ്ജന്‍ ബിസി അറിയിച്ചു.

മല്‍കാന്‍ഗിരി ജില്ലയിലാണ് അനുപ്രിയ മധുമിത ലക്ര ജനിച്ചതും വളര്‍ന്നതും. മല്‍കാന്‍ഗിരിയിലെ മിഷണറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊരപൂട്ട് ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മധുമിത, 2012ല്‍ ഭുവനേശ്വറിലെ എഞ്ചിനീയറിങ് കോളേജില്‍ പഠനം ആരംഭിച്ചു. എന്നാല്‍, ഇടയ്ക്ക് പഠനം അവസാനിപ്പിച്ച് ഭുവനേശ്വറിലെ സര്‍ക്കാര്‍ എവിയേഷന്‍ കോളേജില്‍ ചേര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.