ആര്‍ട്‌സ് കോളേജിലെ എസ്എഫ്‌ഐ ഗൂണ്ടായിസത്തിനു നേതൃത്വം നല്‍കിയത് ചെയര്‍മാന്‍ സമീര്‍; വനിതാമതിലില്‍ പങ്കെടുക്കാത്ത പെണ്‍കുട്ടികളെ യൂണിറ്റ് മുറിയില്‍ ചോദ്യം ചെയ്തു

Tuesday 16 July 2019 11:09 am IST

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിനു പിന്നാലെ എസ്എഫ്‌ഐയുടെ തേര്‍വാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇത്തവണ എസ്എഫ്‌ഐയുടെ ഏകാധിപത്യം നിലനില്‍ക്കുന്ന ആര്‍ട്‌സ് കോളേജിലാണ് ഗൂണ്ടായിസത്തിന്റെ വിശദാംസങ്ങള്‍ പുറത്തുവരുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസ സമൂഹത്തിന് എതിരായി പിണറായി സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതമതിലിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിനികളെ ആണ് എസ്എഫ്‌ഐ നേതാക്കള്‍ മാനസികമായി പീഡിപ്പിച്ച്. കോളേജിലെ യൂണിറ്റ് മുറിയില്‍ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയാണ് പെണ്‍കുട്ടികളെ ചോദ്യം ചെയ്തത്. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. എസ്എഫ്‌ഐ ചെയര്‍മാന്‍ സമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടികളെ ചോദ്യം ചെയ്തതിനു പിന്നില്‍. ഇപ്പോഴും കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ പേടി മൂലം പരാതി നല്‍കാന്‍ മടിക്കുകയാണ്.  

വനിതാമതിലിന്റെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനു പെണ്‍കുട്ടികളോടു വിശദീകരണം ചോദിക്കുന്നതും അവര്‍ പറയുന്ന മറുപടിയില്‍ തൃപ്തിപ്പെടാതെ എസ്എഫ്‌ഐ നേതാക്കള്‍ പ്രതികരിക്കുന്നതുമാണ് ശബ്ദരേഖയിലുള്ളത്. വേറൊരു പരിപാടിയിലും പങ്കെടുക്കരുതെന്നും പഠിക്കാനാണ് വരുന്നതെങ്കില്‍ പഠിച്ചിട്ട് പോകുക മാത്രമേ ചെയ്യാവൂ എന്നും പെണ്‍കുട്ടികളോട് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുണ്ട്. മുന്‍കാലങ്ങളായിരുന്നെങ്കില്‍ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരുന്നാല്‍ കോളേജില്‍ നിന്ന് തന്നെ പുറത്താക്കാറുണ്ടെന്ന ഭീഷണിയും നേതാക്കളില്‍ നിന്നുണ്ടാകുന്നുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ യൂണിറ്റ് മുറി ഇടിമുറിയാണെങ്കില്‍ ഇവിടെ ചോദ്യം ചെയ്യല്‍ കേന്ദ്രമാണ്. എസ്എഫ്‌ഐയുടെ പരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കുന്ന വിദ്യാര്‍ഥികളെ യൂണിറ്റ് മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുന്നത് വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന പരിപാടിയാണെന്ന് പൂര്‍വ വിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.