നക്‌സലിസം: തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍

Thursday 7 November 2019 3:27 am IST
മാവോയിസ്റ്റു തീവ്രവാദികളാണെങ്കിലും ഇസ്ലാമിക തീവ്രവാദികളാണെങ്കിലും ഹിന്ദു വിരുദ്ധ വര്‍ഗീയതയും ദേശവിരുദ്ധ രാഷ്ട്രീയവും പിന്തുടരുന്നിടത്തോളം കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവരെ കൂടെ കൂട്ടും. വര്‍ഗീയ വിഘടനവാദികളുടെ പട്ടികയില്‍പ്പെടുത്തി ഒളിയിടങ്ങള്‍ ഒരുക്കുകയും ചെയ്യും. സ്വന്തം പാര്‍ട്ടിയുടേയും പോഷക സംഘടനകളുടെയും ബാനറിന് പിന്നില്‍ രാജ്യം തകര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചവര്‍ക്കിടവും നല്‍കും.

ഴിമുട്ടി വയനാടെത്തിയ രാഹുലിന്റെ വഴിയേ തന്നെയോ നക്‌സലൈറ്റുകളുടെയും വരവ്?  ഗതികെട്ടാല്‍ അരി കിട്ടാനിടയുള്ളിടത്തേക്ക് ഒരോട്ടം!  അതോ അതിനപ്പുറം ബംഗാളില്‍ മമതാ ബാനര്‍ജി പരീക്ഷിച്ച് വിജയിച്ച രണതന്ത്രമോ കുതന്ത്രമോ ഒന്ന് പരീക്ഷിച്ച് നോക്കാമെന്നൊരു മോഹമോ? ബിജെപിയേയും സിപിഎമ്മിനെയും എതിര്‍ക്കുന്ന കേരളത്തിലെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ അവയുടെ നേതാക്കളില്‍ ചിലര്‍ക്കെങ്കിലുമോ അങ്ങനെയെങ്ങാനും തോന്നിത്തുടങ്ങിയോ? കാടിനുള്ളില്‍ മുഖം വെളിപ്പെടുത്താതെ രാജ്യദ്രോഹം തൊഴിലാക്കി സ്വീകരിച്ച നക്‌സല്‍  പ്രതിലോമകാരികളുടെ പേശിമിടുക്കും കീശമിടുക്കും ഇസ്ലാമിക തീവ്രവാദികളുടെയും വര്‍ഗീയവാദികളുടെയും സ്‌ഫോടകശക്തിയും ജനാധിപത്യ പോരിടങ്ങളിലെ മമതയുടെ ഭ്രാന്തന്‍ പ്രതികരണരീതിയും കോര്‍ത്തിണക്കിയ പ്രഹരശേഷിയാണ് ബംഗാളില്‍ കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് ഭരണത്തിനറുതി വരുത്തിയത്.  പിന്നീട് പിടിച്ചെടുത്ത അധികാരത്തിന്റെ നേട്ടങ്ങള്‍ പങ്കുവെയ്ക്കുന്നതിന്റെ പേരില്‍ മമതയുടെ പാളയത്തിലും പടയുണ്ടായി എന്നത് മറ്റൊരു കാര്യം.

മാവോയിസ്റ്റു തീവ്രവാദികളാണെങ്കിലും ഇസ്ലാമിക തീവ്രവാദികളാണെങ്കിലും ഹിന്ദു വിരുദ്ധ വര്‍ഗീയതയും ദേശവിരുദ്ധ രാഷ്ട്രീയവും പിന്തുടരുന്നിടത്തോളം കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവരെ കൂടെ കൂട്ടും. വര്‍ഗീയ വിഘടനവാദികളുടെ പട്ടികയില്‍പ്പെടുത്തി ഒളിയിടങ്ങള്‍ ഒരുക്കുകയും ചെയ്യും.  സ്വന്തം പാ

ര്‍ട്ടിയുടേയും പോഷക സംഘടനകളുടെയും ബാനറിന് പിന്നില്‍ രാജ്യം തകര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചവര്‍ക്കിടവും നല്‍കും.  അതിലൊന്നും സംശയം വേണ്ട.  പക്ഷേ ആ പേരും പറഞ്ഞ്   മാക്‌സിസ്റ്റുകള്‍ക്ക് പിടിച്ചുനില്‍ക്കാനിത്തിരി ഇടമായി അവശേഷിച്ച കേരളത്തിലേക്കു പോരാം എന്നു കരുതിയാല്‍ രാഹുല്‍ ഗാന്ധിയെയായാലും നക്‌സലുകളെയായാലും പാര്‍ട്ടി എതിര്‍ക്കും. കാരണം പിടിച്ചു നില്‍ക്കാന്‍ വേറെ വഴിയില്ല, വേറെ ഇടവുമില്ല.  അതുകൊണ്ടു തന്നെയാണ് ബംഗാള്‍ അജണ്ട നടപ്പിലാക്കാനുള്ള സാദ്ധ്യതകള്‍ പിണറായി സര്‍ക്കാര്‍ അനുവദിക്കില്ല എന്ന സൂചന വെടിയുണ്ടകള്‍ കൊണ്ടു നല്‍കിയത്. 

കടന്നാക്രമിച്ച നക്‌സലുകളെ കേരളാ പോലീസിന്റെ  (തണ്ടര്‍ബോള്‍ട്ട്) തിരിച്ചടിയില്‍ വെടിവെച്ചിട്ടു എന്ന വാര്‍ത്ത മുഴുവന്‍ കേള്‍ക്കുന്നതിനു മുമ്പു തന്നെ രമേശ് ചെന്നിത്തലയും കാനം രാജേന്ദ്രനും വ്യാജ ഏറ്റുമുട്ടലാണെന്നു പറഞ്ഞ് മാധ്യമങ്ങളുടെ മുന്നിലേക്ക് ഓടുകയായിരുന്നു.  വസ്തുതകളിലേക്ക് സത്യസന്ധമായ അന്വേഷണം ഉണ്ടാകുന്നതിന് മുമ്പുതന്നെ, അത്തരം  പ്രസ്താവനകള്‍ നല്‍കി കൂലി വാങ്ങുന്ന അര്‍ബന്‍ നക്‌സലുകളുടെ തലത്തിലേക്ക് അവര്‍  എന്തിനു തരം താണുവെന്ന് കേരളത്തിലെ രാഷ്ട്രീയ സമൂഹം വിശദമായി പഠിക്കേണ്ടത് അനിവാര്യമാണ്. കാരണം അവരുടെ നടപടികള്‍ അപകടങ്ങളുടെ സൂചനയാണ് നല്‍കുന്നത്.  പറഞ്ഞ ന്യായങ്ങള്‍ പരിഹാസ്യമായി പോയിയെന്ന് പറയാതിരിക്കാനും തരമില്ല.  സംഘട്ടനത്തിന് പോയ പോലീസുകാര്‍ക്ക് വെടി കൊണ്ടില്ല, പോലീസുകാരാരും മരിച്ചുമില്ല എന്ന ന്യായം!. സംഘട്ടനത്തില്‍ വെടി കൊള്ളാനും ചാകാനുമല്ല, വെടി വയ്ക്കാനും കൊല്ലാനുമാണ് അവരെ പറഞ്ഞയച്ചതെന്ന് തിരിച്ചറിഞ്ഞാല്‍ മതി.  

ഏതവസ്ഥയിലാണ് അവരെ ഇല്ലാതാക്കിയതെന്നതാണ് മറ്റൊരു  സംശയം.  അവിടെയും പൊതുജനത്തിനു ബോദ്ധ്യമുള്ള ചില കാര്യങ്ങളുണ്ട്.  പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതു പോലെ 'അമ്മാ ഇത്തിരി അരി താ' എന്നും പറഞ്ഞ് വീടുകളില്‍ കയറിയിറങ്ങുന്നവരല്ല മാവോയിറ്റുകള്‍.  അടിസ്ഥാനപരമായി അവര്‍ കൊല്ലാനും കടന്നാക്രമിക്കാനും വരുന്നവരാണ്.  അവരോട് ഏറ്റുമുട്ടേണ്ടിവരുന്ന രാജ്യത്തിന്റെ പ്രതിരോധശക്തികള്‍ക്ക് ഒന്നുങ്കില്‍ ശത്രുക്കളെ കൊല്ലുക, അല്ലെങ്കില്‍ ശത്രുക്കളാല്‍ കൊല്ലപ്പെടുക എന്ന രണ്ടു വഴികളേയുള്ളൂയെന്ന് കാനത്തിനും രമേശിനും തിരിച്ചറിയാത്തതല്ല.  പക്ഷേ അവര്‍ ഇങ്ങനെയൊക്കെയേ പറയൂ. അവര്‍ അധികാരം ലക്ഷ്യമാക്കിയുള്ള ഹീനമായ ഗൂഢതന്ത്രത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നുയെന്നതു തന്നെ കാരണം.

ഫാസിസ്റ്റ് ഇന്ദിരയുടെ അടിയന്തിരാവസ്ഥയുടെ തണലില്‍ സിപിഐ നേതാവ് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിക്കസേരയിലിരുക്കുമ്പോഴാണ് നക്‌സല്‍ ബന്ധത്തിന്റെ പേരില്‍ രാജനെ ഉരുട്ടിക്കൊന്നതെന്ന് കാനം എന്താ മറന്നുപോയോ?  കാനത്തിന്റെ പാര്‍ട്ടി ഭാരതത്തില്‍ വളരെ വേഗം അപ്രസക്തമാവുകയാണെന്ന തിരിച്ചറിവ് അവരെ ആത്മഹത്യാപരമായ മറ്റൊരു അപകടക്കുഴിയിലേക്ക് തള്ളിവിടുകയാണ്.  ഭാരതത്തെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുള്ള 'ടുക്ക്ഡാ ടുക്ക്ഡാ' ഗ്യാങിനോടൊപ്പമാണ് സഖാവ് കനയ്യകുമാറും പാര്‍ട്ടി സെക്രട്ടറി ഡി രാജയുടെ മകളുമടക്കം. 'ഭാരത് തേരീ ടുക്ക്‌ഡേ ഹോംഗേ, ഇന്‍ഷാ അള്ളാ, ഇന്‍ഷാ അള്ളാ' എന്ന മുദ്രാവാക്യമാണവര്‍ ആവേശപൂര്‍വ്വം വിളിച്ചത്.  ഭാരതവിരുദ്ധ ഇസ്‌ളാമിക-മാവോയിസ്റ്റ് തീവ്രവാദശൃംഖലയാണ് അവര്‍ക്കിപ്പോള്‍ അന്നം നല്‍കുന്നത്.  ആ പശ്ചാത്തലത്തില്‍ വേണം കാനത്തിന്റെ മാവോയിസ്റ്റു പിന്തുണയുടെ പൊരുളറിയേണ്ടത്.

രമേശാണെങ്കില്‍ മാവോയിസ്റ്റു ഭീഷണിയാണ് ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് നല്‍കിയ സൂചന പോലും അവഗണിച്ചാണ് മാവോയിസ്റ്റുകള്‍ക്ക് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത്. രാഹുലിന്റെ വരവോടെ 2014 ലും 2019 ലും ഭാരതം തിരസ്‌കരിച്ച കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് തന്റെ രാഷ്ട്രീയ ഭാവിയെ കൂട്ടിക്കെട്ടിയാല്‍ ഗതി പിടിക്കില്ലെന്ന ഭയം രമേശിനുണ്ടാകുന്നത് സ്വാഭാവികം. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ ശക്തമായ സാന്നിദ്ധ്യവും പ്രഭാവവുമുള്ള ഇസ്‌ളാമിക തീവ്രവാദികളോടും ക്രിസ്തീയ വര്‍ഗീയവാദികളോടും വളര്‍ന്നുവരുന്ന ഇടതു തീവ്രവാദശക്തികളോടും ചേര്‍ന്ന് നിന്ന,് അവരുടെ കേന്ദ്രബിന്ദുവായി മാറാന്‍ കഴിഞ്ഞാല്‍ അധികാരം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് അത് ശക്തി പകരും എന്ന തോന്നലും ഉണ്ടായിരിക്കാം. 

കേരളത്തില്‍ ഇന്ന് രമേശിന്റെയും അധികാരത്തിന്റെയും ഇടയ്ക്ക് പ്രത്യക്ഷമായി നില്‍ക്കുന്നത് ഇടതുപക്ഷമാണ്.  മസില്‍ പവറും മണി പവറും വേണ്ടുവോളമുള്ള ആ രാഷ്ട്രീയ ശക്തിയെ നേരിടാന്‍ ദേശീയ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കാര്യമായ സഹായം ചെയ്യാന്‍ നിവര്‍ത്തിയില്ലാത്ത സാഹചര്യത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുള്ളില്‍ രമേശിനേക്കാള്‍ മിടുക്കേറെയുള്ളവര്‍ തലപൊക്കി വരാനുമിടയുണ്ട്. ആ സാഹചര്യത്തിലായിരിക്കണം മണിപവറും മസില്‍ പവറും വേണ്ടത്രയുള്ള ഇസ്ലാമിക തീവ്രവാദ-ഇടതു തീവ്രവാദ-ക്രിസ്ത്യന്‍ വര്‍ഗീയവാദ കൂട്ടുകെട്ടിന്റെ കേന്ദ്ര ബിന്ദുവാകാന്‍ ചെന്നിത്തല ശ്രമിക്കുന്നത്. 

ഉയര്‍ന്നുവരാവുന്ന മറ്റൊരു ചോദ്യം കാനത്തിന്റെ നിലപാടിനെക്കുറിച്ചാണ്. അച്യുതമേനോന്റെയും കരുണാകരന്റെയും കാലത്തേക്ക് ഒരു തിരിച്ചു പോക്കിനു വേണ്ടി ഇടതുമുന്നണിയിലെ വലിയേട്ടനുമായി വഴിപിരിയുവാനും അവസരവാദപാരമ്പര്യം വേണ്ടുവോളമുള്ള കമ്യൂണിസ്റ്റു വലതുപക്ഷം മടിക്കില്ല എന്നാണ് അതിനുള്ള മറുപടി.  

കാനവും ചെന്നിത്തലയും അങ്ങനെ സ്വപ്‌നങ്ങള്‍ കണ്ടുകൊള്ളട്ടെ.  തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് മറക്കാതിരുന്നാല്‍ നല്ലത്. 

 

                                                    (ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.