സംഘപ്രവര്‍ത്തകരുടെ ആദര്‍ശവാദിക്ക് വിട

Thursday 17 October 2019 3:42 am IST

താണ്ട് രണ്ടരപതിറ്റാണ്ട് തലശ്ശേരി താലൂക്കിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലെ (തലശ്ശേരി, കതിരൂര്‍, പാട്യം, മൊകേരി, പന്ന്യന്നൂര്‍, പാനൂര്‍, കുന്നോത്തുപറമ്പ്, പൊയിലൂര്‍, തൃപ്രങ്ങോട്ടൂര്‍, കടവത്തൂര്‍, പെരിങ്ങളം, കരിയാട്, ചൊക്ലി, പള്ളൂര്‍, മാഹി) സംഘപ്രവര്‍ത്തകരുടെ പ്രേരണയും ആവേശവുമായി പ്രവര്‍ത്തിച്ച മുന്‍ തലശ്ശേരി താലൂക് കാര്യവാഹ് സി.എച്ച്. ബാലേട്ടന്‍ നമ്മെ വിട്ടുപിരിഞ്ഞു എന്ന ദുഃഖവാര്‍ത്ത പ്രാന്ത സഹ സമ്പര്‍ക്കപ്രമുഖ് പി.പി. സുരേഷ്ബാബു അറിയിച്ചപ്പോള്‍ ഒരുനിമിഷം മനസ്സ് നിശ്ചലമായതുപോലെ തോന്നി. രോഗം കൂടുതലാണെന്നും തലശ്ശേരി ആശുപത്രിയില്‍നിന്നും കണ്ണൂര്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇന്നലെ പന്തക്കല്‍ പവിത്രന്‍ വിളിച്ചറിയിച്ചിരുന്നു, ഇത്രവേഗം വിട്ടുപോകുമെന്ന് ഒട്ടും കരുതിയില്ല.

 സ്വര്‍ഗീയ ബാലേട്ടനുമായി 1969 മുതലുള്ള പരിചയമാണ്, അരനൂറ്റാണ്ട് പിന്നിട്ട ഊഷ്മളമായ ബന്ധം. ഞാന്‍ അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. ബാലേട്ടന്‍, അന്ന് പാട്യം ഖണ്ഡ് കാര്യവാഹ് എന്ന ചുമതലയിലായിരുന്നു എന്നാണോര്‍മ്മ. ഈ സമയത്ത് അദ്ദേഹം റവന്യൂവകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരനായി സേവനം അനുഷ്ഠിക്കുന്നുണ്ടായിരുന്നു. തലശ്ശേരി താലൂക്കിന്റെ തെക്കന്‍ മേഖലകളില്‍ സംഘപ്രവര്‍ത്തനം പ്രാരംഭദിശയിലായിരുന്നു. നിരവധി വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ടിരുന്ന ഒരു നിര്‍ണായക ഘട്ടമായിരുന്നു അത്. ഒരുഭാഗത്ത് മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരന്തര ആക്രമണം. പാനൂര്‍, പൊയിലൂര്‍ ഭാഗങ്ങളില്‍ പി.ആര്‍. കുറുപ്പിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ എതിര്‍പ്പുകള്‍. അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുള്ള പ്രശ്നങ്ങള്‍. ഈ കാലയളവില്‍ സംഘപ്രവര്‍ത്തകര്‍ക്ക് നാഥനായി ആവേശമായി ഏതുപ്രതിസന്ധിഘട്ടത്തിലും ബാലേട്ടന്‍ രാവുംപകലും പ്രവര്‍ത്തകരുടെകൂടെ ഉണ്ടാകുമായിരുന്നു.

ശാന്തമായ അന്തരീക്ഷത്തിലും സംഘര്‍ഷാന്തരീക്ഷത്തിലും സംയമനത്തോടെ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് പ്രവര്‍ത്തകരെ ബാലേട്ടന്‍ സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചു. ബാലേട്ടന്‍ എവിടെപോയാലും ഒരുകൂട്ടം പ്രവര്‍ത്തകര്‍ കൂടെയുണ്ടാകും. ബാലേട്ടന്‍ കൂടെയുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്ന തോന്നലാണ് പ്രവര്‍ത്തകര്‍ക്ക്. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ പ്രവര്‍ത്തിച്ചുകൊണ്ട് താലൂക്കിന്റെ മുക്കിലും മൂലയിലുമുള്ള പ്രവര്‍ത്തകരെ സമ്പര്‍ക്കം ചെയ്ത് സത്യഗ്രഹത്തിന് തയ്യാറാക്കി കൃത്യമായി നടപ്പാക്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തി. കുരുക്ഷേത്ര, സുദര്‍ശനം പോലുള്ള രഹസ്യ ലഘുലേഖകള്‍ സ്ഥിരമായി എത്തേണ്ടിടത്ത് എത്തിക്കുന്നതിലും ബാലേട്ടന്‍ ശ്രദ്ധാലുവായിരുന്നു.

കുശല സംഘാടകനായിരുന്ന ബാലേട്ടന്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുന്ന സ്വയംസേവകരെ കൃത്യമായി സത്യഗ്രഹസ്ഥലത്ത് എത്തിക്കാനും പോലീസ് മര്‍ദ്ദനം നടന്നിട്ടുണ്ടെങ്കില്‍ ആ പ്രവര്‍ത്തകര്‍ക്ക് വേണ്ട ചികിത്സാവ്യവസ്ഥയും ജയിലില്‍ അടക്കപ്പെട്ട പ്രവത്തകരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും വീട്ടുകാരെ ആശ്വസിപ്പിക്കാനും സഹായിക്കാനും നേതൃത്വം വഹിച്ചു. നൂറുകണക്കിന് വീടുകളില്‍ വീട്ടുകാരിലൊരാളുമായിരുന്നു ബാലേട്ടന്‍. 1980 വരെ തലശ്ശേരി താലൂക്കിലെ സംഘപ്രവര്‍ത്തനത്തിലെ നിറസാന്നിധ്യമായിരുന്നു ബാലേട്ടന്‍. പിന്നീട് കല്‍പറ്റയില്‍ എസ്റ്റേറ്റ് മാനേജരായും കോഴിക്കോട് ലോഡ്ജ് മാനേജരായും പ്രവര്‍ത്തിച്ചു. ഗൃഹസ്ഥ ജീവിതം നയിച്ചപ്പോഴും സംഘപ്രസ്ഥാനങ്ങള്‍ക്കും, സംഘപ്രവര്‍ത്തകര്‍ക്കും ആശ്രയമായിരുന്നു.

കാര്യകര്‍ത്താ നിര്‍മാണം അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയുടെ പ്രത്യേകതയാണ്. സ്വര്‍ഗീയ പന്ന്യന്നൂര്‍ ചന്ദ്രന്‍, ടി. രാജശേഖരന്‍, ടി. രാഘവന്‍, യു. മോഹന്‍ദാസ്, കെ. രാഘവന്‍ പന്ന്യന്നൂര്‍, വി.പി. അനിലന്‍, എന്‍. രാഘവന്‍, ഒ.കെ. വാസുമാസ്റ്റര്‍, വി. ശശി, അങ്ങനെ എണ്ണമറ്റ കാര്യകര്‍ത്താഗണം ബാലേട്ടന്റെ പരിശ്രമത്തിന്റെ പരിണിതഫലമാണ്.

 കുറച്ചുമാസങ്ങളായി ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ അലട്ടികൊണ്ടിരിക്കുമ്പോഴും സാധിക്കുന്ന പരിപാടികളില്‍ അറിയിക്കുന്നതനുസരിച്ച് എത്തുമായിരുന്നു. സാന്നിധ്യം കൊണ്ട് പഴയകാല പ്രവര്‍ത്തകര്‍ക്ക് ആശയും ആവേശവുമായിരുന്ന ധീരനായ, അടിയുറച്ച ആദര്‍ശവാദിയായ ബാലേട്ടന്റെ വേര്‍പാട് താങ്ങാന്‍ അല്‍പം പ്രയാസമാണ്. ആ ധന്യാത്മാവിന്റെ സ്മരണക്കുമുന്നില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ആദരാഞ്ജലികള്‍ നേരുന്നു. 

 

                                                                                     (ആര്‍എസ്എസ് മുന്‍ ജില്ലാ കാര്യവാഹും നിലവില്‍                                                                                                   വിദ്യാഭാരതി ദേശീയ സഹകാര്യദര്‍ശിയുമാണ് ലേഖകന്‍) 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.