എങ്ങുമെത്താതെ വികസന പ്രവര്‍ത്തനങ്ങള്‍, വലുതും ചെറുതുമായ നിരവധി പദ്ധതികൾ പാതിവഴിയിൽ, സർക്കുലർ ടൂറിസവും തുടങ്ങിയയിടത്തു തന്നെ അവസാനിച്ചു

Tuesday 15 October 2019 2:38 pm IST

തുറവൂര്‍: വലുതും ചെറുതുമായ നിരവധി പദ്ധതികളാണ് അരൂരില്‍ പൂര്‍ത്തിയാകാതെ കിടക്കുന്നത്. ഏറ്റവും വലിയ പദ്ധതിയായ പള്ളിത്തോട് പമ്പാ പാതയുടെ പൂര്‍ത്തീകരണം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ്. തൈക്കാട്ടുശേരി പാലത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും നേര്യകടവ്-മാക്കേക്കടവ് പാലത്തിന്റെ പണി എങ്ങുമെത്താതെ കിടക്കുകയാണ്. അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പും ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. പള്ളിത്തോട് പമ്പാ പദ്ധതിയുടെ ഭാഗമായുള്ള റോഡ് വീതി കൂട്ടലും മറ്റു വികസന പദ്ധതികളും എങ്ങുമെത്താതെ കിടക്കുകയാണ്.

തുറവൂര്‍ താലൂക്ക് ആശുപത്രിയുടെ വികസന കാര്യങ്ങളും  മന്ദഗതിയിലാണ്. താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നിലാണ്. അപകടം പറ്റിയും മറ്റും ഇവിടെ എത്തുന്ന രോഗികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി മറ്റ് ആശൂപത്രികളിലേക്ക് റഫര്‍ ചെയ്യുക എന്ന പണി ഇന്നും തുടരുകയാണ്. പലപ്പോഴും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥയാണ് തുറവൂര്‍ താലൂക്ക് ആശുപത്രിയുടേത്. ആവശ്യത്തിന് ഡോക്ടര്‍മാരോ പാരാമെഡിക്കല്‍ സ്റ്റാഫോ ഇവിടെയില്ല. 

ഇത്തരത്തില്‍ വികസന മുരടിപ്പുമായി നീങ്ങുകയാണ് തുറവൂര്‍ താലൂക്ക് ആശുപത്രി. പള്ളിത്തോട്, അരൂര്‍, വല്ലേത്തോട്, എഴുപുന്ന, അരൂക്കുറ്റി, തൈക്കാട്ടുശേരി തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളും വികസനത്തിനായി കാത്തിരിക്കുകയാണ്. അരൂര്‍ സര്‍ക്കുലര്‍ ടൂറിസവും എങ്ങുമെത്താതെ നിലച്ചു. വയലാറില്‍നിന്നു തുടങ്ങി അന്ധകാരനഴിയില്‍ ജലമാര്‍ഗമെത്തുന്ന രീതിയിലായിരുന്നു സര്‍ക്കുലര്‍ ടൂറിസം ആരംഭിച്ചത്. ഇതിന്റെ പ്രവര്‍ത്തനം തുടക്കത്തില്‍ തന്നെ താളംതെറ്റി ഇപ്പോള്‍ നിലച്ച അവസ്ഥയാണ്. കൂടാതെ തഴുപ്പ് ടൂറിസം പദ്ധതിയും അരൂക്കുറ്റി ടൂറിസം പദ്ധതിയും പെരുമ്പളം ടൂറിസം പദ്ധതിയും ഏറെക്കുറെ നിലച്ച അവസ്ഥയാണ്. 

വര്‍ഷങ്ങളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടും എങ്ങുമെത്താതെ കിടക്കുകയാണ് നെടുമ്പ്രക്കാട് വിളക്കുമരംപാലം. കൂടാതെ പെരുമ്പളം പാലം, പള്ളിത്തോട് ഇല്ലിക്കല്‍ പാലം, അന്ധകാരനഴി വടക്കേ സ്പില്‍വേ എന്നിവയുടെ പൂര്‍ത്തീകരണം തുടങ്ങിയവയും ജനങ്ങള്‍ പ്രതീക്ഷയോടെ കാക്കുകയാണ്. അരൂര്‍ നിയോജക മണ്ഡലത്തിലെ റോഡുകളുടെ വികസനവും പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ ഭാഗമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.