പരിശോധനകള്‍ പേരിനു മാത്രം; നഗരത്തില്‍ പഴകിയ ഭക്ഷണസാധനങ്ങളുടെ വില്‍പ്പന സുലഭം

Wednesday 10 July 2019 4:24 pm IST

തിരുവനന്തപുരം: പഴകിയ ഭക്ഷണ സാധനങ്ങളുടെ വില്‍പ്പന നഗരത്തില്‍ സുലഭം. ക്യത്യമായി പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥരാകട്ടെ അതൊട്ട് ചെയ്യുന്നുമില്ല. മത്സ്യവും മാംസവും കൂടാതെ പച്ചക്കറികളിലും പഴങ്ങളിലും പാചകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങളിലും രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുള്ള കച്ചവടമാണ് നഗരത്തില്‍ പൊടിപൊടിക്കുന്നത്. 

നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും ശുചിയായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നവയല്ല. കഴിഞ്ഞ ദിവസം കിഴക്കേകോട്ടയില്‍ ഇത്തരത്തില്‍ പുഴുവീണ ഭക്ഷണം വിളമ്പിയതാണ് നഗരത്തിലെ അവസാന സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് നഗരത്തിലെ ഹോട്ടലുകളില്‍ നടന്ന പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകംചെയ്യുന്നതെന്നും പഴക്കംചെന്ന ഭക്ഷണമാണ് പലയിടത്തും വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു. 

അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് പഴകിയതും രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തതുമായ മത്സ്യവും പച്ചക്കറികളും നഗരത്തിന്റെ പ്രധാന വിപണനകേന്ദ്രങ്ങളില്‍ എത്തുന്നത്. അവിടെനിന്നുമാണ് നഗരത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഇത് വിതരണം ചെയ്യുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കേടുവന്ന മത്സ്യം നഗരത്തിലെത്തുന്നത്. അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളില്‍ ഉണ്ടായിരുന്ന പരിശോധനകള്‍ കാര്യക്ഷമമല്ലാത്തതാണ് ഇവ നഗരത്തിലേക്കെത്തുന്നതിന്റെ പ്രധാന കാരണം. പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മത്സ്യങ്ങള്‍ എളുപ്പത്തില്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് കച്ചവടക്കാരെ സഹായിക്കുന്നത്. 

കഴിഞ്ഞ ദിവസം നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നിന്ന് പഴക്കം ചെന്നതും ഫോര്‍മാലിന്‍ കലര്‍ത്തിയതുമായ മത്സ്യം പിടിച്ചെടുത്തിരുന്നു. അധികമായ അളവില്‍ മത്സ്യത്തില്‍ ചേര്‍ക്കുന്ന ഫോര്‍മാലിന്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകും എന്നുമാത്രമല്ല ജീവന്‍തന്നെ അപകടത്തിലാക്കും. മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍, അമോണിയ എന്നീ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടുണ്ടോ എന്നറിയാനുള്ള കിറ്റ് വിപണിയില്‍ ലഭ്യമാണ്. 

ഇതില്‍ ഒരു സൊല്യൂഷനും സ്ട്രിപ്പും ഉണ്ടാകും. സൊല്യൂഷന്‍ മത്സ്യത്തിന്റെ പുറത്ത് പുരട്ടിയശേഷം രണ്ടു മിനിട്ടിനുള്ളില്‍ നിറവ്യത്യാസം ഉണ്ടാകുന്നെങ്കില്‍ സ്ട്രിപ്പിലുള്ള നിറങ്ങളുമായി ചേര്‍ത്തുനോക്കി ഫോര്‍മാലിനോ അമോണിയയോ കലര്‍ന്നിട്ടുണ്ടോ എന്ന് മനസിലാക്കാം. ഇത്തരത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടുണ്ട് എന്ന് മനസിലാക്കിയാല്‍ ഫുഡ്‌സേഫ്റ്റി വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ 1800 425 1125 വിളിച്ചറിയിക്കാം.

നഗരത്തില്‍ ഇറച്ചിവില്‍പ്പന നടത്തുന്നവരില്‍ പലര്‍ക്കും ലൈസന്‍സ് ഇല്ല എന്നതാണ് മറ്റൊരു പ്രധാനപ്രശ്‌നം. മാംസത്തിനായി കൊണ്ടുവരുന്നവയുടെ ആരോഗ്യപരിശോധനയും നടത്താറില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യമായ പരിശോധന ഉണ്ടായാല്‍ മാത്രമേ ഇതിന് ശാശ്വതപരിഹാരം കാണാന്‍ സാധിക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.