മുല്ലപ്പെരിയാറിലെ ദുരന്തക്കെണി

Monday 14 October 2019 3:00 am IST
പുതിയ കണക്കുകള്‍ പ്രകാരം ഭൂകമ്പ സാധ്യതയുള്ള ലോകത്തിലെ പ്രധാന 9 ഡാമുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍ ഡാം. മുല്ലപ്പെരിയാറിലെ വെള്ളം 850 മീറ്റര്‍ ഉയരത്തില്‍ അറബിക്കടലില്‍ പതിച്ചാല്‍ അറബിക്കടലിലെ വെള്ളം ഭൂമിയുടെ എതിര്‍ദിശയിലേക്ക് മാറിക്കൊടുക്കേണ്ടിവരും. പിന്നീട് ബാലന്‍സ് ചെയ്യാനായി സുനാമിപോലെ തിരിച്ചുവന്ന് ലക്ഷദ്വീപും കേരളം മുഴുവനും കര്‍ണ്ണാടകയുടെ തീരപ്രദേശങ്ങളും നശിക്കാന്‍ സാധ്യതയുണ്ട്.

മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പിടുമ്പോള്‍ ബ്രിട്ടീഷുകാരുടെ സാമന്തരാജാവായിരുന്ന വിശാഖം തിരുനാള്‍ മാഹാരാജാവ് പറഞ്ഞു, ഇത് എന്റെ ഹൃദയരക്തം കൊണ്ടാണ് ഒപ്പിടുന്നത് എന്ന്. ഇന്ന് നാം അനുഭവിക്കുന്ന പ്രതിസന്ധി അദ്ദേഹം നേരത്തെ മനസ്സിലാക്കിയിരുന്നു എന്ന് വ്യക്തം. നമ്മുടെ മണ്ണില്‍ കയറിനിന്ന് നമ്മെ അടിമകളാക്കി ഭരിച്ചുകൊണ്ടിരുന്നവരുടെ സ്ഥാനത്ത് ഇന്ന് തമിഴ്‌നാടാണ്. ഇന്ത്യയുടെ ഫെഡറല്‍സംവിധാനത്തെ വെല്ലുവുളിച്ചുകൊണ്ട് കേരളത്തിന്റെ മണ്ണില്‍ തമിഴിനാട് ഭരണം നടത്തുന്നു. കേരളത്തിന്റെ അതിര്‍ത്തികടന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭരണം അവര്‍ നടത്തുന്നു. ഇന്ത്യയിലെവിടെയും കാണാത്ത ഒരു പ്രതിഭാസമാണിത്. അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ഡാം തുറക്കാം, ഇഷ്ടമുള്ളപ്പോള്‍ അടയ്ക്കാം. 2018ല്‍ ഡാം തുറന്നപ്പോള്‍ നൂറുകണക്കിന് മനുഷ്യന്‍ മരിച്ചു. പതിനായിരകണക്കിന് വീടുകള്‍ തകര്‍ന്നു. വളര്‍ത്തുമൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങി. കേരളത്തിന്റെ പ്രകൃതി നശിച്ചു. നമുക്ക് ആരും ചോദിക്കാനും പറയാനുമില്ല. മുല്ലപ്പെരിയാര്‍ കരാറിലൂടെ ബ്രിട്ടീഷുകാര്‍ പതിനായിരം ഏക്കര്‍ സ്ഥലത്തെ പുരാതനമായ മരങ്ങള്‍ വെട്ടിക്കൊണ്ടുപോയി. രത്‌നങ്ങളും ധാതുക്കളും കവര്‍ന്നു. വന്യമൃഗങ്ങളെ വേട്ടയാടി. പ്രദേശവാസികളെയും ആദിവാസികളെയും അടിമകളാക്കി, തിന്നുംകുടിച്ചും ഉല്ലസിച്ചും ജീവിച്ചു. അല്ലാതെ ഈ കരാര്‍ തമിഴനെ വൈള്ളം കുടിപ്പിക്കാനല്ല ഉണ്ടാക്കിയത്. 

രാജഭരണകാലത്ത് ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ മഹാരാജാവിന് എറിഞ്ഞുകൊടുത്ത 40,000 രൂപയെന്ന പാട്ടത്തുക 1970 ആയപ്പോള്‍ ജനാധിപത്യസര്‍ക്കാര്‍ 10 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ച് കേരളത്തിലെ ജനങ്ങളെ സന്തോഷഭരിതരാക്കി. ആനന്ദലബ്ദിക്കിനി എന്തുവേണം. കേരളജനത സന്തോഷംകൊണ്ട് മതിമറന്ന് തുള്ളിച്ചാടി. പാര്‍ട്ടി അണികള്‍ ആനന്ദനൃത്തം ചെയ്തു. 1970ല്‍ കരാര്‍ പുതുക്കി കൊടുത്തപ്പോള്‍ 400 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അധികാരവും തമിഴ്‌നാടിന് കൊടുത്ത് നമ്മുടെ ജനാധിപത്യസര്‍ക്കാര്‍ ദീനദയാലുത്വത്തിന് കേന്ദ്രമാതൃകയായി. 1970ലെ കരാറിലൂടെ നമുക്ക് മീന്‍പിടിക്കാനുള്ള സ്വാതന്ത്ര്യം എന്ന മഹാസ്വാതന്ത്ര്യം ലഭിച്ചു. മുല്ലപ്പെരിയാര്‍ ഡാം പണിതുകഴിഞ്ഞപ്പോള്‍ തമിഴ്‌നാട് പെരിയാറിലേക്ക്് ഒരുതുള്ളി വെള്ളംപോലും കടത്തിവിടാന്‍ തയ്യാറായില്ല. ആയിരക്കണക്കിന് ഹെക്ടര്‍ വനമാണ് വെള്ളമില്ലാതെ നശിച്ചത്. പ്രകൃതിയും വന്യമൃഗങ്ങളും കാണുന്നതും കാണാത്തതുമായ ആയിരകണക്കിന് ജീവിവര്‍ഗ്ഗങ്ങളും സസ്യങ്ങളുമാണ് നശിച്ചത്. പെരിയാറില്‍ ജലം കുറഞ്ഞപ്പോള്‍ പെരിയാറിന്റെ കൈവഴികളും ചെറുനദികളും ഇല്ലാതായി. ചെറുതോടുകളില്‍കൂടി പുരാതന കാലം മുതല്‍ ഉണ്ടായിരുന്ന ജലഗതാഗതം അസ്തമിച്ചു. ഉണങ്ങിവരണ്ട കൈവഴികള്‍ ജനങ്ങള്‍ കൈയേറി കൃഷി സ്ഥലങ്ങളാക്കി. അങ്ങനെ കേരളത്തിന്റെ ഗംഗയായിരുന്ന, 43 നദികളുടെ ജലസ്രോതസ്സായിരുന്ന പെരിയാര്‍ മരിച്ചു. ഇപ്പോള്‍ ഒഴുകുന്നത് പെരിയാറിന്റെ ശോഷിച്ച പുനര്‍ജന്മമാണ്. ഒരു നദിയുടെ കണ്ണുനീരാണ്. 

1964ല്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം പരിശോധിച്ച് ഡാം തകര്‍ച്ചയിലാണെന്ന് പറഞ്ഞപ്പോള്‍ കേരളം ഞെട്ടി. 1978ല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ അതേ കപ്പാസിറ്റിയുള്ള ചൈനയിലെ ബാങ്കിയാവോ ഡാമിന്റെ തകര്‍ച്ച ജനങ്ങളെ ഭീതിയിലാഴ്ത്തി. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി ചോദിച്ച ചോദ്യം ഇന്നും പ്രസക്തമാണ്. പഴയ ഡാമിന്റെ സ്ഥാനത്ത് ഒരു പുതിയ ഡാം. എന്താണ് തെറ്റ്. ഇന്നും ഈ ചോദ്യത്തിന് ഉത്തരമില്ല. എങ്ങനെ ഒരു കേസ് സുപ്രീം കോടതിയില്‍ തോല്‍ക്കാം എന്നതിന്റെ ഒരു ഗവേഷണപ്രബന്ധമാണ് കേരളവും തമിഴ്‌നാടും സുപ്രീംകോടതിയില്‍ നടത്തിയ കേസ്. കേരളവും തമിഴ്‌നാടും മറ്റൊന്നുകൂടി ഉണ്ടാക്കി സുപ്രീം കോടതിയുടെ മേശപ്പുറത്ത് വച്ചിട്ടുണ്ട്. ഡാം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട്. ഡാം വിദഗ്ധരൊന്നും പരിശോധിക്കാതെയാണ് ഈ റിപ്പോര്‍ട്ടുണ്ടായത്.

സുപ്രീം കോടതി ചോദിച്ചത് നിങ്ങള്‍ 125 വര്‍ഷം പഴക്കമുള്ള ഈ ഡാമിന്റെ അടിയില്‍ ഉറങ്ങികിടക്കുകയാണോ എന്നാണ്. ഈ ചോദ്യം ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് സുപ്രീം കോടതി മൂന്ന് സര്‍ക്കാരുകളോടും (കേന്ദ്ര-കേരള-തമിഴ്‌നാട് സര്‍ക്കാര്‍) വെവ്വേറെ ദുരന്ത നിവാരണസമിതികള്‍ ഉണ്ടാക്കണമെന്ന് ഉത്തരവിട്ടു. ഈ സമിതികള്‍ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. ഇത് 2018 ജനുവരി 11ന് ഉണ്ടായ ഉത്തരവാണ്. പ്രളയം ഉണ്ടായപ്പോള്‍ ഞങ്ങളെ രക്ഷിക്കണമെന്നും മുല്ലപ്പെരിയാര്‍ഡാമിലെ ജലനിരപ്പ് 142 അടിയില്‍നിന്നും മൂന്ന് അടിയെങ്കിലും കുറയ്ക്കണമെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടിന് കത്തെഴുതിയിരുന്നു. എന്നാല്‍ കത്തിന് ലഭിച്ച മറുപടി 142 അടിയില്‍നിന്നും 152 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ത്തുകയാണ് എന്നാണ്. പിന്നീട് സുപ്രീംകോടതിയെ സമീപിച്ചുകൊണ്ട് ജലനിരപ്പ് 142 അടിയില്‍നിന്നും 139 അടിയിലേക്ക് കുറയ്ക്കാനുള്ള ഉത്തരവ് നേടുകയായിരുന്നു. ഇത് തമിഴ്‌നാടിന്റെ മുഖത്തേറ്റ വലിയ പ്രഹരമായിരുന്നു. 

ഭൂകമ്പങ്ങളുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.5ല്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ഭൂകമ്പങ്ങള്‍ ഇവിടെ ഉണ്ടാകാം. മുല്ലപ്പെരിയാര്‍ ഡാമിന്റെ 15 കി.മീ. ചുറ്റളവില്‍ ഭൂചലനമുണ്ടായാല്‍ ഡാം നശിക്കുമെന്നും ആറ് ജില്ലകളിലെ 50 ലക്ഷം ജനങ്ങള്‍ ദാരുണമായി കൊല്ലപ്പെടുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ കണക്കുകള്‍പ്രകാരം ഭൂകമ്പ സാധ്യതയുള്ള ലോകത്തിലെ പ്രധാന 9 ഡാമുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍ ഡാം. റിക്ടര്‍ സ്‌കെയിലില്‍ 6.5 വരെ ഭൂചലനത്തിന് സാധ്യതയുള്ള തേക്കടി, കൊടൈക്കനാല്‍ മേഖലകള്‍ മുല്ലപ്പെരിയാറിന് സമീപത്താണ്. മുല്ലപ്പെരിയാറിലെ വെള്ളം 850 മീറ്റര്‍ ഉയരത്തില്‍ അറബിക്കടലില്‍ പതിച്ചാല്‍ അറബിക്കടലിലെ വെള്ളം ഭൂമിയുടെ എതിര്‍ദിശയിലേക്ക് മാറിക്കൊടുക്കേണ്ടിവരും. പിന്നീട് ബാലന്‍സ് ചെയ്യാനായി സുനാമിപോലെ തിരിച്ചുവന്ന് ലക്ഷദ്വീപും കേരളം മുഴുവനും കര്‍ണ്ണാടകയുടെ തീരപ്രദേശങ്ങളും നശിക്കാന്‍ സാധ്യതയുണ്ട്. 

നമ്മള്‍ ഒരു മഹാദുരന്തത്തിന്റെ വക്കിലാണ്. എന്നാല്‍ നിസ്സാരവും യാതൊരു പ്രയോജനമില്ലാത്തതുമായ കാര്യങ്ങളുടെ തിരക്കിലുമാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ നാം കൃത്യമായി മനസ്സിലാക്കി വേണ്ട നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.