ദല്‍ഹി 'കലാപ'ത്തിന് ശേഷം

Thursday 7 November 2019 3:18 am IST
പ്രധാന പ്രശ്നം പോലീസാണോ വക്കീലന്മാരാണോ കുഴപ്പമുണ്ടാക്കുന്നത് എന്നതാണ്. രണ്ടുപേരും സമൂഹത്തില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവരാണ്; വഴിവിട്ട് പെരുമാറാന്‍ പാടില്ലാത്തവരുമാണ്. ആദ്യമായല്ല ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. പലപ്പോഴും വക്കീലന്മാര്‍ ഉള്‍പ്പെട്ട കേസുകളില്‍ മറുപക്ഷത്തുള്ളവര്‍ക്ക് നീതി ലഭിച്ചില്ല എന്ന തോന്നലുണ്ടാവുന്നു. പോലീസിന് മാത്രമല്ല മാധ്യമ പ്രവര്‍ത്തകര്‍ക്കും മറ്റ് പലര്‍ക്കും ഇത്തരം തോന്നലുകളുണ്ടാവുന്നു; അനുഭവങ്ങളും.

ല്‍ഹിയിലുണ്ടായ പോലീസ് സമരം പലതുകൊണ്ടും ഗൗരവമര്‍ഹിക്കുന്നു. അതിനു വഴിവെച്ച  കാര്യകാരണങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുമുണ്ട്. എന്നാല്‍ അത് ഇത്രത്തോളം നീണ്ടുനിന്നു എന്നത് ഒരു പ്രശ്നമായി പലരും ഉയര്‍ത്തിക്കാണിക്കുമ്പോള്‍ തന്നെ ഏറെക്കുറെ  സമാധാനപരമായി പരിഹൃതമായി എന്നതും ഓര്‍ക്കേണ്ടതുണ്ട്. പ്രധാന പ്രശ്നം പോലീസാണോ വക്കീലന്മാരാണോ കുഴപ്പമുണ്ടാക്കുന്നത് എന്നതാണ്. രണ്ടുപേരും സമൂഹത്തില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവരാണ്; വഴിവിട്ട് പെരുമാറാന്‍ പാടില്ലാത്തവരുമാണ്.  ആദ്യമായല്ല ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. പലപ്പോഴും വക്കീലന്മാര്‍ ഉള്‍പ്പെട്ട കേസുകളില്‍ മറുപക്ഷത്തുള്ളവര്‍ക്ക് നീതി ലഭിച്ചില്ല എന്ന തോന്നലുണ്ടാവുന്നു.  പോലീസിന് മാത്രമല്ല മാധ്യമ പ്രവര്‍ത്തകര്‍ക്കും മറ്റ് പലര്‍ക്കും ഇത്തരം തോന്നലുകളുണ്ടാവുന്നു; അനുഭവങ്ങളും. സുപ്രീം കോടതിയുടേതടക്കം വിധികള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിക്കപ്പെടുന്നു.

രാജ്യതലസ്ഥാനത്തുണ്ടായത്  സാധാരണ നിലയ്ക്ക് ഒരു അപ്രധാന വിഷയമാണ്. തീസ് ഹസാരി കോടതി വളപ്പില്‍ പോലീസ് വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് ഒരു വക്കീല്‍ തന്റെ കാര്‍ കൊണ്ടുചെന്നിട്ടതാണ് തുടക്കം.  അത് പോലീസിന് പ്രശ്നമായി. പ്രതികളെയും കൊണ്ടുവന്ന പോലീസ് വാഹനം അനക്കാന്‍ കഴിയാതെവന്നു. സ്വാഭാവികമാണ്,  ക്രിമിനല്‍ കേസില്‍ തടവിലും മറ്റും കഴിയുന്ന പ്രതികളെ  കയറ്റിയിരുത്തിയപ്പോള്‍ വാഹനം നീക്കാന്‍ പറ്റാതെ വന്നാലത്തെ പ്രയാസം ഊഹിക്കാമല്ലോ. ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥന്, അഭിഭാഷകനില്‍ നിന്ന്  ആക്രമണം നേരിടേണ്ടിവന്നു. അതോടെ വക്കീലിനെ പി

ടിച്ച്  കോടതി കോംപ്ലക്‌സിലെ സെല്ലിലിട്ടു. വക്കീലന്മാര്‍ കൂട്ടമായി ഇടപെട്ടതോടെ സംഭവം കലാപമായി. ഇതുമായി ബന്ധപ്പെട്ട് അനവധി വീഡിയോ ക്ലിപ്പുകള്‍ പ്രചരിച്ചു. വാര്‍ത്താ ചാനലുകള്‍ അതിനപ്പുറം പലതും റിപ്പോര്‍ട്ട് ചെയ്തു.  ഇതിനിടയില്‍ ദല്‍ഹി ഹൈക്കോടതി നടത്തിയ ഇടപെടല്‍, പ്രശ്നത്തെ മറ്റൊരു തലത്തിലെത്തിച്ചു. അത് തങ്ങള്‍ക്ക്  നീതി  നിഷേധിക്കുന്നതിന്  തുല്യമാണ് എന്ന തോന്നല്‍ പോലീസിലുണ്ടാക്കി. കോടതി നടപടി വക്കീലന്മാര്‍ക്ക് അനുകൂലമാവുന്നു എന്ന തോന്നലുണ്ടാക്കി എന്നര്‍ത്ഥം.  പല  വക്കീല്‍ - പോലീസ് സംഘര്‍ഷങ്ങളും  പോലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ്  അവസാനിച്ചത്. കോടതിയെക്കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞുകൂടാ, ചിന്തിച്ചുകൂടാ എന്നത് ശരി. എന്നാല്‍ പൊതുവേയുണ്ടായിട്ടുള്ള ചിന്ത ആ നിലയ്ക്കാണ്. അതിന് ഉദാഹരണങ്ങള്‍ പലരും ചൂണ്ടിക്കാണിക്കാറുണ്ടു താനും. അതേസമയം വക്കീലന്മാരുടെ സമരത്തിനെതിരെയും പെരുമാറ്റ ദൂഷ്യത്തിനെതിരെയും മറ്റും  വിവിധ ഹൈക്കോടതികളും സുപ്രീംകോടതിയും എടുത്ത കര്‍ക്കശമായ നിലപാടുകളും ഈ വേളയില്‍  സ്മരിക്കണം.  

ഒരു ദശാബ്ദം മുന്‍പ്, മദ്രാസ് ഹൈക്കോടതിയില്‍ കേസ് വാദിക്കാനെത്തിയ ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയെ  കുറെ വക്കീലന്മാര്‍ ആക്രമിച്ചു. അതിലുള്‍പ്പെട്ടവരെ  അറസ്റ്റ് ചെയ്യാന്‍ പോലീസ് വന്നപ്പോള്‍ വക്കീലന്മാര്‍ പ്രതിഷേധവുമായെത്തി. അത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങി. മറ്റൊന്ന് ദല്‍ഹിയില്‍ തീസ് ഹസാരി കോടതിയിലുണ്ടായ മൂന്ന് ദശാബ്ദം മുന്‍പത്തെ കഥ. കിരണ്‍ ബേദി പോലീസ് കമ്മീഷണര്‍ ആയിരിക്കെ ഉണ്ടായ പ്രശ്നം. തീസ് ഹസാരി കോടതിയിലെ വക്കീലന്മാര്‍ പോലീസിനോട് അപമര്യാദയായി പെരുമാറി, ആക്രമിച്ചു.  ഉടനെ വക്കീലന്മാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്താന്‍ ഉത്തരവ് നല്‍കുകയാണ് കിരണ്‍ ബേദി ചെയ്തത്.  നൂറോളം വക്കീലന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിരണ്‍ ബേദിയുടെ ധീരത ഉയര്‍ത്തിക്കാട്ടിയാണ് കഴിഞ്ഞദിവസം  പോലീസുകാര്‍ ദല്‍ഹി പോലീസ് കമ്മീഷണറുടെ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തിയതെന്നത് ഓര്‍ക്കുക.

തിരുവനന്തപുരത്തെ കോടതി വളപ്പില്‍  മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്തൊക്കെ സഹിക്കേണ്ടിവന്നു? കൊച്ചിയില്‍ ഹൈക്കോടതിയില്‍ നിന്ന്  മാധ്യമ പ്രവര്‍ത്തകരെ  'കുടിയിറക്കിയതും' വലിയ വിവാദമായ സംഭവമാണ്. മാസങ്ങള്‍ ഏറെ കഴിഞ്ഞുവെങ്കിലും ഇന്നും അതിനൊക്കെ ശാശ്വത പരിഹാരമായിട്ടില്ല. ഇവിടെയൊക്കെ, 'മാധ്യമ പ്രവര്‍ത്തകരുടെ അവകാശം' എന്നൊക്കെ സാധാരണ മുറവിളി ഉയര്‍ത്താറുള്ളവര്‍ പാലിക്കുന്ന മൗനവും ശ്രദ്ധിക്കാതെ വയ്യ.

 ഇപ്പോള്‍ പ്രശ്നമായത് ദല്‍ഹി ഹൈക്കോടതിയുടെ ഇടപെടലാണ്. വക്കീലന്മാര്‍ ഹര്‍ജിയുമായി പോകുന്നു. പോലീസുകാരുടെ അഭിപ്രായം കേള്‍ക്കാതെ ചില ഉദ്യോഗസ്ഥരെ  സ്ഥലം മാറ്റുന്നു. വക്കീലന്മാര്‍ക്കെതിരെ നടപടി പാടില്ലെന്ന് ഉത്തരവിടുന്നു. പിന്നെ ഒരു ജുഡീഷ്യല്‍ അന്വേഷണം. അതിനായി ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ നിശ്ചയിക്കുന്നു. ഇവിടെ , പൊലീസ് സേനക്ക് നീതി ലഭിച്ചോ?.  ഉത്തരവിടും മുന്‍പ് കോടതി ഇക്കാര്യം ചിന്തിക്കേണ്ടതായിരുന്നില്ലേ? ഇതാണ് ദല്‍ഹി പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച പ്രശ്നം. രാപകല്‍ ജോലിചെയ്യുന്ന പോലീസുകാര്‍ക്ക് സഹിക്കുന്നതിനും പരിമിതിയുണ്ടല്ലോ. അവര്‍ അവിടെ, പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഒത്തുകൂടി. നീതി ലഭിക്കണം, പൊലീസിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം വേണം, ആരുടേയും തല്ല് കൊള്ളാനുള്ള ചെണ്ടയായി തങ്ങളെ മാറ്റരുത് തുടങ്ങിയ നിലപാടുകളാണ് അവര്‍ ഉയര്‍ത്തിയത്. ഇതൊക്കെ ന്യായമാണ് എന്നത് സമ്മതിക്കുന്നു. പക്ഷെ പോലീസ് സേനാംഗങ്ങള്‍ ഇതുപോലെ പെരുമാറാമോ എന്നത് ഗൗരവതരമായ പ്രശ്നമാണ്. ഇത്തരത്തിലുള്ള സമരങ്ങള്‍, പ്രതിഷേധങ്ങള്‍ ഒരിക്കലും ഒരു പോലീസ് സേനയില്‍  അംഗീകരിക്കപ്പെടുമെന്ന് തോന്നുന്നില്ല. ഇതൊക്കെ  സമ്മതിച്ചുകൊടുത്താല്‍ നാളെ പ്രശ്നങ്ങള്‍ മറ്റൊന്നാവും. അതുകൊണ്ട്, പൊലീസിന് അച്ചടക്കം കൂടിയേ തീരൂ. അതേസമയം അവര്‍ക്ക് നീതി ലഭിക്കുകയും വേണം.

വക്കീലന്മാരെ കോടതിയുടെ ഉദ്യോഗസ്ഥരായിട്ടാണ് കാണാറുള്ളത്. കോടതിയെ സംബന്ധിച്ചിടത്തോളം അവര്‍ അനിവാര്യമായ ഘടകമാണുതാനും. വക്കീലന്മാര്‍ കോടതി ബഹിഷ്‌കരിച്ചാല്‍ നീതി നിര്‍വഹണം തടസപ്പെടുമെന്നതാണ് അവസ്ഥ. എന്നാല്‍ അടുത്തിടെ സുപ്രീം കോടതി ഇക്കാര്യത്തിലെടുത്ത കര്‍ക്കശമായ നിലപാടുകള്‍  പ്രധാനമാണ്; അതൊരു മാറ്റത്തിന്റെ ലക്ഷണമാണ് എന്നതും പറയേണ്ടതുണ്ട്. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ കഴിഞ്ഞ മാസത്തെ ഒരു ഉത്തരവാണ് അതില്‍ പ്രധാനം.  ഹൈക്കോടതി ജഡ്ജിമാരാവാന്‍ ഒറീസയില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ട ചില പേരുകള്‍ സുപ്രീംകോടതി കൊളീജിയം നിരാകരിച്ചിരുന്നു. അവര്‍ യോഗ്യരല്ല എന്നതായിരുന്നു സുപ്രീംകോടതി വിലയിരുത്തിയത്. അതില്‍ പ്രതിഷേധിച്ച് ഒറീസ ഹൈക്കോടതി അനിശ്ചിതകാലത്തേക്ക് വക്കീലന്മാര്‍ ബഹിഷ്‌കരിച്ചു; കുറെ കീഴ്‌ക്കോടതികളുടെ പ്രവര്‍ത്തനങ്ങളെയും ഈ സമരം ബാധിച്ചു. ആ കേസില്‍ സുപ്രീം കോടതി പറഞ്ഞത്, വക്കീലന്മാര്‍ സമരം തുടര്‍ന്നാല്‍ എന്ത് വേണമെന്ന് ആലോചിക്കണം; വക്കീലന്മാര്‍ കോടതിയിലെത്തിയില്ലെങ്കിലും  കേസുകളുടെ  വിചാരണ നടക്കണം; കക്ഷികളെ നേരിട്ട് കേട്ടുകൊണ്ട് കോടതികള്‍ തീരുമാനമെടുക്കണം എന്നൊക്കെയാണ്. അതൊക്കെ സാധാരണ നിലയ്ക്ക് എളുപ്പമല്ലെങ്കിലും അത്തരമൊരു നിരീക്ഷണം സുപ്രീം കോടതിയില്‍ നിന്നുണ്ടായി എന്നത് ചെറിയ കാര്യമല്ലല്ലോ.

വക്കീല്‍ സമരം നിരോധിച്ചുകൊണ്ട് കോടതികള്‍ മുന്‍പും ഉത്തരവിറക്കിയിട്ടുണ്ട്. അത്തരം പ്രക്ഷോഭങ്ങളെ  കോടതിയലക്ഷ്യമായി കാണുമെന്ന് വരെ പറഞ്ഞതുമോര്‍ക്കുന്നു.  ഇക്കഴിഞ്ഞ സെപ്തംബറില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി അത്തരമൊരു ഉത്തരവ്  പുറപ്പെടുവിച്ചതാണ്. വക്കീലന്മാരുടെ സമരം കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും, നീതി നിര്‍വഹണം തടസ്സപ്പെടുത്തും; അത് മൗലികാവകാശങ്ങളുടെ ലംഘനമാണ്... കോടതിയലക്ഷ്യമാണ്.  ഹൈക്കോടതി പറഞ്ഞു. സമരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബാര്‍ കൗണ്‍സിലിനോട് അന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട മറ്റൊരു ഉത്തരവ് കൂടി കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായി; ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതായിരുന്നു അത്.  ആ കേസിലും പരിഗണിക്കപ്പെട്ടത് വക്കീലന്മാരും അവരുടെ പ്രവൃത്തി ദൂഷ്യവുമൊക്കെയാണ്. ബാര്‍ എന്നും ജുഡീഷ്യറിയുടെ മാതാവാണ് എന്നാണ് ആ ഉത്തരവില്‍ കോടതി പറഞ്ഞത്. അനവധി പ്രഗത്ഭ അഭിഭാഷകരെ ബാര്‍ സംഭാവന ചെയ്തിട്ടുണ്ട്. അനവധി പ്രഗത്ഭ ന്യായാധിപന്മാരെയും. ബാറും ജഡ്ജിമാരും പരസ്പരം ബഹുമാനിക്കണം, അന്തസ്സ് കാത്തുസൂക്ഷിക്കണം. ധാര്‍ഷ്ട്യത്തിന് അവിടെ സ്ഥാനമില്ല എന്നുവരെ കോടതി പറഞ്ഞു. തെറ്റ് ചെയ്യുന്ന വക്കീലന്മാര്‍ക്കെതിരെ നടപടി വേണമെന്നും അതിനായി ബാര്‍ കൗണ്‍സില്‍ സജ്ജമാവണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വേറൊന്ന് ബാര്‍ കൗണ്‍സില്‍ എടുക്കുന്ന അച്ചടക്ക നടപടികള്‍ പരസ്യമാക്കണമെന്ന നിര്‍ദ്ദേശമാണ്. ഇവിടെയൊക്കെ ശ്രദ്ധിക്കേണ്ടത്, വക്കീലന്മാരുടെ പ്രവൃത്തിദോഷം  കോടതികള്‍ ഗൗരവത്തിലെടുത്തിട്ടുണ്ട് എന്നതാണ്. എന്നിട്ടും ദല്‍ഹിയില്‍ എന്തൊക്കെയാണ് നടന്നത്!  ദല്‍ഹി സംഭവത്തെ ബാര്‍ കൗണ്‍സില്‍ വിമര്‍ശിച്ചതും  നാം കാണാതെ പോയിക്കൂടാ. 'ഗുണ്ടാസംഘത്തെ പോലെ വക്കീലന്മാര്‍ പെരുമാറുന്നത് ദൗര്‍ഭാഗ്യകര'-മെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പറയേണ്ടിവന്നുവെങ്കില്‍ പിന്നെ എന്താണ് ബാക്കി . അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതില്‍ നിന്നൊക്കെ ചിത്രം വ്യക്തമാവുന്നുണ്ടല്ലോ.

വക്കീലന്മാര്‍ക്കും പോലീസുകാര്‍ക്കും ജഡ്ജിമാര്‍ക്കും കോടതി ജീവനക്കാര്‍ക്കുമൊക്കെ സംരക്ഷണം കൊടുക്കണം; ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നു എന്ന് ഉറപ്പാക്കണം. പക്ഷെ ദല്‍ഹിയില്‍ തീസ് ഹസാരിയിലേത് പോലെ മറ്റൊരു  സംഭവം ഇനി ഉണ്ടായിക്കൂടാ. ഇത്തരം കാര്യങ്ങളില്‍ വേണ്ടുന്ന തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള ആഭ്യന്തര മന്ത്രിയാണ് ഇന്ത്യക്കുള്ളത്. കോടതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സര്‍ക്കാരിനുള്ള പരിമിതികള്‍ മനസിലാവും. എന്നാല്‍ ഇത്തരം കാര്യങ്ങളിലെ തങ്ങളുടെ നിലപാട് ജുഡീഷ്യറിയും ബാര്‍ കൗണ്‍സിലും  വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി എന്ത് എന്നത് സര്‍ക്കാരിന്  ആലോചിച്ചു തീരുമാനിക്കാനാവും  എന്നാണ് കരുതേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.