ആരായിരുന്നു ആ ഡോ. ദാമോദരന്‍

Monday 2 September 2019 2:47 pm IST

 

താനും ദിവസങ്ങള്‍ക്കു മുന്‍പ് ദല്‍ഹി സര്‍വകലാശാലയുടെയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെയും വളപ്പുകളില്‍ ലോകമാന്യതിലകന്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, സ്വാതന്ത്ര്യവീര വിനായക ദാമോദര സാവര്‍ക്കര്‍ എന്നിവരുടെ പ്രതിമകള്‍ അനാവരണം ചെയ്യാനായി സ്ഥാപിച്ച് തുണികൊണ്ട്  മൂടിയിട്ടതായ വാര്‍ത്ത പത്രങ്ങളില്‍ വായിച്ചു. ഒരു വീദ്യാപീഠത്തില്‍ സ്ഥാപിക്കപ്പെടാന്‍ എന്തുകൊണ്ടും അര്‍ഹമായിരുന്നു മൂന്ന് സ്വാതന്ത്ര്യസേനാനികളുടെയും പ്രതിമകള്‍. ദേശീയരംഗത്തും സ്വാതന്ത്ര്യസമരത്തിലും അക്കാദമികമായും അവരുടെ സംഭാവനകള്‍ക്ക് സമാനതകളില്ല. ഓരോ ആളും സ്വന്തം സാഹസിക കൃത്യങ്ങള്‍ക്ക് കാര്യാഗൃഹവാസവും നാടുകടത്തലും അനുഭവിച്ചവരായിരുന്നു. തിലകന്‍ ആറുവര്‍ഷത്തേക്ക് നാടുകടത്തപ്പെട്ട് ബര്‍മയിലെ മാണ്ടലേ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നു. ആ കാരാഗൃഹവാസം ലോകപ്രസിദ്ധമായ അത്യുത്തമ ധാര്‍മിക സാഹിത്യ, ശാസ്ത്രീയ കൃതികള്‍ രചിക്കാന്‍ അദ്ദേഹത്തിനവസരം നല്‍കി. ആര്‍ട്ടിക് ഹോം ഓഫ് വേദാസ്, ഗീതാരഹസ്യം തുടങ്ങിയ ആ കൃതികള്‍ ഏതു വിശ്വസാഹിത്യകൃതിയേയും കവച്ചുവെയ്ക്കുന്ന മാഹാത്മ്യം ഉള്ളവയാണ്. ഇന്ത്യന്‍ അസ്വസ്ഥതയുടെ പിതാവ് എന്ന 'ബഹുമതി' ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. അതല്ലായിരുന്നെങ്കില്‍ നൊബേല്‍ പുരസ്‌കാരം പോലും തേടിയെത്തിയേനെ. മഹാത്മാഗാന്ധിയെ സമാധാന നൊബേല്‍ സമ്മാനത്തിന് പരിഗണിക്കാത്തതിനു കാരണം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ 'ഒറ്റയാള്‍പ്പട്ടാള'മായി പൊരുതിയതായിരുന്നുവെന്ന് ആര്‍ക്കാണറിയാത്തത്?

നേതാജി സുഭാഷ് ചന്ദ്രബോസിനോട് എതിര്‍പ്പ് മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മാത്രമേ ഉണ്ടായിരിക്കയുള്ളൂ. ബോസിനെതിരായി 1942 കാലത്ത് കമ്യൂണിസ്റ്റുകാരുടെ ആക്ഷേപം തന്നെ ''നമ്മുടെ നേതാവല്ലീ ചെറ്റ, ജപ്പാന്‍കാരുടെ കാല്‍നക്കി'' എന്നും, അദ്ദേഹത്തിന്റെ സിഎസ്പിയെപ്പറ്റി ''ഇവാരണത്രേ സിഎസ്പിക്കാര്‍ ജാപ്പേജന്റുന്മാര്‍, ഇവരാണഞ്ചാംപത്തിത്തലവന്‍ ബോസിന്‍ കൂട്ടക്കാര്‍'' എന്നുമായിരുന്നു.

ഏതായാലും ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സംഘടനകള്‍ മൂന്നു പ്രതിമകളും അനാവരണം ചെയ്യാന്‍ സമ്മതിച്ചു. എസ്എഫ്‌ഐയും കെഎസ്‌യുവും തിലകനെയും നേതാജിയേയും പൊറുപ്പിച്ചുവെങ്കിലും വീരസാവര്‍ക്കറുടെ കാര്യത്തില്‍ ഭിന്നാഭിപ്രായക്കാരാണ്. ജെഎന്‍യുവില്‍ സാവര്‍ക്കറുടെ പ്രതിമ ഇരിക്കാന്‍ ഒരുകാലവും സമ്മതിക്കില്ല എന്നാണ് ''ടുക്കഡാ ടുക്കഡാ കര്‍നേവാലാ''കളുടെ വാശി. അവിടെ ചെഗുവേരയും കാസ്‌ട്രോയുമൊക്കെ മതി. ബാക്കിയൊക്കെ ''ടുക്കഡാ ടുക്കഡാ കരേംഗേ'' എന്നാണ് തീരുമാനം. വീരസാവര്‍ക്കര്‍ പ്രതിമ എന്തുചെയ്തും തടയുമത്രേ.

അക്കാര്യത്തില്‍ അവരുടെ രാഷ്ട്രീയ നേതാക്കളും ഒട്ടും മോശമല്ല. അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് വീരസാവര്‍ക്കറുടെ ഒരു ചിത്രം പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ അനാവരണം ചെയ്തത്. ആ ചടങ്ങിനെ കോണ്‍ഗ്രസ്സിലെയും ഇടതുപക്ഷത്തെയും സഭാംഗങ്ങള്‍ ബഹിഷ്‌കരിച്ചു. മന്ദിരവളപ്പില്‍ സ്വാതന്ത്ര്യഭടന്മാരുടെ പ്രതിമകള്‍ അനാവരണം ചെയ്യുന്ന പാരമ്പര്യമനുസരിച്ച് വീരസവര്‍ക്കറുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കാന്‍ അടല്‍ജിയും അദ്വാനിജിയും മുന്‍കയ്യെടുത്തു. അവിടെയും ടിയാന്മാരുടെ ബഹിഷ്‌കരണം അരങ്ങേറി.

ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിയായിരുന്ന മണി ശങ്കരയ്യര്‍-എഐസിസി സമ്മേളനപ്പന്തലില്‍ ചായക്കച്ചവടം നടത്താന്‍ നരേന്ദ്ര മോദിയെ ക്ഷണിച്ച മഹാന്‍-ആന്തമാന്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ അതിനു മുന്‍പില്‍ സ്ഥാപിക്കപ്പെട്ടിരുന്ന സാവര്‍ക്കറുടെ അനുസ്മരണ ചിഹ്നം എടുത്തുമാറ്റിയിരുന്നു.

ഇരട്ട ജീവപര്യന്തം നാടുകടത്തലിന് ശിക്ഷിക്കപ്പെട്ട് അവിടത്തെ കുപ്രസിദ്ധമായ സില്‍വര്‍ ജയിലില്‍ 1911-ല്‍ എത്തിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു യുവാവായ സാവര്‍ക്കര്‍. അവിടെ ഏകാന്തത്തടവിലായിരുന്നു കഴിഞ്ഞത്. ശിക്ഷാവിധിക്കു മുന്‍പ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലസ്ഥാനത്തു തന്നെ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വലമായ രംഗങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ നേതാവായിരുന്നു അദ്ദേഹം. റഷ്യന്‍ വിപ്ലവ നേതാവായിരുന്ന ലെനിനടക്കമുള്ള ലോകപ്രസിദ്ധ വിപ്ലവകാരികളായിരുന്നു കൂട്ടുകാര്‍. അന്നുവരെ ശിപായി ലഹളയായി അവഹേളിക്കപ്പെട്ടിരുന്ന 1857-ലെ സൈനിക വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യ സമരമാണെന്ന്, സ്വന്തം പഠന ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ മഹത്തായ 'ഒന്നാം സ്വാതന്ത്ര്യ സമരം' എന്ന പുസ്തകം വിരചിച്ച വീരസാവര്‍ക്കറെ ആര്‍ക്ക് മറക്കാന്‍ കഴിയും? അച്ചടിക്കുന്നതിനു മുന്‍പേ സാമ്രാജ്യത്വ സര്‍ക്കാര്‍ നിരോധിച്ച ആ പുസ്തകത്തിന്റെ രഹസ്യപ്പതിപ്പുകള്‍ ലോകം മുഴുവനെത്തി, സ്വാതന്ത്ര്യഭടന്മാരുടെ 'ഭഗവദ്ഗീത'യായി മാറി. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു ഭാരതത്തിലേക്കു കൊണ്ടുവരും വഴി രക്ഷപ്പെടാന്‍ സാവര്‍ക്കര്‍ നടത്തിയ ശ്രമവും, പിന്നീട് ഇരട്ട ജീവപര്യന്തവിധിയും ആന്തമാനിലെ വാസവും, അവിടെ ഏകാന്തതടവില്‍ മനുഷ്യത്വശൂന്യമായ പീഡനങ്ങളനുഭവിച്ചതും, ജയിലിലെ നിയമവിരുദ്ധ പീഡനങ്ങള്‍ക്കെതിരെ നടത്തിയ ചെറുത്തുനില്‍പ്പും, ജയില്‍ പരിഷ്‌കരണത്തിനായി നടത്തിയ ഐതിഹാസികമായ നീക്കങ്ങളും സമാനതകളില്ലാത്തതായിരുന്നു. സാവര്‍ക്കറുടെ മഹാസ്വാതന്ത്ര്യ ഭടനായിരുന്ന ജ്യേഷ്ഠന്‍ നേരത്തെതന്നെ അവിടെ എത്തിയിരുന്നു. രണ്ടുപേരും ഒരേ ജയിലില്‍ കഴിഞ്ഞപ്പോഴും നേരില്‍ കണ്ടത് ഒരു വര്‍ഷത്തിനുശേഷമായിരുന്നു. ആന്തമാനിലും ഭാരതത്തിലുമായി 27 വര്‍ഷക്കാലം അദ്ദേഹം കാരാഗൃഹവാസം അനുഭവിച്ചു.

തന്റെ ജയിലനുഭവങ്ങളെപ്പറ്റി വീരസാവര്‍ക്കര്‍ രണ്ടു കൃതികള്‍ പ്രസിദ്ധീകരിച്ചു. ഒന്ന് എന്റെ ജീവപര്യന്തത്തിന്റെ കഥ. വേറൊന്ന് ആന്തമാന്‍സിന്റെ മാറ്റൊലികള്‍. ജീവപര്യന്തത്തിന്റെ കഥ മലയാളത്തില്‍ ലഭ്യമല്ല. കോഴിക്കോട്ടെ ഇന്‍ഡോളജി ട്രസ്റ്റിലെ ടി.കെ. സുധാകരന്‍ അതു വിവര്‍ത്തനം ചെയ്തുകൊടുക്കാന്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് എന്നെ ഏല്‍പ്പിച്ചിരുന്നു. അതു ചെയ്യുന്നതിനിടെ കാണാന്‍ കഴിഞ്ഞ ഒരു കാര്യമാണ് ഇത്രയും ചുരുക്കി എഴുതാന്‍ പ്രേരണയായത്.

ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ശിക്ഷാകാലം പുരോഗമിക്കുന്നതിനിടയില്‍, താന്താങ്ങളുടെ യോഗ്യത അനുസരിച്ച് ഓരോ ജോലികൊടുക്കുമായിരുന്നു. അങ്ങനെ ജയില്‍ വാര്‍ഡര്‍മാരായും, ജമാദാരന്മാരായും പലരും പ്രവര്‍ത്തിച്ചിരുന്നു. വീരസാവര്‍ക്കറെ അതില്‍ നിന്നൊഴിവാക്കി. എന്നാല്‍ 1911-ലെ കാനേഷുമാരിക്കാലത്ത് അദ്ദേഹത്തെ സഹകരിപ്പിച്ചിരുന്നു. ആ ജോലിക്കിടെ, അതിന്റെ മൊത്തം ചുമതല വഹിച്ചിരുന്ന ഒരു മിസ്റ്റര്‍ നായരെ പരാമര്‍ശിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങളില്ലെങ്കിലും കാനേഷുമാരിയുടെ വിവരങ്ങളൊക്കെ സമാഹരിച്ച് പട്ടിക തയ്യാറാക്കുന്നതില്‍ ജയിലധികൃതരുടെ വിലക്കുകളെ വകവെക്കാതെ, മി. നായര്‍ പല രാഷ്ട്രീയ തടവുകാരെക്കൊണ്ട് ജോലി ചെയ്യിച്ചിരുന്നതായും, താനുമായുമുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ കല്‍ക്കത്തയിലെയും മദിരാശിയിലെയും പത്രങ്ങളില്‍ ലേഖനങ്ങള്‍ തൂലിക നാമത്തില്‍ പ്രസിദ്ധീകരിച്ചതായും സാവര്‍ക്കര്‍ അനുസ്മരിച്ചു. മി. നായര്‍ ജോലിക്കുവന്നപ്പോള്‍ തങ്ങള്‍ക്ക് പൊതുവെ ഭാരതത്തിലെ രാഷ്ട്രീയ സ്ഥിതികള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. കാനേഷുമാരിയുടെ ജോലി കഴിഞ്ഞപ്പോള്‍ മി.നായരെ കല്‍ക്കത്തയ്ക്കു തിരികെ വിളിച്ചുവത്രേ.

ശ്രദ്ധേയമായ മറ്റൊരു വിവരം കൂടി ഈ വിവര്‍ത്തനത്തില്‍നിന്ന് ലഭിച്ചു. ഒന്നാം ലോക മഹായുദ്ധകാലത്തു ആന്തമാനില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെ കണ്ട കാര്യങ്ങള്‍ 'ന്യൂ ഇന്ത്യ' എന്ന പത്രത്തിലും മറ്റു മാസികകളിലും പേരുവെയ്ക്കാതെ എഴുതാറുണ്ടായിരുന്ന ഡോ. ദാമോദരനെക്കുറിച്ചുള്ള വിവരമാണത്.

വീരസാവര്‍ക്കര്‍ ഏകാന്തതടവില്‍ കിടന്നിട്ടും തന്റെ കൂര്‍മബുദ്ധിയുടെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയിലെ പ്രമുഖ വ്യക്തികളായിരുന്ന മദന്‍മോഹന്‍ മാളവിയ, ആനിബസന്റ്, നിയമനിര്‍മാണ സഭാംഗങ്ങള്‍ എന്നിവര്‍ക്ക് സന്ദേശങ്ങളെത്തിക്കാന്‍ രഹസ്യമാര്‍ഗം ആവിഷ്‌കരിച്ചിരുന്നു. അതിലെ ഒരു കണ്ണിയായിരുന്നു ഡോ. ദാമോദരന്‍. അദ്ദേഹത്തെപ്പറ്റി സാവര്‍ക്കര്‍ വിവരിക്കുന്നത് അതേപടി കൊടുക്കുകയാണ്.

''ഡോ. ദാമോദരന്‍ എന്ന മാന്യന്‍ ഇന്ത്യയിലേക്കു മടങ്ങി താന്‍ കണ്ടതും സ്വയം കുറിച്ചുവെച്ചതുമായ എല്ലാ സംഗതികളും ന്യൂ ഇന്ത്യയിലും, രണ്ടു ഇന്ത്യന്‍ മാസികകളിലും അജ്ഞാതനാമാവായി പരമ്പരയായിത്തന്നെ പ്രസിദ്ധം ചെയ്തിരുന്നു. അതിനാല്‍ ആന്തമാന്‍സിലെ ദാമോദരന്‍ സ്വതന്ത്രാഭിപ്രായക്കാരനായിരുന്നു. പോര്‍ട്ട് ബ്ലയറിലേക്കു വിവരങ്ങളെത്തിക്കാന്‍ ഞങ്ങളുടെ രഹസ്യ സംവിധാനങ്ങളിലൊന്ന് അദ്ദേഹമായിരുന്നു. നിരവധി വര്‍ഷക്കാലം അദ്ദേഹം നിശ്ശബ്ദനായി ഞങ്ങളെ ആന്തമാനില്‍ സഹായിച്ചു. ഡോ. ദാമോദരന്‍ മദ്രാസിലെ അയിത്ത ജാതിയില്‍പ്പെട്ട ആളായിരുന്നു. ശരീരസൗകുമാര്യം തികഞ്ഞ് ആത്മാഭിമാന സംപൂര്‍ണനും ധീരനും സ്വതന്ത്രമനസ്‌കനുമായ അഭ്യസ്തവിദ്യനായ അദ്ദേഹത്തെ കണ്ടപ്പോള്‍ ഇങ്ങനത്തെ ഒരു മാനവനെ പ്രസവിച്ച സമുദായത്തോട് നാം എത്രമാത്രം അനീതിയാണ് കാട്ടുന്നതെന്നനുഭവിച്ചു. ഇങ്ങനത്തെ മനുഷ്യനെ സംഭാവന ചെയ്യാന്‍ കഴിഞ്ഞ ഒരു സമുദായത്തിന് അയിത്തമെന്ന ശാപം കല്‍പ്പിച്ച് നാം രാഷ്ട്രത്തെ ദുര്‍ബലമാക്കി! അവരെ നാം ചെറുമക്കളാക്കി നമ്മെത്തന്നെ താഴ്ത്തിക്കെട്ടി. അവര്‍ക്ക് അവസരം നല്‍കപ്പെട്ടിരുന്നെങ്കില്‍, അവര്‍ ഉദിച്ചുയര്‍ന്ന് ഹിന്ദുസമാജത്തിലെ ഏറ്റവും മികച്ച സൃഷ്ടികളെയും അതിശയിക്കുന്ന വിധത്തില്‍ മുന്നേറുമായിരുന്നുവെന്നുറപ്പാണ്. അധകൃതവര്‍ഗത്തില്‍നിന്നുള്ള ഈ പ്രഗത്ഭനെ കണ്ട ഓരോ അവസരത്തിലും ഞാന്‍ ആത്മാര്‍ത്ഥമായി അനുഭവിച്ചത് ഈ വികാരമായിരുന്നു. സ്വതന്ത്രമനസ്‌കനായിരുന്ന അദ്ദേഹത്തെ മേലുദ്യോഗസ്ഥരും സദാ ഭയപ്പെട്ടു. വഴിയില്‍ കാണുമ്പോള്‍ സല്യൂട്ടടിക്കുന്നില്ല എന്നു പലരും അദ്ദേഹത്തെപ്പറ്റി പരാതി പറഞ്ഞു. വിശേഷിച്ചും യൂറോപ്യന്മാര്‍. ഡോ. ദാമോദരന്‍ ഇന്ത്യയിലേക്കു മടങ്ങി 1918-ല്‍ ഇന്‍ഫ്‌ളുവന്‍സ പകര്‍ച്ചവ്യാധിയുടെ ഇരയായി. ഇപ്പോള്‍ അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തിനാല്‍ ആ ഓര്‍മയ്ക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഞാന്‍ സ്വതന്ത്രനാണ്. അദ്ദേഹം ജീവിതോദ്ദേശ്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അതിന്റെ നഷ്ടം ഞങ്ങള്‍ക്കും മാഹാത്മ്യം അദ്ദേഹത്തിന്റേതുമായി.''

ഇത്ര ഉജ്ജ്വലമായി സാവര്‍ക്കര്‍ അനുസ്മരിച്ച ആ ഡോ. ദാമോദരന്‍ ആരാണെന്ന് നമുക്കറിയാമോ? 1918 നു മുന്‍പായിരുന്നു സംഭവം. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും കേരളത്തിലുള്ളകാലം. അവരുടെ പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങളില്‍ ഈ ഡോ. ദാമോദരനെ കാണുന്നില്ല. 

മലബാറില്‍നിന്ന് ഉന്നതവിദ്യാഭ്യാസം ലഭിക്കാന്‍ കഴിഞ്ഞ ഒരാളാണെന്ന് വിചാരിക്കാം. അദ്ദേഹത്തെ വീരസാവര്‍ക്കര്‍ അനുസ്മരിച്ച വാക്കുകളില്‍ ഹിന്ദുസമാജത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ സംഗ്രഹമുണ്ട്. അതിന്റെ തെളിമയും ഭാവാത്മകതയും കാണാതെ സാവര്‍ക്കറെ അധിക്ഷേപിക്കുന്നവരാണ് ജെഎന്‍യുവിലെ പ്രതിമയ്‌ക്കെതിരെ വാളെടുക്കുന്നത്. സാവര്‍ക്കര്‍ മനസ്സുതുറന്ന ഈ അഭിപ്രായം രൂപംകൊണ്ടത് റഷ്യയില്‍ ഒക്‌ടോബര്‍ വിപ്ലവം നടന്ന കാലത്തായിരുന്നു. അതിനു മുന്‍പ് തന്നെ ആ ആശയം അവിടെ വേരുറച്ചു കഴിയുകയും ചെയ്തിരുന്നു. ഡോ. ദാമോദരനെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുമോ?

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.