വെറുതെയല്ല, ഓഡിറ്റിംഗിനെ ഭയക്കുന്നത്...

Thursday 14 November 2019 4:00 am IST

കിഫ്ബിയില്‍ സിഎജി ഓഡിറ്റ് അനുവദിക്കില്ല എന്ന് ധനമന്ത്രി തോമസ് ഐസക് വാശിപിടിക്കുന്നതെന്തിന്? സ്വാഭാവികമായും കുറച്ചു ദിവസമായി ഈ ചോദ്യം കൃത്യമായി ഒരു ഉത്തരമില്ലാതെ അവശേഷിക്കുന്നു. 

ഓഡിറ്റ് നിയമത്തിലെ 14-ാം വകുപ്പ് പ്രകാരമുള്ള, [Auditor General's (Duties, Powers and Conditons of Service)Act,1971] കിഫ്ബിയുടെയും കിയാലിന്റെയും ഓഡിറ്റിന് പുറമേ DPC ആക്ട് 20(2) വകുപ്പുപ്രകാരം വീണ്ടും ഓഡിറ്റ് അനുവദിക്കണമെന്ന് സിഎജി ആവശ്യമുന്നയിച്ചിരിക്കുകയാണ്. എന്നാല്‍ ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും കേരള സര്‍ക്കാര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് വിഷയം ഇപ്പോള്‍ പൊതുസമൂഹം ഏറ്റെടുത്തത്. 

ഭരണഘടനയുടെ 148 മുതല്‍ 151 വരെയുള്ള അനുച്ഛേദങ്ങള്‍ പ്രകാരം പാര്‍ലമെന്റ് നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഓഡിറ്റ് നിര്‍വഹിക്കുന്നതിന് ചുമതലപ്പെട്ട ഭരണഘടനാ സ്ഥാപനമാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ പൊതുപണം ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പിക്കുക എന്നതാണ് ഈ ഭരണഘടനാ സ്ഥാപനത്തിന്റെ ലക്ഷ്യം. ഇതില്‍ കിഫ്ബി എന്ന സ്ഥാപനത്തിന്റെ കാര്യത്തില്‍ 14-ാംവകുപ്പ് പ്രകാരം ഓഡിറ്റ് നടന്നുവരുന്നതിനാല്‍ സിഎജി ആവശ്യപ്പെടുന്ന 20(2) പ്രകാരമുള്ള ഓഡിറ്റ് അപ്രസക്തമാണ് എന്നാണ് സര്‍ക്കാരിന്റെ വാദം.

ഡിപിസി ആക്ടിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവില്‍ നിന്നും ഒരു സ്ഥാപനത്തിന് നല്‍കുന്ന ഗ്രാന്‍ഡുകളും വായ്പകളും സംബന്ധിച്ചുള്ളതാണ്. എന്നാല്‍ ഡിപിസി ആക്ട് 20(2) പൊതുഖജനാവില്‍നിന്ന് പണമോ ദ്രവ്യമോ നിക്ഷേപ രൂപത്തിലോ മറ്റു വിധത്തിലോ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ ഓഡിറ്റിംഗ് ആണ്.

ഈ കാര്യത്തില്‍ 20(1) പ്രകാരം പ്രസിഡന്റിന്  അല്ലെങ്കില്‍ ഗവര്‍ണ്ണര്‍ക്ക് ആ ചുമതല സിഎജിക്ക് ഏല്‍പ്പിക്കാം. കൂടാതെ 20(2)പ്രകാരം  ഓഡിറ്റ് ചെയ്യണമെന്ന് അങ്ങോട്ട് ആവശ്യപ്പെടുകയും ചെയ്യാം. അതാണ് ഇവിടെ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ വകുപ്പ് പ്രകാരമുള്ള ആവശ്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഏതെങ്കിലും മുന്‍കാലങ്ങളില്‍ തള്ളിയതായോ മൗനം ദീക്ഷിച്ചതായോ ഒരു കീഴ്‌വഴക്കമില്ല. ജനാധിപത്യം തൊട്ടുതീണ്ടാത്ത ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായത് സ്വാഭാവികമെന്ന് കരുതുകയാകും ഉചിതം.

തെറ്റായ സന്ദേശമെന്ന വാദം

ഡിപിസി ആക്ട് 20(2) പ്രകാരമുള്ള ഓഡിറ്റ് സിഎജി യെ ഏല്‍പ്പിച്ചാല്‍ അത് തെറ്റായ സന്ദേശമായിരിക്കും നല്‍കുക എന്നാണ് കേരളത്തിന്റെ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് പറയുന്നത്. ഭരണഘടനാസ്ഥാപനമായ സിഎജിയുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ് മന്ത്രിയുടെ ഈ ഇടപെടല്‍. അതിനുമപ്പുറം അധികാരത്തെയും അവകാശത്തെയും പരോക്ഷമായി അവഹേളിക്കുന്നതിനു തുല്യമാണ് ഈ പ്രസ്താവന.

മന്ത്രി തോമസ് ഐസക്കും ശിങ്കിടികളും ഏറെ കൊട്ടിഘോഷിക്കുന്ന പ്രവാസി ചിട്ടി അന്‍പതിനായിരം കോടി ലക്ഷ്യം വെച്ചിട്ട് വെറും 9000 കോടിയില്‍ താഴെ മാത്രമാണ് സമാഹരിച്ചത്. അതില്‍ നിന്നും ഓഡിറ്റിംഗ് അല്ല വില്ലന്‍, സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസമില്ലായ്മയാണ് എന്ന് പകല്‍ പോലെ വ്യക്തം. യഥാര്‍ഥത്തില്‍ ഈ വിശ്വാസമില്ലായ്മയെ അതിജീവിക്കാന്‍ സിഎജി ഓഡിറ്റിങ്ങ് ആണ് ആവശ്യം.

 ഇതില്‍ യുഡിഎഫ് നടത്തുന്ന ഇടപെടലുകള്‍ തികച്ചും പരിഹാസ്യമാണ്. നിയമസഭയില്‍ കണക്കുകള്‍ വെയ്ക്കുമെന്ന് പറയുന്നത് ഒരു ചൂണ്ടയിട്ട് ഇരപിടുത്തമാണ്. കണ്ണൂര്‍ വിമാനത്താവളം ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ വിവിധങ്ങളായ  ക്രമക്കേടുകള്‍ സിഎജി എണ്ണിപ്പറഞ്ഞതും അവ നിയമസഭാ പിഎസി കമ്മിറ്റി മുമ്പാകെ വന്നതുമാണ്. വി.ഡി. സതീശന്‍ എംഎല്‍എ അധ്യക്ഷനായ പിഎസി കമ്മിറ്റി ആണിത് പരിശോധിച്ചത്. എന്നിട്ട് എന്ത് നടപടിയാണ് ഈ കമ്മിറ്റി ശുപാര്‍ശ ചെയ്തത്?

മധുരമനോഹരമായ ഓഫര്‍

ഇത്തരത്തില്‍ നിയമസഭയില്‍ കണക്കുകള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ അഞ്ചുവര്‍ഷംതോറും മാറിമാറി വരുന്ന എല്‍ഡിഎഫിനും യുഡിഎഫിനും പൊതുഖജനാവിലെ പണം പിടുങ്ങാന്‍ പറ്റും എന്ന മധുരമനോഹരമായ ഓഫര്‍ ആണ് പ്രതിപക്ഷത്തിന് മുന്നില്‍ തോമസ് ഐസക്ക് വെയ്ക്കുന്നത്. ഒരു തരത്തിലുള്ള സുതാര്യതയും ഇല്ലാതെ തികച്ചും തന്നിഷ്ടം പോലെ ഭരണം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും ജനം നീതി പ്രതീക്ഷിക്കേണ്ട എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഓഡിറ്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുരിശു കണ്ട ചെകുത്താന്റെ അവസ്ഥയിലാണ് കേരള സര്‍ക്കാര്‍.

പൊതുഖജനാവിലെ പണം വിവിധ തരത്തില്‍ റൂട്ട് ചെയ്ത് ഓഡിറ്റില്‍നിന്നും രക്ഷപെടുന്നതിന് സംസ്ഥാന സര്‍ക്കാരിന് വിവിധ പരിപാടികളാണ്. ബജറ്റിന് പുറത്തു ധനസമാഹരണം നടത്തുന്ന കിഫ്ബി മോഡല്‍, ഓഹരിപങ്കാളിത്തം കുറച്ചുകൊണ്ട് ചെയ്യുന്ന കിയാല്‍ മോഡല്‍  തുടങ്ങിയവയാണ് മുന്തിയ ഇനങ്ങള്‍. ഓഡിറ്റിംഗില്‍ നിന്ന് രക്ഷനേടുന്നതിന് ഇറക്കിയ ഏറ്റവും പുതിയ മോഡല്‍ തുറുപ്പുഗുലാനാണ് ടിഎസ്പി മോഡല്‍. അതാണ് ഇപ്പോള്‍ ഊരാളുങ്കല്‍ വഴി നടത്തുന്നത്. കിഫ്ബി, സ്മാര്‍ട്ട് സിറ്റി, കിയാല്‍, ഇഫ്താസ്, കൊക്കോണിക്‌സ്, കേരള ബാങ്ക് എന്നിവയെക്കാളൊക്കെ ഭീകരമാണ്  ഊരാളുങ്കല്‍ സൊസൈറ്റി വഴി സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പുകള്‍. 

 

ഊരാളുങ്കലും കൊക്കോണിക്‌സും

തട്ടിപ്പ് ശൃംഖലയിലെ  നവാഗതരാണ്  ഊരാളുങ്കലും കൊക്കോണിക്‌സും. പാര്‍ട്ടി അണികള്‍ക്ക് നേരെ കണ്ണുരുട്ടിയും വിവരമുള്ളവരെ പരിഹസിച്ചും പിണറായി വിജയനും തോമസ് ഐസക്കും കൂടി രണ്ട് ദിശയിലൂടെ നടത്തുന്ന ഈ അഭ്യാസമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. കേരളത്തിന്റെ പൊതുഖജനാവില്‍ നിന്നും പാര്‍ട്ടി സംവിധാനത്തിലേക്ക് പണം എത്തിക്കുന്ന ഒരു യുജി(അണ്ടര്‍ ഗ്രൗണ്ട്) പൈപ്പ് ലൈന്‍ ആണ് ഊരാളുങ്കല്‍.

  യുഎല്‍സിസി പുതുതായി ഇടപെട്ടുകൊണ്ടിരിക്കുന്ന മേഖലകള്‍ നോക്കുമ്പോള്‍ ഒരു സമാന്തര ഭരണകൂടം തന്നെ സൃഷ്ടിക്കാന്‍ വേണ്ട എല്ലാ തന്ത്രപ്രധാന സ്ഥലങ്ങളിലും അവര്‍ തങ്ങളുടെ പിടിമുറുക്കി കഴിഞ്ഞുവെന്ന് മനസ്സിലാകും. കേരളത്തില്‍ ഇനിയൊരു ഭരണമാറ്റമുണ്ടായാലും സിപിഎം ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ഉപയോഗിച്ച് കേരളം ഭരിക്കുക തന്നെ ചെയ്യും. മുന്‍പ് സൂചിപ്പിച്ച നിയമസഭാ കമ്മിറ്റിയില്‍ യുഡിഎഫുമായി എല്‍ഡിഎഫ് ഒത്തുചേര്‍ന്ന് കളിക്കുന്നതുപോലെ തന്നെ ഊരാളുങ്കല്‍  സൊസൈറ്റിക്ക് ടിഎസ്പി(total solution providers) പദവി കൊടുത്തതും യുഡിഎഫ് തന്നെയാണ്. ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ വിയോജനക്കുറിപ്പ് അവഗണിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യുഎല്‍സിസിക്ക് സഹായം ചെയ്തുകൊടുക്കുകയായിരുന്നു. 

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രം കൊടുക്കാറുള്ളതാണ് ടിഎസ്പി. ഇതിന്റെ മുഖ്യകാരണം ഇവര്‍ എജി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട് എന്നതാണ്. ഏതൊരു പൊതുമേഖലാ സ്ഥാപനവും കേന്ദ്ര- സംസ്ഥാന സര്‍ക്കാരിനാല്‍ ഓഡിറ്റ് ചെയ്യുന്നവയാണ്, അവിടെ നടക്കുന്ന ഇടപാടുകള്‍ തികച്ചും സുതാര്യവും വിശ്വാസ്യത ഉള്ളതുമാണ്. എന്നാല്‍ പുതിയ ടിഎസ്പിയായ യുഎല്‍സിസി ആരും ഓഡിറ്റ് ചെയ്യുന്നില്ല. പൊതുഖജനാവിലെ പണം ചെലവഴിക്കുന്നത് പൗരന് അറിയാനുള്ള യാതൊരുവിധ മാര്‍ഗങ്ങളും ഇല്ലാത്ത, വിവരാവകാശം പോലും സാധ്യമാകാത്ത സഹകരണ സ്ഥാപനത്തിനാണ് ടിഎസ്പി പദവി.

സഹകരണ സ്ഥാപനം എന്നതുതന്നെ മറ്റൊരു വലിയ തട്ടിപ്പാണ്. യഥാര്‍ത്ഥത്തില്‍ സഹകരണ സ്ഥാപനത്തിനുള്ളില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ ഉണ്ടാക്കിക്കൊണ്ടാണ് പല തട്ടിപ്പുകളും നടത്തുന്നത്. അതിന് ഉദാഹരണമാണ് റബ്‌കോ. ഇത്തരത്തില്‍ ഓഡിറ്റിങിനെ അതിജീവിച്ചുകൊണ്ട് ഖജനാവിലെ പണം സ്വകാര്യസ്വത്ത് സമ്പാദനത്തിനും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും ഒരു പങ്ക് പ്രതിപക്ഷത്തിനും എത്തിച്ചുകൊടുക്കുന്ന അതീവഗുരുതരമായ വിഷയമാണ് ഇപ്പോള്‍ സംസ്ഥാനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.