ഗ്രെറ്റ ദി ഗ്രേറ്റ്

Sunday 20 October 2019 5:45 am IST

എന്നോടു ദേഷ്യം തോന്നരുത്, എനിക്കു നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരും. കാരണം, ഞാന്‍ ഗ്രെറ്റയുടെ വാക്കുകളില്‍ വിസ്മയിക്കുന്നില്ല...

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇതു പറയുമ്പോള്‍ മോസ്‌കോയിലെ സദസ്സ് നിശ്ശബ്ദമായിരുന്നു.  കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ഗ്രെറ്റ തുന്‍ബെര്‍ഗ് എന്ന പതിനാറുകാരി പ്രസംഗിക്കുമ്പോള്‍ പക്ഷെ സദസ്സ് ശബ്ദമുഖരിതമായിരുന്നു. ലോക നേതാക്കളോട് ഹൗ ഡെയര്‍ യൂ...എന്നു ഗ്രെറ്റ ചോദിക്കുമ്പോള്‍ കരഘോഷം മുഴങ്ങുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണെങ്കിലും മറുപടി പറയാന്‍ പുടിന്‍ നിര്‍ബന്ധിതനാകുന്നു. വിയോജിക്കാം, പക്ഷേ, അവഗണിക്കാനാവില്ല ഗ്രെറ്റയുടെ വാക്കുകള്‍. 

പ്രായക്കണക്കില്‍ പത്താം ക്ലാസ് 

 സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ നിന്ന് ഗ്രെറ്റ ഈ ലോകത്തോടു പറഞ്ഞു കൊണ്ടിരിക്കുന്നത്,  അധികം അകലെയല്ലാതെ കാത്തിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ചാണ് കാലാവസ്ഥാ വ്യതിയാനമെന്ന, ഇപ്പോഴും പലരും ഗൗരവത്തിലെടുത്തിട്ടില്ലാത്ത വലിയ ദുരന്തം. ഇനി കാത്തിരിക്കാന്‍ സമയമില്ല എന്ന മുന്നറിയിപ്പ്. ഇപ്പോഴും എങ്ങനെ നിസ്സംഗമായിരിക്കാന്‍ ധൈര്യം വരുന്നു എന്ന ചോദ്യം.

2003 ജനുവരി മൂന്നിനാണ് ഗ്രെറ്റ ഇര്‍മാന്‍ തുന്‍ബെര്‍ഗെന്ന കൊച്ചു മിടുക്കിയുടെ ജനനം. സ്വീഡനിലെ പ്രശസ്തമായ കുടുംബമായിരുന്നു അവളുടേത്. അച്ഛന്‍ സ്വാന്‍ത തുന്‍ബെര്‍ഗ് മികച്ച നടനായിരുന്നു. അമ്മ ഒപ്പെറ ഗായിക മലേന ഇര്‍മാന്‍. അസ്പര്‍ജേഴ്സ് സിന്‍ഡ്രോം എന്ന ലഘു ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു ഗ്രെറ്റ. അതുമൂലം ആളുകളുമായി ഇടപഴകുന്നതിനും മറ്റും വൈഷമ്യം അനുഭവിച്ചിരുന്നു. ഇക്കാര്യം  ലോകത്തോട് വിളിച്ച് പറഞ്ഞതും ഗ്രെറ്റ തന്നെ. 

കാലാവസ്ഥാ സംരക്ഷണ സന്ദേശവുമായി തെരുവിലേക്കിറങ്ങുന്നതിന് മുമ്പ് വീട്ടില്‍ തന്നെ അത് പ്രാവര്‍ത്തികമാക്കി. തന്റെ വീട്ടില്‍ നിന്നുള്ള കാര്‍ബണ്‍ വാതകത്തിന്റെ തോത് കുറയ്ക്കുകയായിരുന്നു അവളുടെ ലക്ഷ്യം. അതിനായി സസ്യഭുക്കുകളാകാന്‍ കുടുംബാംഗങ്ങളെ നിര്‍ബന്ധിച്ചു. വിമാനയാത്ര ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ചു.

2018 ആഗസ്തില്‍ ഗ്രെറ്റ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം തുടങ്ങി. ഉഷ്ണ തരംഗവും കാട്ടുതീയുമാണ് ആ ഒന്‍പതാം ക്ലാസുകാരിയുടെ മനസ്സിനെ മുറിപ്പെടുത്തിയത്. ആ വര്‍ഷം സപ്തംബര്‍ 9ന് നടന്ന പൊതുതെരഞ്ഞെടുപ്പ് വരെ താന്‍ സ്‌കൂളില്‍ പോകുന്നില്ലെന്ന് അവള്‍ പ്രഖ്യാപിച്ചു. അങ്ങനെ കാലാവസ്ഥയ്ക്ക് വേണ്ടി പഠിപ്പ് മുടക്കുന്നു എന്ന പ്ലക്കാര്‍ഡുമായി  സ്വീഡനിലെ പാര്‍ലമെന്റ് മന്ദിരത്തിന് മുന്‍പിലെത്തി.

പൊതുതെരഞ്ഞെടുപ്പിന് ശേഷം എല്ലാ വെള്ളിയാഴ്ചകളിലും അവള്‍ സമരം തുടര്‍ന്നു. വൈകാതെ സഹപാഠികളും ഒപ്പം കൂടി. അവളെ അസ്വസ്ഥയാക്കിയ കാട്ടുതീ പടരുന്ന വേഗത്തില്‍ തന്നെ സമരവും വ്യാപിച്ചു. കേരളത്തിലെ കുട്ടികള്‍ പോലും അവള്‍ക്ക് പിന്തുണയുമായി തെരുവിലിറങ്ങി.   തന്റെ ഓരോ പ്രവര്‍ത്തിയിലും കാലാവസ്ഥാ സംരക്ഷണത്തിന് വേണ്ടി എന്തെങ്കിലുമൊന്ന് ഗ്രെറ്റ കരുതിയിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 24ന് സ്റ്റോക്ക്ഹോമില്‍ ആഗോള സമ്മേളന പരമ്പരയായ ടെഡ് ടോക്കില്‍ ഗ്രെറ്റ സംസാരിച്ചു. ഡിസംബര്‍ നാലിന് ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയിലും 12ന് പ്ലീനറി സഭയിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ കറുത്ത വശങ്ങള്‍ അവള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യാന്തര തലത്തില്‍ കാലാവസ്ഥാ മാര്‍ച്ചിനും ആഹ്വാനം നല്‍കിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള സമയമാണിതെന്നും ഇനിയും താമസിച്ചാല്‍ ഭൂമി തന്നെ ഇല്ലാതാകുമെന്നും അന്നവള്‍ പറഞ്ഞു.

  പ്രസംഗം മാത്രമല്ല, അവളുടെ ഓരോ നീക്കവും കാലാവസ്ഥയ്ക്കു വേണ്ടിയുള്ളതാണ്. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പായ്വഞ്ചിയിലായിരുന്നു യാത്ര. വിമാനത്തില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമെന്ന സന്ദേശം ലോകത്തെ അറിയിക്കാനായിരുന്നു അവളുടെ പായ്‌വഞ്ചി യാത്ര. ആഗസ്ത് 16 മുതല്‍, പതിനഞ്ചു ദിവസത്തെ യാത്രയില്‍ അവള്‍ ന്യൂയോര്‍ക്കിലെത്തിച്ചേര്‍ന്നു.  ന്യൂയോര്‍ക്കില്‍ വിവിധ പരിപാടികളിലും അവള്‍ പങ്കെടുത്തു. യുഎന്‍ പൊതുസഭയിലും അവളുടെ ശബ്ദം ഉയര്‍ന്നു. ആഗോള കാലാവസ്ഥാ സംരക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായി ഹൗ ഡെയര്‍ യൂ...എന്ന ഗ്രെറ്റയുടെ ചോദ്യം. 

 സമാന്തര നൊബേല്‍ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരവും മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ പുരസ്‌കാരവും ഗ്രെറ്റയെ തേടിയെത്തി.  നെഞ്ച് കുത്തിത്തുളയ്ക്കുന്ന ചോദ്യങ്ങളാണ് ലോകനേതാക്കള്‍ക്കായി അവള്‍ കരുതിയിരുന്നത്. തന്റെ ബാല്യവും സ്വപ്‌നങ്ങളും തകര്‍ത്ത, ശാസ്ത്രത്തെ അവഗണിക്കുന്ന, കാലാവസ്ഥാ വ്യതിയാനത്തിന് പ്രാധാന്യം കല്പിക്കാത്ത നേതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ ആ പതിനാറുകാരി മുള്‍ മുനയില്‍ നിര്‍ത്തി.  ഗ്രെറ്റയുടെ രോഷം തിളയ്ക്കുന്ന വാക്കുകളുടെ താപത്തില്‍ ഭരണകൂടങ്ങളുടെ നിസ്സംഗതയുടെ മഞ്ഞുരുകുമോ എന്ന് കാത്തിരുന്ന് കാണാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.