അയോധ്യയിലേത് ശബരിമല കേസിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിനോട് യോജിക്കുന്ന വിധി; യുവതീ പ്രവേശന വിഷയത്തിലെ റിവ്യു ഹര്‍ജിയില്‍ പ്രതിഫലിച്ചേക്കാം

Sunday 10 November 2019 6:06 pm IST
അയോധ്യ കേസിലെ വിധി ഭരണഘടന ബെഞ്ചിലെ ഏത് ജഡ്ജി ആണ് എഴുതിയത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ഉള്‍പ്പടെ ബെഞ്ചിലെ എല്ലാ അംഗങ്ങള്‍ക്കും വിധിയിലെ കണ്ടെത്തലുകളോട് ഏക അഭിപ്രായം ആണ്.

ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവ് അനുവദിച്ച് കൊണ്ടുള്ള ഭൂരിപക്ഷ വിധിക്ക് എതിരെ ഭിന്നാഭിപ്രായം രേഖപെടുത്തിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിനോട് സാമ്യമുള്ള വിധിയാണ് അയോധ്യ കേസില്‍ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി സ്വീകരിച്ചത്. അയോധ്യ കേസില്‍ വിശ്വാസം, ആചാരം എന്നിവയ്ക്ക് നല്‍കിയ പ്രാധാന്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ശബരിമല യുവതീ പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സ്വീകരിക്കുമോ എന്ന് അടുത്ത ദിവസങ്ങളില്‍ തന്നെ അറിയാനാവും.

അയോധ്യ കേസില്‍ ഭരണഘടന ബെഞ്ച് പുറപ്പടിവിച്ച വിധി, വിശ്വാസം, ആചാരം എന്നിവയുമായി ബന്ധപ്പെട്ട സമാന സ്വഭാവം ഉള്ള ശബരിമല കേസിനെയും ബാധിക്കും എന്നാണ് നിയമരംഗത്തുള്ളവര്‍ നല്‍കുന്ന സൂചന. കൂടാതെ അയോധ്യകേസില്‍ വിധിയെഴുതിയ ജസ്റ്റിസ് ഡിവൈ ചന്ദ്ര ചൂഡും, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുമാണ് ശബരിമല കേസ് പരിഗണിക്കുന്ന ബഞ്ചിലുള്ളത്. അതുകൊണ്ട് തന്നെ റിവ്യു ഹര്‍ജികളിലെ വിധി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. അയോധ്യക്കേസില്‍ നിന്ന് ഭിന്നമായ നിലപാട് ശബരിമല യുവതീപ്രവേശന വിഷയത്തിലുള്ള റിവ്യൂ ഹര്‍ജികളിലും എടുക്കാനാവില്ല എന്നതാണ് വാസ്തവം.

രാമജന്മഭൂമിയ്ക്ക് പ്രത്യേക നിയമപരിരക്ഷ ഇല്ലെങ്കിലും, പ്രതിഷ്ഠയ്ക്കുണ്ടെന്ന നിലപാടും അയോധ്യ വിധി ഉയര്‍ത്തുന്നുണ്ട്. ഇതും ശബരിമല പ്രതിഷ്ഠയ്ക്ക് ബാധമാവില്ലേ എന്നാണ് ഉയരാവുന്ന മറ്റൊരു ഘടകം. അയോധ്യ കേസിലെ വിധി ഭരണഘടന ബെഞ്ചിലെ ഏത് ജഡ്ജി ആണ് എഴുതിയത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ഉള്‍പ്പടെ ബെഞ്ചിലെ എല്ലാ അംഗങ്ങള്‍ക്കും വിധിയിലെ കണ്ടെത്തലുകളോട് ഏക അഭിപ്രായം ആണ്.

അയോധ്യ വിധിന്യായത്തില്‍ മതേതര സ്ഥാപനം ആയ കോടതി മത വിശ്വാസങ്ങളുടെ വ്യാഖ്യാനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വാസിയുടെ ആചാരങ്ങളും വിശ്വാസങ്ങളും കോടതി അംഗീകരിക്കണമെന്ന് വിധിയില്‍ എടുത്തു പറയുന്നു. അതോടൊപ്പം ഭരണഘടനയുടെ 25-ാം അനുച്ഛേദം തകര്‍ക്കുന്നത് അപകടരം ആണെന്ന മുന്നറിയിപ്പും സുപ്രീം കോടതി വിധിയിലുണ്ട്. വിശ്വാസികളുടെ വിശ്വാസം ചോദ്യം ചെയ്യുന്ന നടപടികളില്‍ നിന്ന് കോടതി വിട്ട് നില്‍ക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു നിരീക്ഷണം ശബരിമല കേസിനും ബാധകമാവില്ലേ എന്നാണ് ഉയരാവുന്ന ചോദ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.