തിരിച്ചടി ഇതാ ഇങ്ങനെ

Thursday 24 October 2019 3:46 am IST
ഇന്ത്യയുടെ മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പകച്ച് പാക്കിസ്ഥാന്‍

ശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 370-ാം വകുപ്പ് നീക്കം ചെയ്തതിന് ശേഷം കശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ തന്ത്രങ്ങള്‍ മെനയുകയായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് അവര്‍ നിറയൊഴിച്ചത്. സംഘര്‍ഷത്തിന്റെ മറവില്‍ അതിര്‍ത്തി കടത്തി ഇന്ത്യയിലേയ്ക്ക് അയയ്ക്കാന്‍ അവര്‍ നൂറോളം ഭീകരവാദികളെയും സജ്ജരാക്കിയിരുന്നു. പാക്കിസ്ഥാന്‍ അക്രമത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു ഗ്രാമീണനും മരണപ്പെട്ടു. 

പീരങ്കികള്‍കൊണ്ടു തുടരെ തീതുപ്പിയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. പറക്കുന്ന തീയുണ്ടകളില്‍ പാക്കിസ്ഥാനാകെ കത്തിയമരുന്ന പ്രതീതി. അതിന്റെ പ്രഹരശേഷിയില്‍ നിന്നു പാക്കിസ്ഥാന്‍ ഇനിയും മോചിതരായിട്ടില്ല. പ്രകോപിപ്പിച്ചാല്‍ പാക്കിസ്ഥാന് ഉടനടി  മറുപടി നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്നതോടെ സേന മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുതിരുകയായിരുന്നു. ആത്മവിശ്വാസത്തിന്റെ ഉത്തുംഗത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ സൈനികര്‍. 

ഉറിയിലെ ഭീകരാക്രമണത്തിന് അതിര്‍ത്തികടന്ന് ഇന്ത്യന്‍ കമാന്‍ഡോകള്‍ തിരച്ചടി നല്‍കിയപ്പോള്‍, പുല്‍വാമയിലെ ഭീകരാക്രമണത്തിന് മിറാഷ് യുദ്ധവിമാനങ്ങളെ അതിര്‍ത്തിക്കപ്പുറം അയച്ച് ബാലക്കോട്ടിലെ ഭീകരതാവളങ്ങളെ തരിപ്പണമാക്കിയാണ് രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യ നടത്തിയത്. 

ഇന്ത്യന്‍ മണ്ണില്‍നിന്ന് പാക്കിസ്ഥാന്‍ ഭീകരതാവളങ്ങളിലേക്ക് 155 എംഎം ബൊഫോഴ്‌സ് പീരങ്കികള്‍ ഉപയോഗിച്ച് ശക്തമായ അക്രമണം നടത്തിയാണ് മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. 10 പാക്ക് സൈനികരെയും ഒട്ടേറെ ഭീകരരെയും വധിച്ചുവെന്നാണ് കരസേനാമേധാവി ബിപിന്റാവത്ത് അറിയിച്ചത്. 35 ഭീകരര്‍വരെ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഒന്നും രണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഞായറാഴ്ച ഇന്ത്യന്‍സൈന്യം നടത്തിയ തിരച്ചടി. പീരങ്കി ആക്രമണം പാക്ക്‌സേനയും പ്രതീക്ഷിച്ചിരുന്നില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശമായ ടൈഗര്‍ഹില്ലില്‍ ഒളിച്ച പാക്കിസ്ഥാന്‍ പട്ടാളത്തെയും ഭീകരരെയും വകവരുത്താന്‍ ഉപയോഗിച്ച ബൊഫോഴ്‌സ് പീരങ്കിളാണ് പാക്ക്‌സേനയ്ക്ക് മറുപടി നല്‍കാന്‍ ഇന്ത്യന്‍സേന തെരഞ്ഞെടുത്തതെന്നത് ഏറെ ശ്രദ്ധേയമാണ്. പാക്ക് ഭാഗത്തുനിന്നുള്ള ചെറിയ നീക്കംപോലും ഇനി വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്. 

തോക്കും, ചെറിയ മോട്ടാര്‍ ഷെല്ലുകളുമുപയോഗിച്ചാണ് പാക് പ്രകോപനങ്ങള്‍ക്ക് സാധാരണയായി ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയിരുന്നത്. ലോഞ്ച് പാഡുകളില്‍ തയ്യാറായി നില്‍ക്കുന്ന ഭീകരരെ ഇന്ത്യന്‍ മണ്ണിലേക്ക് കയറ്റി വിടാനായി സൈന്യത്തിന്റെ ശ്രദ്ധതിരിക്കാനാണ് തുടര്‍ച്ചയായി പാകിസ്ഥാന്‍ ഇന്ത്യന്‍ 

പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്ക്കുന്നത്. എന്നാല്‍ പാകിസ്ഥാന്റെ ഏറെ പഴകിയ ഈ തന്ത്രം ശരിക്കും തിരിച്ചറിഞ്ഞ് കൃത്യതതയോടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. ഭീകരരെ കടത്തിവിടുന്ന പാക്കിസ്ഥാന്റെ നാലു താവളങ്ങള്‍ (ലോഞ്ച് പാഡുകള്‍) തിരിച്ചടിയില്‍ തരിപ്പണമായി. പാക്ക് അധിനിവേശ കശ്മീരിലെ നീലം താഴ്‌വരയില്‍ ജുറ, അത്മുഖം, കുന്ദല്‍സാഹി എന്നിവിടങ്ങളിലെ ഭീകരക്യാംപുകളാണ് തകര്‍ത്തത്. എല്ലാം ലഷ്‌കറെ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നിവയുടെ ഭീകര താവളങ്ങളായിരുന്നു. പാക്ക്ഭീകരരുടെ നുഴഞ്ഞുകയറ്റം സ്ഥിരമായ നിയന്ത്രണരേഖയിലെ മച്ചാല്‍ സെക്ടറിലാണ് കനത്ത വെടിവയ്പ് ഉണ്ടായത്. ടാങ്ധര്‍തിത്വാള്‍ സെക്ടര്‍ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇന്ത്യന്‍ സൈന്യത്തിനാണ് മുന്‍തൂക്കം. ഇവിടെനിന്ന് പാക്കിസ്ഥാന് 

പോസ്റ്റുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയും. ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് കടന്നുകയറാന്‍ സൗകര്യമൊരുക്കാനായി വെടിവയ്

പുനടത്തുന്ന പാക്ക്‌സൈനിക പോസ്റ്റുകളാണ് ആക്രമിച്ചുതകര്‍ത്തത്. ഓരോക്യാമ്പിലും 15 മുതല്‍ 20 വരെ ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് തയ്യാറായി നിന്നിരുന്നു. ക്യാമ്പുകളെ സംരക്ഷിക്കുന്ന 

പാക് സൈനികപോസ്റ്റുകളും പീരങ്കി ആക്രമണത്തില്‍ ഇല്ലാതായി. ഈ പോസ്റ്റുകളില്‍ ഉണ്ടായിരുന്ന ആറ് പാക്കിസ്ഥാന്‍ ഭടന്മാരെയും ഇന്ത്യ വധിച്ചു. 

ശൈത്യകാലത്തിന് മുമ്പായി പരമാവധി ഭീകരരെ അതിര്‍ത്തി കടത്തുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. ഇതിന് സൗകര്യം ഒരുക്കുന്നതിനായി കുറച്ച് നാളുകള്‍ക്കിടയില്‍ 2,350 തവണയാണ് പാക്ക്‌സേന വെടിനിര്‍ത്തല്‍ ലംഘിച്ചത്. മുന്‍ കാലങ്ങളില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ തിരിച്ചടി നല്‍കണമെങ്കില്‍ ഭരണ നേതൃത്വത്തിന്റെ അനുമതി ആവശ്യമായിരുന്നു. പാക്കിസ്ഥാന്‍ മണ്ണില്‍ നിന്ന് പ്രകോപനം ഉണ്ടാകുമ്പോള്‍ മറുപടി നല്‍കാതെ അനുമതിക്ക് സേന കാത്തിരുന്നിരുന്നു. എന്നാല്‍ ഇന്ന്  ഭരണ നേതൃത്വം മാറിയിരിക്കുന്നു. അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടായാല്‍ അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി തന്നെ സേനയ്ക്ക് സ്വാതന്ത്ര്യം നല്‍കി. 

പാക്കിസ്ഥാനില്‍ നിന്നു പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ വെടിയുണ്ടയുടെ എണ്ണം നോക്കില്ലെന്ന് പലതവണ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവസാനം കേന്ദ്ര ആഭ്യന്തര മന്ത്രി 

പാക്കിസ്ഥാന് നല്‍കിയ മറുപടി, പാക്ക് അക്രമത്തില്‍ ഒരു ഇന്ത്യന്‍ ജവാന്റെ ജീവന്‍ നഷ്ടപ്പെട്ടാല്‍ പകരം പത്ത് പാക്ക് പട്ടാളക്കാരുടെ ജീവനെടുക്കുമെന്നാണ്. 

 ഈ മുന്നറിയിപ്പൊക്കെ പാക്കിസ്ഥാന്‍ അവഗണിക്കുകയാണ്. തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ പാക്കിസ്ഥാന്‍ സേന ഇപ്പോഴും ജയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് പരിശീലനം നല്‍കുന്നത് തുടരുകയാണ്. ഇതിന്റെ തെളിവുകള്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) നിരത്തിയിട്ടുണ്ട്. ഭീകരരെ അതിര്‍ത്തി കടത്തിവിട്ട് കശ്മീര്‍ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്റെ ഏത് നീക്കത്തെയും ഉചിതമായ തിരിച്ചടി നല്‍കി നേരിടുമെന്ന് മൂന്ന് സേനകളുടെയും മേധാവികള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഭീകരരെ മുന്‍നിര്‍ത്തിയുള്ള പാക്കിസ്ഥാന്റെ തീക്കളി ഇനിയും തുടര്‍ന്നാല്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നാണ് ഇന്ത്യ മൂന്നാം സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ലോകത്തോട് പറഞ്ഞിരിക്കുകയാണ്. പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ ഇന്ത്യയുടെ തിരിച്ചടി എങ്ങനെയായിരിക്കുമെന്ന് ലോകരാജ്യങ്ങളും ആശങ്കയോടെയാണ് നോക്കി കാണുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.