ഡിഎന്‍എ ബില്‍ നിയമമായാല്‍?

Monday 6 January 2020 4:28 am IST
ഡിഎന്‍എ എന്നു ചുരുക്കി വിളിക്കുന്ന ഡിയോക്‌സി റൈബോ ന്യൂക്ലിക് ആസിഡ് ശരീരത്തിലോരോ കോശത്തിലുമുണ്ട്. ഓരോ വ്യക്തിയിലും ഇവ വ്യത്യസ്തമാണ്. ഇതിന്റെ പഠനം വഴി വ്യക്തിയുടെ സ്വഭാവ സവിശേഷതയും ജനിതക തകരാറുകളും കണ്ടെത്താം

''കൂടത്തായി കൊലപാതക പരമ്പര കേസില്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു. കല്ലറയില്‍ നിന്നെടുത്ത സാമ്പിളുകളുമായുള്ള ബന്ധമുറപ്പിക്കാന്‍ വേണ്ടിയാണിത്.''

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക കേസിനെപ്പറ്റി വന്ന വാര്‍ത്തകളിലൊന്നാണിത്. കല്ലറയില്‍ മണ്ണിലലിഞ്ഞ ശരീരഭാഗങ്ങളുടെ സാമ്പിളെടുത്താല്‍ എങ്ങനെ ആളെ തിരിച്ചറിയാം എന്ന ചോദ്യത്തിന്, 'ഡിഎന്‍എ പരിശോധിച്ചാല്‍ പോരെ'' എന്ന് പറയാനുള്ള വൈദഗ്ധ്യം മലയാളി നേടിക്കഴിഞ്ഞു. പിതൃത്വ പരിശോധനയ്ക്കപ്പുറം ഒരാളെ തിരിച്ചറിയാനും അയാളുടെ സ്വഭാവ സവിശേഷതകള്‍ കണ്ടെത്താനും ഡിഎന്‍എ പഠനത്തിലൂടെ കഴിയും. ഈ സാധ്യതയാവാം ഡിഎന്‍എ റെഗുലേഷന്‍ ബില്‍ എന്ന പേരില്‍ അവതരിപ്പിക്കുന്നതിന് പിന്നില്‍.

വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് വിമര്‍ശനമുയര്‍ന്ന ഡിഎന്‍എ ടെക്‌നോളജി റെഗുലേഷന്‍ ബില്‍ പാര്‍ലമെന്റിന്റെ സ്ഥിരം സമിതിയുടെ പരിശോധനയിലാണ്. ജൂലൈയില്‍ ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണനയിലിരിക്കെയാണ് അധ്യക്ഷന്‍ വെങ്കയ്യ നായിഡു സ്ഥിരം സമിതിക്ക് കൈമാറിയത്. സമിതി ഭേദഗതി നിര്‍ദേശിക്കുകയും അത് രാജ്യസഭ പാസാക്കുകയും ചെയ്താല്‍ വീണ്ടും ഈ ബില്‍ ലോക്‌സഭയിലവതരിപ്പിക്കേണ്ടി വരും. ജനിതകഘടന പരിശോധിച്ച് കുറ്റകൃത്യം കണ്ടെത്തുന്നതാണിതിലെ പ്രധാന വ്യവസ്ഥ. ദേശീയ, മേഖലാതലങ്ങളില്‍ ഡിഎന്‍എ ഡാറ്റാ ബാങ്കിനും ശുപാര്‍ശയുണ്ട്. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനകാലത്താണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ലോക്‌സഭ പാസ്സാക്കിയ ബില്ലിന് രാജ്യസഭയില്‍ അംഗീകാരം ലഭിച്ചില്ല. 

ഡിഎന്‍എ എന്നു ചുരുക്കി വിളിക്കുന്ന ഡിയോക്‌സി റൈബോ ന്യൂക്ലിക് ആസിഡ് ശരീരത്തിലോരോ കോശത്തിലുമുണ്ട്. ഓരോ വ്യക്തിയിലും ഇവ വ്യത്യസ്തമാണ്. ഇതിന്റെ പഠനം വഴി വ്യക്തിയുടെ സ്വഭാവ സവിശേഷതയും ജനിതക തകരാറുകളും കണ്ടെത്താം. ഓരോ വ്യക്തിയുടെയും ഡിഎന്‍എയില്‍ തിരിച്ചറിയാവുന്ന ഒരു ഭാഗം (സ്ട്രാന്‍ഡ്) തിരഞ്ഞെടുക്കുകയും അതിനെ പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) എന്ന പ്രക്രിയയിലൂടെ വികസിപ്പിച്ചു പഠനങ്ങള്‍ നടത്തുകയും ചെയ്യുന്നു. പിസിആര്‍ എന്ന ഘട്ടമുള്ളതിനാല്‍ എത്ര കുറഞ്ഞ അളവില്‍ സാമ്പിള്‍ ലഭിച്ചാലും അതിനെ പഠനത്തിനാവശ്യമായ അളവിലേക്ക് വികസിപ്പിക്കാം. തിരഞ്ഞെടുക്കുന്ന ഡിഎന്‍എ ഭാഗത്തിലെ ആവര്‍ത്തന സ്വഭാവമുള്ളവയുടെ പഠനവും മറ്റൊരു മാര്‍ഗം തന്നെയാണ്. വിരലടയാളം പോലെ വ്യത്യസ്തമായ ഡിഎന്‍എയുടെ പ്രത്യേകത കണ്ടെത്തുന്ന ഈ വിദ്യയെ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിംഗ് എന്നും വിളിക്കുന്നു. വിദേശ രാജ്യങ്ങളില്‍ കേസന്വേഷണങ്ങള്‍ക്കും ചികിത്സയ്ക്കും ഈ സാങ്കേതികത ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയിലിപ്പോള്‍ തന്നെ സസ്യങ്ങളില്‍ ഇത്തരത്തില്‍ ഡാറ്റാ ബേസ് സംവിധാനം നിലവിലുണ്ട്.

2001-ല്‍ ലോകവ്യാപാര കേന്ദ്രത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിലെ ഇരകളെ കണ്ടെത്താനും 2004-ല്‍ ഏഷ്യന്‍ സുനാമിയില്‍പ്പെട്ടവരെ തിരിച്ചറിയാനും ഈ വിദ്യ ഉപയോഗിച്ചിരുന്നു. ഇന്ത്യയില്‍ ഇത്തരം ഒരു ഡാറ്റ ബേസ് നിലവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കാനും കാണാതായവരെ കണ്ടെത്താനുമായാണ് ഉപയോഗിക്കുക.

ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ നിയമം 1956, ദി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് 1988, തുടങ്ങി 1860 ലെ ഇന്ത്യന്‍ പീനല്‍കോഡിന് കീഴിലുള്ള നിയമ വീഴ്ചകളില്‍ പ്രതിയാകുന്നവരുടെ ഡാറ്റാ ബേസാണാദ്യം തയ്യാറാക്കുന്നത്. കുറ്റകൃത്യങ്ങളില്‍ പ്രതിയാകുന്നവരുടെ സമ്മതമില്ലാതെയും സാധാരണ പൗരന്മാരുടെ സമ്മതത്തോടെയുമേ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കാനാവൂ. പിതൃത്വ തര്‍ക്കത്തിലും, പാരമ്പര്യം വിഷയമാകുന്ന കേസുകളിലും വിദേശയാത്രയ്ക്കും അവയവദാനത്തിനും ഇതു നിര്‍ബന്ധമാക്കണം. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളാണ് ബില്ലിലുള്ളത്. ഡിഎന്‍എ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അനുമതിയുള്ള ലാബുകളിലേ ഇത്തരം ടെസ്റ്റുകള്‍ അനുവദിക്കൂ. മാത്രമല്ല ഈ ലാബുകള്‍ക്ക് ലൈസന്‍സ് രണ്ടുവര്‍ഷത്തേക്കാണ് നല്‍കുക.

ഈ ബില്ലിനെതിരെയുള്ള സാമൂഹ്യപ്രവര്‍ത്തകരുടെ പ്രതിഷേധം നിലവിലുണ്ട്. ഒരുപക്ഷേ ഡിഎന്‍എയില്‍ അടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് വ്യക്തിയുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായേക്കാമെന്ന ചിന്തയാണ് ഇതിന് പിന്നില്‍. മാത്രമല്ല ഇത് സാര്‍വ്വത്രികമായാല്‍ ഭാവിയില്‍ രക്തഗ്രൂപ്പുപോലെയോ ആധാര്‍ നമ്പര്‍പോലെയോ തിരിച്ചറിയല്‍ രേഖയാകാനും സാധ്യതയേറെ. ജനിതകരോഗങ്ങള്‍, കുറവുകള്‍, വൈകല്യങ്ങള്‍ ഇവ  വിവേചനത്തിലേക്കും അസമത്വത്തിലേക്കും സമൂഹത്തെ നയിച്ചേക്കാം എന്നും ആശങ്കപ്പെടുന്നു. കേവലം അന്വേഷണ ഉപാധി എന്നതിനപ്പുറം വിവരങ്ങള്‍ സൂക്ഷിക്കാനുള്ള സുരക്ഷാ സംവിധാനം കൂടി ഈ ബില്ലില്‍ ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പരിഗണനയില്‍ ഇരിക്കുന്ന ഈ ബില്‍ നിയമമായാല്‍ പല സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും സ്വകാര്യ ലംഘനങ്ങള്‍ക്കും വഴിവച്ചേക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.