കാവേരിയില്‍ നിന്നും തമിഴ്‌നാടിന് അടിയന്തരമായി ജലം നല്‍കണം

Thursday 3 May 2018 1:04 pm IST

ന്യൂദല്‍ഹി: കാവേരി നദിയില്‍ നിന്ന് രണ്ട് ടിഎംസി ജലം തമിഴ്‌നാടിന് അടിയന്തരമായി വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവ് ഉണ്ടായിട്ടും ജലം വിട്ടുനല്‍കുന്നില്ലെന്ന് ആരോപിച്ച്‌ തമിഴ്‌നാട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 

ഉത്തരവ് പാലിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടും കോടതി നിര്‍ദ്ദേശിച്ചു. കാവേരി നദീജലം പങ്കുവയ്ക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചരണത്തിലായതിനാല്‍ അംഗീകാരം നേടാനായിട്ടില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചു. 

കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുമായി കാവേരി ജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച പദ്ധതി രേഖ മേയ് മൂന്നിനുള്ളില്‍ തയാറാക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജലം വിട്ടു കൊടുക്കാന്‍ ഫെബ്രുവരി 16ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും കര്‍ണാടക സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.