പിതാവ് പാക് പൗരനാണെന്നത് മറച്ചുവെച്ചു; പ്രധാനമന്ത്രിക്കെതിരെ ലേഘനമെഴുതിയ ആതിഷ് അലി തസീറിന്റെ വിദേശ പൗരന്‍ പദവി റദ്ദാക്കി; തസീറിന് പിന്തുണയുമായി ശശി തരൂര്‍

Friday 8 November 2019 12:38 pm IST

ന്യൂദല്‍ഹി : പാക് ബന്ധം മറച്ചുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലേഖനമെഴുതിയ ബ്രിട്ടീഷുകാരനായ ആതിഷ് അലി തസീറിന്റെ വിദേശ പൗരനെന്ന പദവി ഇന്ത്യ റദ്ദാക്കി.  തെരഞ്ഞെടുപ്പ് കാലത്ത് ടൈം മാഗസിന് നല്‍കിയ ലേഖനത്തിലാണ് തസീര്‍ മോദിക്കെതിരെ പ്രതിപാദിച്ചത്. പാക് ബന്ധം മറച്ചുവെച്ചാണ് തസീര്‍ ലേഖനം നല്‍കിയത്. 

തസീറിന്റെ പിതാവ് പാക് പൗരനാണ്. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ മറച്ചുവെച്ചതോടയാണ് ഇന്ത്യ നല്‍കിയ വിദേശ പൗരനെന്ന പദവിയും റദ്ദാക്കിയിട്ടുണ്ട്. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡും ഇതോടെ തസീറിന് നഷ്ടമാകും. വ്യക്തിയെ സംബന്ധിച്ചുള്ള വിവരമാണ് അദ്ദേഹം മറച്ചുവെച്ചത്. ഇതിനെതിരെയുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 

അതേസമയം മോദിക്കെതിരെ ലേഖനം എഴുതിയതിനെ തുടര്‍ന്നാണ് തസീറിന്റെ ഒസിഐ കാര്‍ഡ് അസാധുവാക്കിയതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. വിഷയത്തില്‍ തസീറിന് മറുപടിയോ എതിര്‍പ്പോ സമര്‍പ്പിക്കാന്‍ കേന്ദ്രം അവസരം നല്‍കിയെങ്കിലും ഇയാളുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. ഇതുസംബന്ധിച്ച് വിദേശ മന്ത്രാലയം അയച്ച നോട്ടീസിന് മറുപടി നല്‍കിയില്ലെന്നും വക്താവ് പറഞ്ഞു. 

1955 ലെ പൗരത്വ നിയമപ്രകാരം ആതിഷ് അലി തസീര്‍ ഒസിഐ കാര്‍ഡ് കൈവശം വെയ്ക്കാന്‍ യോഗ്യനല്ല. രാജ്യം മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങളൊന്നും അദ്ദേഹം പാലിച്ചില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ വിഷയത്തില്‍ തസീറിനെ പിന്തുണയുമായി ശശി തരൂര്‍ രംഗത്ത് എത്തി. വിദേശ പൗരനെന്ന പദവി റദ്ദാക്കിയ നടപടിയെ അപലപിച്ച അദ്ദേഹം വിവരങ്ങള്‍ നല്‍കാന്‍ തസീറിന് സമയം നല്‍കിയെന്ന വിദേശമന്ത്രാലയ വക്താവിന്റെ അറിയിച്ചത് വേദനാജനകമാണെന്നും അറിയിച്ചു. അതേസമയം താന്‍ എംഎച്ച്എയ്ക്ക് കത്തെഴുതിയതായും മറുപടി നല്‍കാന്‍ ആവശ്യമായ സമയം അനുവദിച്ചില്ലെന്നും ആതിഷ് തസീര്‍ പ്രതികരിച്ചു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.