ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടുന്നു; താനാജി തിയെറ്ററുകളിലും നോട്ടുമഴ പെയ്യിക്കുന്നു (വീഡിയോ)

Monday 20 January 2020 10:49 am IST

അജയ് ദേവഗണ്‍ നായകനായ താനാജി ദ അണ്‍സങ് വാരിയര്‍ പത്തുദിവസം കൊണ്ട് നേടിയത് 150 കോടിയിലധികം രൂപയാണ്. റിലീസ് ചെയ്ത തിയെറ്ററുകളില്‍ ടിക്കറ്റ് ലഭിക്കാതെ മടങ്ങുന്നവരുടെ നീണ്ട നിരയാണ് ഇപ്പോഴും. ബോക്‌സോഫീസില്‍ പണം നിറച്ച താനാജി ഇപ്പോള്‍ തിയെറ്ററുകളില്‍ നോട്ടു മഴ പെയ്യിക്കുകയാണ്. മഹാരാഷ്ട്രയിലെ കോലാപൂര്‍ പദ്മ ടാക്കീസില്‍ കഴിഞ്ഞദിവസം കണ്ട കാഴ്ച പലരും ഇതിനകം ട്വീറ്റ് ചെയ്തു കഴിഞ്ഞു. അജയ് ദേവ്ഗണിനെ ആദ്യമായി കാണിക്കുന്ന സീന്‍ എത്തുമ്പോള്‍ നോട്ടുകള്‍ തിയെറ്ററുകളില്‍ വാരി എറിഞ്ഞാണ് ആരാധാകര്‍ ആവേശം പങ്കിട്ടത്. 

2020 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ എന്നാണ് ബോളിവുഡ് നിരീക്ഷകര്‍ താനാജിയെ വിശേഷിപ്പിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് നിരൂപകര്‍ നല്‍കുന്നതെങ്കിലും കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ വന്‍ വിജയം തന്നെയാണ്. ചിത്രത്തിന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് താനാജിയിലെ നടനും നിര്‍മാണ പങ്കാളിയുമായ അജയ് ദേവഗണ്‍ രംഗത്തെത്തിയിരുന്നു. അജയ് പങ്കുവെച്ച എന്ന ഹാഷ്ടാഗും ഇപ്പോള്‍ സാമൂഹിമ മാധ്യമങ്ങളില്‍ ഹിറ്റാണ്. സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ മാതൃകയില്‍ താനാജി എന്ന മറാത്തി യുദ്ധവീരന്റെ കഥ പറയുന്ന ചിത്രം ഒരിടവേളക്ക് ശേഷമുള്ള കാജോളിന്റെ മടങ്ങി വരവിനും വഴിവെച്ചിരിക്കുന്നു. 

ത്രീഡി ഫോര്‍മാറ്റിലിറങ്ങിയ താനാജി ദൃശ്യവിരുന്ന് തന്നെയാണ്. ക്രൂരനായ ഉദയബാന്‍ സിങ് റാത്തോഡായി സേഫ് അലിഖാന്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നു തന്നെ വിശേഷിപ്പിക്കാം. താനാജിയുടെ യുദ്ധവീര്യത്തിനൊപ്പമെത്താന്‍ അജയ് ദേവ്ഗണിനാകുന്നില്ലെങ്കിലും അഭിനയം വിരസമാക്കുന്നില്ല. ചരിത്രത്തിന്റെ തുടര്‍ച്ച പറയാതെ പറയുന്നുണ്ട് താനാജി. ഭാരതത്തെ നേരിടാന്‍ ഭാരതീയനായ പോരാളിയെ മുന്നില്‍ നിര്‍ത്തിയ ഔറംഗസേബ് തന്ത്രം തുടരുന്നു. സമകാലീന ഭാരതത്തില്‍ ഔറംഗസേബുമാര്‍ ഉദയബാന്‍ സിങ് റാത്തോഡുമാരെ സൃഷ്ടിക്കുന്നു. ഇന്നത്തെ ഇന്ത്യന്‍ സിനിമാ ലോകം അതിന് ഉത്തമ ഉദാഹരണമാവുകയാണ്. ഔറംഗസേബുമാര്‍ക്കുമുന്നില്‍ ഈ ശിഖണ്ഡികള്‍ തിരിച്ചറിയണം, താനാജി യുഗം അവസാനിച്ചില്ലെന്ന്. ഇത് ചിത്രം നിശ്ശബ്ദമായി പറഞ്ഞുവയ്ക്കുന്നു.

താനാജിക്കൊപ്പം പുറത്തിറങ്ങിയ ദീപിക പദുക്കോണ്‍ ചിത്രമായ ചപ്പാക്കിന് സന്തോഷിക്കാന്‍ വകയില്ല എന്നതാണ് സത്യം. ആദ്യദിനം തന്നെ വന്‍കളക്ഷന്‍ ലക്ഷ്യംവെച്ചിരുന്ന സിനിമക്ക് 5 കോടിയില്‍ താഴെ കളക്ഷന്‍ നേടാനെ കഴിഞ്ഞിരുന്നുള്ളു. 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.