കൊട്ടിക്കലാശത്തിന് ആറു നാള്‍ പ്രചാരണം ഉച്ചസ്ഥായിയില്‍; വികസന നേട്ടങ്ങൾ പറയാനില്ലാത്തത് ഇടതിന് തിരിച്ചടിയാകുന്നു

Monday 14 October 2019 12:37 pm IST

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി ആറു നാളുകള്‍ മാത്രം. മൂന്നു മുന്നണികളും മണ്ഡലത്തില്‍ മുന്‍നിര നേതാക്കളെ എത്തിച്ചുള്ള പ്രചാരണമാണ് അവസാന ലാപ്പില്‍ നടത്തുന്നത്. ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം മുന്നണികള്‍ പ്രയോഗിച്ച് തുടങ്ങി. വികസന വിഷയങ്ങള്‍ ഉയര്‍ത്താതെ സ്ഥാനാര്‍ത്ഥിയെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് ഇടതുപക്ഷം നടത്തുന്നത്. 

ഒന്നര പതിറ്റാണ്ടായി മണ്ഡലം പ്രതിനിധീകരിക്കുന്ന ഇടതുപക്ഷത്തിന് കാര്യമായ വികസന നേട്ടങ്ങള്‍ പറയാനില്ലാത്തതും തിരിച്ചടിയാകുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മുമ്പ് നടത്തിയ പാലങ്ങളുടെ നിര്‍മാണ ഉദ്ഘാടനങ്ങള്‍ കേവലം തെരഞ്ഞടുപ്പ് സ്റ്റണ്ടാണെന്ന് ജനം തിരിച്ചറിഞ്ഞു. 

വര്‍ഷങ്ങള്‍ മുമ്പ് നിര്‍മാണം തുടങ്ങിയ പാലങ്ങള്‍ പലതും തൂണുകളില്‍ ഒതുങ്ങിയത് വാഗ്ദാന ലംഘനത്തിന്റെ സ്മാരകമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഇടതുപക്ഷത്ത് പൊതുവെയും, സിപിഎമ്മില്‍ പ്രത്യേകിച്ചും പ്രവര്‍ത്തകരിലും നേതാക്കളിലും പ്രചാരണരംഗത്ത് ആവേശം ഇല്ലാത്തത്  ചര്‍ച്ചയായി കഴിഞ്ഞു.

മന്ത്രി ജി. സുധാകരന്‍ നടത്തിയ പൂതന പ്രയോഗവും ഇടതിന് തിരിച്ചടിയായി. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ നിര്‍ദ്ദേശിച്ചിരുന്നു. ജി. സുധാകരന്‍ തന്നെ ഇതു ലംഘിച്ചതോടെ പാര്‍ട്ടി വെട്ടിലായി. 

ജില്ലയില്‍ നിന്നുള്ള കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നേതാക്കളെ വിശ്വാസമില്ലാത്തതിനാല്‍ കണ്ണൂരില്‍ നിന്ന് ഉള്‍പ്പെടെയുള്ള നേതാക്കളെ മണ്ഡലത്തില്‍ എത്തിച്ചാണ് പ്രചാരണം. 

യുഡിഎഫിലും സ്ഥിതി മറിച്ചല്ല, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച നേരിയ വോട്ടിന്റെ അപ്രതീക്ഷിത മേല്‍ക്കൈയുടെ ആത്മവിശ്വാസത്തിലാണ് യുഡിഎഫിന്റെ പ്രചാരണം. എന്നാല്‍ മണ്ഡലത്തിലാകെ പ്രചാരണത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്‍ഡിഎയാകട്ടെ യുവനേതാവിനെ രംഗത്തിറക്കി പ്രചാരണം പരമാവധി സജീവമാക്കാനാണ് ശ്രമിക്കുന്നത്. കാടിളക്കിയുള്ള പ്രചാരണം ഉപേക്ഷിച്ച് വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ്. മുതിര്‍ന്ന നേതാക്കളെ പരമാവധി കുടുംബയോഗങ്ങളില്‍ പങ്കെടുപ്പിക്കന്നു. 

ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. വിജയപരാജയങ്ങളെ സ്വാധീനിക്കുന്നത് വരും ദിവസങ്ങളിലെ പ്രചാരണവും തന്ത്രങ്ങളും ആയിരിക്കും. അതിനാല്‍ മുന്നണികള്‍ ഏതൊക്കെ അടവുകള്‍ പയറ്റുമെന്ന് കണ്ടറിയണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.