അവരെ ഒരുമിപ്പിച്ചത് ആരാണ് ?

Friday 22 November 2019 6:36 am IST

എന്താണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞതിന്റെ പൊരുള്‍? ഭാരതത്തെ, ബാഹ്യശക്തികളുടെ സഹായത്തോടെ ഇല്ലാതാക്കാനും രാജ്യത്ത് അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനും എന്നും ശ്രമിച്ചുപോന്നിട്ടുള്ള രണ്ട് ശക്തികള്‍ കേരളത്തിലും പരസ്പരം കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത് എന്നാണത്. മാവോയിസ്റ്റ് ജിഹാദികള്‍! ഇത് പലരും കരുതുന്നതുപോലെ ബ്രേക്കിങ് ഇന്‍ഫര്‍മേഷനോ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയോ ഒന്നുമല്ല. കാലങ്ങളായി ഭരണത്തിലും പ്രതിപക്ഷത്തും മാറിമാറി ഇരിക്കുന്നവര്‍ക്കും ഈ മേഖല കൈകാര്യം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥ വൃന്ദത്തിനുമൊക്കെ പകല്‍പോലെ വ്യക്തമായി അറിയുന്ന സത്യമാണിത്. മുഖ്യമന്ത്രിമാരായിരുന്ന വി.എസ്. അച്യുതാനന്ദനും എ.കെ. ആന്റണിയും കേരളം നേരിടുന്ന ഇസ്ലാമിക തീവ്രവാദ ഭീഷണിയെ കുറിച്ച് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

അതുകൊണ്ടു തന്നെ, പി. മോഹനന്‍ എന്തുകൊണ്ട് ഇപ്പോള്‍ പറഞ്ഞുവെന്നാണ് സിപിഎം അനുയാത്രികരും, ഇടത് സഖ്യകക്ഷികളും ഇടത് ലിബറല്‍ ബുദ്ധിജീവി പട്ടമുള്ളവരും ഒക്കെ അന്വേഷിക്കേണ്ടത്. പ്രസ്താവനയെ വൈകിവന്ന വിവേകം എന്ന് വിശേഷിപ്പിച്ച് ബിജെപി സ്വാഗതം ചെയ്‌തെങ്കിലും ദേശസുരക്ഷയെക്കുറിച്ച് ബിജെപിക്കുള്ള ആശങ്കയൊന്നും പങ്കുവയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമല്ല സിപിഎം എന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ കാരണം മറ്റൊന്നാണ്. കാന്‍സര്‍പോലെ മാവോയിസ്റ്റുകളും ജിഹാദികളും ഇരുവശങ്ങളിലും നിന്നും കാര്‍ന്നു തിന്നുന്ന ഒരുപാര്‍ട്ടിയാണ് ഇന്ന് സിപിഎം. കേരളത്തില്‍ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ഈ പ്രസ്ഥാനമാണ് പറ്റിയ തട്ടകമെന്ന് മാവോയിസ്‌റുകള്‍ക്കും ജിഹാദികള്‍ക്കും തോന്നിയിട്ടുണ്ടെങ്കില്‍ അതിനു കാരണമായത് കാലങ്ങളായി ചെറുതും വലുതുമായ വിഷയങ്ങളില്‍ പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ള നിലപാടുകളുമാണ്. ആ അപകടം ഇന്ന് പാര്‍ട്ടി നേതൃത്വത്തിന് സാമാന്യമായെങ്കിലും ബോധ്യപ്പെട്ടു വരുന്നതിന്റെ തെളിവാകാം ഈ പരസ്യനിലപാട്. 

പക്ഷെ, 2006ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദത്തെ വിമര്‍ശിച്ചപ്പോള്‍ ഉണ്ടായ പുകിലൊന്നും ഇപ്പോള്‍ ഉണ്ടായില്ല എന്നതും ശ്രദ്ധിക്കണം. അതിനുകാരണം രാജ്യത്ത് ഇന്ന് നിലവിലുള്ള മാറിയ രാഷ്ട്രീയ കാലാവസ്ഥയാണെന്നത് നിസ്സംശയം പറയാം. നന്ദി പറയേണ്ടത് കേന്ദ്രസര്‍ക്കാരിന്. 

ഒരുകാര്യം വളരെ വ്യക്തമാണ്. അലനെയും താഹയെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പോലീസ് പറയാത്തകാര്യമാണ് ഈ നഗര മാവോയിസ്റ്റുകളുടെ ജിഹാദി ബന്ധം. അതാണ് പി. മോഹനന്‍ പറഞ്ഞത്. സിപിഎം കേഡര്‍ എന്ന  നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കുവേണ്ടി ചാവേറാകാന്‍ തയാറായിട്ടുള്ളത് ആകെ ഈ രണ്ടുപേര്‍ മാത്രമാണെന്ന് വിശ്വസിക്കാനാകില്ല. ഈ സാഹചര്യത്തില്‍, വിവാദങ്ങള്‍ക്കും പ്രസ്താവനയുദ്ധങ്ങള്‍ക്കുമപ്പുറം ദേശീയ പ്രസ്ഥാനങ്ങള്‍കരുതലോടെ നോക്കിക്കാണേണ്ട ഒന്നാണ് ജിഹാദികളും കമ്മ്യൂണിസ്റ്റ് ഭീകരവാദികളും തമ്മിലുള്ള ഈ ബന്ധം. ഈ രണ്ടുയുവാക്കളുടെ അറസ്റ്റിലൂടെ കണ്ടത് വലിയ മഞ്ഞുമലയുടെ അറ്റംമാത്രമാണ്. കൃത്യമായ പദ്ധതിയിലൂടെ വിദേശ സഹായത്തോടെ രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മനുഷ്യാവകാശ സംഘടനകളിലും പൊതുരംഗത്തെ മറ്റുമേഖലകളിലും കടന്നുകയറി രാജ്യത്ത് അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കാനുള്ള വന്‍ പദ്ധതിയുടെ ഭാഗമാണ് ഈ യുവാക്കള്‍ എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. 'വാവ'കളല്ല, സമനിലതെറ്റിയവരല്ല, സ്വപ്‌നാടനക്കാരുമല്ല, തീവ്രവാദികളാണ്, രാജ്യവിരുദ്ധരാണ് ഇവര്‍. 

ആദ്യം ചിന്തിക്കേണ്ടത് ആഗോളതലത്തില്‍ എന്നും വിരുദ്ധ ചേരികളില്‍ നിലകൊള്ളുകയും ഏറ്റുമുട്ടുകയും ചെയ്തിട്ടുള്ള വിരുദ്ധശക്തികളാണ് കമ്മ്യൂണിസവും പൊളിറ്റിക്കല്‍ ഇസ്ലാമും. അഫ്ഗാനിസ്ഥാന്‍ മുതല്‍ ഇന്ന് ചൈനയില്‍ നടക്കുന്ന മുസ്ലിംവംശീയ ധ്വംസനം വരെ ഇതാണ് ചരിത്രം. അപ്പോള്‍ അങ്ങനെയുള്ള ഈ രണ്ട് ശാക്തികചേരികള്‍ ഇവിടെ ഒരമ്മപെറ്റ മക്കളെപോലെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് അത് സാധ്യമാകുന്നത്? ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ പ്രശ്‌നം നേരിടാന്‍ ആദ്യം ചിന്തിക്കേണ്ട വിഷയം ഇതാണ്.

ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം ഇന്ത്യയുടെ തകര്‍ച്ച തന്നെയാണ്. നമ്മള്‍ സ്വയം മതേതരരാഷ്ട്രം എന്നൊക്കെ വിളിച്ചാലും ആഗോള ഇസ്ലാമിക ഭീകരവാദം ശക്തിപ്പെട്ട നാളുകള്‍ മുതല്‍ ഭീകരസംഘടനകളെല്ലാം ഇന്ത്യയെ കാണുന്നത് ഇസ്രയേലിനും അമേരിക്കക്കുമൊപ്പം മുഖ്യശത്രുക്കളുടെ പട്ടികയിലാണ്. അതിനുകാരണം കശ്മീര്‍ പ്രശ്‌നം മാത്രമല്ലതാനും.  ഹിന്ദുക്കളുടെ രാജ്യത്ത് ഖിലാഫത്ത് ഭരണം നടപ്പാക്കേണ്ടത് തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായ കര്‍മ്മമാണ് എന്ന് ഇവര്‍ കരുതുന്നു. ഇന്ത്യയില്‍ ജിഹാദ് സ്വപ്‌നം കാണുന്നത് അയല്‍പക്കത്തുള്ള ഹിസ്ബുള്‍മുജാഹിദിനോ ലഷ്‌കറെ തോയിബയോ മാത്രമല്ല. ആഗോള സാന്നിധ്യമുള്ള താലിബാനും ഐഎസും ഒക്കെ ഈ ലക്ഷ്യം പങ്കുവയ്ക്കുന്നവരാണ്.

നേരിട്ടുള്ള യുദ്ധത്താല്‍ വീഴ്ത്താന്‍ സാധ്യമല്ലാത്ത ശത്രുക്കളെ ഇല്ലാതാക്കാന്‍ അവരുടെ ഇടയില്‍ സംഘര്‍ഷം സൃഷ്ടിച്ച് മുതലെടുക്കുകയും ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുകയും ചെയ്യുകയാണ് ആഗോളഭീകര സംഘടനകളുടെ എക്കാലത്തെയും തന്ത്രം. ഇറാഖിലും സിറിയയിലുമൊക്കെ ഭീകരസംഘടനകള്‍ വളര്‍ന്നതിനു പിന്നില്‍ അവിടെ നിലനില്‍ക്കുന്ന വംശീയ വിദ്വേഷത്തിനും രാജ്യത്ത് ഉണ്ടായ അസ്ഥിരതക്കും വലിയ പങ്കുണ്ട്. ഇതിനു സമാനമായ ഒരു അന്തരീക്ഷം ഇന്ത്യയിലും സൃഷ്ടിക്കാനാണ് ഇവര്‍ കാലങ്ങളായി ശ്രമിക്കുന്നത്. ഭീകരാക്രമണങ്ങളും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കലും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കലുമൊക്കെ ഇതിന്റെ ഭാഗമാണ്. 

മറുവശത്ത് മാവോയിസ്റ്റുകളും ശ്രമിക്കുന്നത് മറ്റൊന്നല്ല. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളില്‍ ഒന്നായ ഇന്ത്യയോട് ഒളിയുദ്ധം ചെയ്തു ജയിക്കാന്‍ സാധിക്കുമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ കരുതില്ല. സര്‍ക്കാര്‍ തന്നെ അവസരങ്ങള്‍ ഏറെ നല്‍കിയിട്ടും, മുഖ്യധാരയില്‍ തിരികെവന്ന് ഇവര്‍ തന്നെ ചൂണ്ടിക്കാണിക്കുന്ന അസമത്വങ്ങളെ ജനാധിപത്യ രീതിയില്‍ നേരിടാനും മാവോയിസ്റ്റുകള്‍ തയാറല്ല. അപ്പോള്‍ പിന്നെ അവരുടെ ലക്ഷ്യം എന്താണ്? 

ഇന്ത്യയെ നെടുകെ പിളര്‍ത്തി ഒരു ചുവന്ന ഇടനാഴി ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴും, സുരക്ഷസേനകളെ അത്യാധുനിക സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുമ്പോഴും, മാവോയിസ്റ്റ് ആശയങ്ങളെ എതിര്‍ക്കുന്നവര്‍പോലും അല്‍പ്പം സഹതാപത്തോടെ അവരെനോക്കിക്കാണുന്ന  മാനസികാവസ്ഥ കേരളത്തിലെങ്കിലും സൃഷ്ടിച്ചെടുക്കാന്‍ മാവോയിസ്റ്റുകള്‍ക്ക്  സാധിച്ചിട്ടുണ്ട്.  അങ്ങനെയുള്ള   അന്തരീക്ഷം പരമാവധി മുതലെടുത്ത് എല്ലാ തീവ്രനിലപാടുകാരെയും ലെഫ്റ്റ് ലിബറലിസ്റ്റുകളെയും മുന്‍നിര്‍ത്തി സമൂഹത്തില്‍ അരാജകത്വമുണ്ടാക്കാനുള്ള ശ്രമമാണ് മാവോയിസ്റ്റുകള്‍ ഇന്ന് നടത്തുന്നത്. കേരളവും, ജെഎന്‍യുപോലെയുള്ള വിദ്യാഭ്യാസകേന്ദ്രങ്ങളും അതിനു പരീക്ഷണ കേന്ദ്രങ്ങളാകുന്നു. ഇവര്‍ ഉണ്ടാക്കുന്ന ഓരോ സംഘര്‍ഷത്തിനു പിന്നിലും കൃത്യമായ ആസൂത്രണവും തയ്യാറെടുപ്പുമുണ്ട്.

മാവോയിസ്റ്റുകളും ഇസ്ലാമിക ഭീകരരും തമ്മിലുള്ള ബന്ധം കേന്ദ്ര ഏജന്‍സികളെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. 2016 ആഗസ്റ്റ് 19 നു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും നക്‌സല്‍ ഗ്രൂപ്പുകളുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍ഐഎ ദല്‍ഹിയിലെ സ്‌പെഷ്യല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാവോയിസ്റ്റുകളും ബംഗ്ലാദേശ് താവളമാക്കിയ ജിഹാദികളും തമ്മിലുള്ള അടുത്തബന്ധവും രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ക്കൂടിവേണം ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഈ ബാന്ധവത്തെ നോക്കിക്കാണാന്‍.

ശത്രുവിന്റെ മുഖം

ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന രണ്ടു വിരുദ്ധ ശക്തികളെ ഇവിടെ ഒരുമിപ്പിച്ചതാരാണ്? അവിടെയാണ് മറഞ്ഞിരിക്കുന്ന ശത്രുവിന്റെ മുഖം സാവധാനമെങ്കിലും വെളിവാകുന്നത്. കമ്മ്യൂണിസ്റ്റ് ചൈന, ഒപ്പം പാക്കിസ്ഥാനും. വികസന പദ്ധതികളില്‍ പങ്കാളിയാക്കിയും ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ വലിയ മുതല്‍മുടക്ക് നടത്തിയും പാക്കിസ്ഥാനെ അവരുടെയൊരു കോളനിയാക്കി മാറ്റാന്‍ ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇരുകൂട്ടരുടെയും മുഖ്യശത്രു ഇന്ത്യയും. ചൈന ആദ്യകാലം മുതലേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദികളെ സഹായിക്കുന്നതിനൊപ്പം മാവോയിസ്റ്റുകളെയും ആയുധവും പണവും നല്‍കി സഹായിച്ചിട്ടുണ്ടെകില്‍, പാക്കിസ്ഥാനെ രാഷ്ട്രീയമായി ഒരുമിപ്പിച്ചു നിര്‍ത്തുന്നതുതന്നെ ഇന്ത്യാ വിരുദ്ധ വികാരമാണ്. അങ്ങനെയൊരു അന്തരീക്ഷത്തില്‍ സംഭവിക്കുന്നതാണ് ഇവിടെയും നടക്കുന്നത് ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാലാന്റിലും മിസോറാമിലും വിഘടനവാദമുയര്‍ന്നപ്പോള്‍ അവരെ ആയുധവും പണവും പരിശീലനവും നല്‍കി താങ്ങിനിര്‍ത്തിയത് ചൈനയാണ്. ദലൈലാമ 1959 മാര്‍ച്ചില്‍ ഇന്ത്യയിലേക്കു രക്ഷപെടുകയും അദ്ദേഹത്തിനും അനുയായികള്‍ക്കും രാജ്യം അഭയം നല്‍കുകയും ചെയ്തതോടെ ചൈനയുടെ വൈരാഗ്യവും വര്‍ധിച്ചു. 

പിന്നീട് ചൈനയുടെ ഏറ്റവും അടുത്ത സഖ്യരാജ്യമായി പാക്കിസ്ഥാനും ഒത്തുചേര്‍ന്നതോടെയാണ് എഴുപതുകളുടെ അവസാനം ചൈന നേരിട്ടുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നണിയിലേക്കു വലിയുന്നത്. പാക്കിസ്ഥാന്റെ ഐഎസ്‌ഐ, കാര്യങ്ങള്‍ ഏറ്റെടുത്തതോടെ ജിഹാദികള്‍ക്കും മാവോയിസ്‌റുകള്‍ക്കും മറ്റു വിഘടനവാദികള്‍ക്കും ഒരുമിക്കാനുള്ള അവസരം ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ഒരുങ്ങി. ചൈനയുടെ ഇന്ത്യാവിരുദ്ധ നിലപാടിനു കാരണം ഐഡിയോളജിക്കല്‍ അല്ല, മറിച് ആഗോളതലത്തില്‍ സൂപ്പര്‍പവറായ ചൈനയ്ക്ക് പ്രാദേശികതലത്തില്‍ ഭീഷണിയായി ഉയരുന്ന രാജ്യമായി അവര്‍ ഇന്ത്യയെ കാണുന്നുണ്ട് എന്നതാണ്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി എത്തിയതോടെ അന്താരാഷ്ട്രതലത്തില്‍ അദ്ദേഹത്തിനും രാജ്യത്തിനും ലഭിക്കുന്ന സ്വീകാര്യത ചൈനയെ വിറളിപിടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന തീര്‍ക്കുന്ന വലയം  ഭേദിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളും ചൈനയ്ക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായി പിന്നണിയില്‍ ഇരുന്നുതന്നെ മാവോയിസ്റ്റുകള്‍ക്കും മറ്റു വിഘടനവാദികള്‍ക്കും ചൈന ഐഎസ്‌ഐ വഴി നല്‍കുന്ന സഹായം ഇനിയും കൂടാനാണ് സാധ്യത.

2012ല്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി/ലയ റോ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും ഇന്ത്യക്കുള്ളില്‍ മാവോയിസ്റ്റുകള്‍ക്കായി ചുവന്ന ഇടനാഴി യാഥാര്‍ഥ്യമാക്കാനുമുള്ള ശ്രമങ്ങളില്‍ ചൈനയ്ക്ക് പിന്തുണയായി പാക് ചാരസംഘടനയായ ഐഎസ്‌ഐ നിലകൊള്ളുന്ന കാര്യം വ്യക്തമായി പറഞ്ഞിരുന്നു.  

ഇതിന്റെയെല്ലാം വെളിച്ചത്തില്‍ ഒന്ന് വ്യക്തമാണ്. കോഴിക്കോട് ജില്ലയിലും കേരളത്തില്‍ തന്നെയും സിപിഎമ്മില്‍ പ്രവര്‍ത്തിച്ചുകൊണ്ട് മാവോയിസ്റ്റ് ജിഹാദി രഹസ്യപ്രവര്‍ത്തനം നടത്തുന്ന ഈ രണ്ടുപേര്‍ ഒറ്റപ്പെട്ടവരല്ല. അവര്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കുന്ന ബുദ്ധികേന്ദ്രങ്ങള്‍ രാജ്യതലസ്ഥാനത്തുവരെയുണ്ട്. ജെഎന്‍യുവില്‍ ഇടതുതീവ്രവാദികളും ജിഹാദിസ്റ്റുകളും ഒരുമിച്ചു 'ആസാദി'ക്കുവേണ്ടി മുദ്രാവാക്യം വിളിച്ചതും, പാര്‍ലമെന്റ്ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനു വേണ്ടികണ്ണുനീരൊഴുക്കിയതും മറക്കാന്‍ സമയമായിട്ടില്ലല്ലോ. 

എല്ലാ മാവോയിസ്റ്റുകളും ജിഹാദികളല്ല. എല്ലാ ജിഹാദികള്‍ക്കും മാവോയിസ്റ്റ് മൂടുപടവുമില്ല. പക്ഷെ ഇരുകൂട്ടരും രാജ്യത്തിന്റെ സമാധാന ജീവിതത്തിനു ഭീഷണിയാണ് രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളില്‍ ഇവരുടെ സാന്നിധ്യവുമുണ്ട്. ബീഹാറിലേയും ഝാര്‍ഖണ്ഡിലെയും പ്രാദേശികരാഷ്ട്രീയ സംഘടനകളും ദല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിയുമൊന്നും ഈ അരാജകവാദികളില്‍ നിന്നും പൂര്‍ണ്ണമായും മുക്തമല്ല. കേരളത്തില്‍ സിപിഎമ്മിലും പി.മോഹനന്‍ പറഞ്ഞ എന്‍ഡിഎഫിലും പോപ്പുലര്‍ഫ്രണ്ടിലും മാത്രമല്ല, മുസ്ലിംലീഗില്‍ പോലും തീവ്രവാദ ആശയങ്ങളുടെ വക്താക്കള്‍  ഇന്നുണ്ട്.

കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിരവധി നടപടികളിലൂടെ ദേശീയതയ്ക്ക് എതിരായ നീക്കങ്ങളെ പ്രതിരോധിക്കാനും ദുര്‍ബ്ബലമാക്കാനും ചിലതെങ്കിലും മുളയിലേ നുള്ളിക്കളയാനും ശ്രമിക്കുന്നുണ്ട്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 മരവിപ്പിച്ചത് അതില്‍ ഏറ്റവും പുതിയ നടപടി. വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നാലും ജനാധിപത്യ മാര്‍ഗത്തില്‍ ഭരണതലത്തില്‍ സാധ്യമായ, മുമ്പ് പലരും ധൈര്യപ്പെടാത്ത പലതും ചെയ്യാനുണ്ട്. ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നു എന്ന ഉത്തമബോധ്യവും ഒപ്പമുണ്ട്. എന്നാല്‍ ഒരു ദീര്‍ഘകാല സമഗ്ര പദ്ധതിയിലൂടെ മാവോയിസ്റ്റ് ജിഹാദിഭീഷണി നേരിടാനും ഇല്ലാതാക്കാനും കേന്ദ്രസര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ കഴിയണമെന്നില്ല. സങ്കുചിതരാഷ്ട്രീയത്തിനും അഭിപ്രായവ്യത്യാസങ്ങള്‍ക്കുമപ്പുറം, ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒരു ഏകീകൃത നയത്തോടൊപ്പം നില്‍ക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയാറായാലേ പറ്റൂ. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ എന്ന പഴമൊഴി പ്രസക്തമാകുന്നതും ഇതുപോലെയുള്ള സന്ദര്‍ഭങ്ങളിലാണ്.

(രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യുടെ മുന്‍ ഉദ്യോഗസ്ഥനും മാധ്യമപ്രവര്‍ത്തകനുമായ ലേഖകന്‍ തത്ത്വമയി ടിവിയുടെ എംഡിയും എഡിറ്റര്‍ ഇന്‍ ചീഫുമാണ്) 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.