വിധി ഏകപക്ഷീയമല്ല, പിഴവുകളില്ല; സുപ്രീം കോടതി തള്ളിയത് ജംഇയ്യത്തുള്‍ ഉലുമ ഇ ഹിന്ദിന്റെ ഉള്‍പ്പടെ 18 ഹര്‍ജികള്‍

Thursday 12 December 2019 4:28 pm IST

ന്യൂദല്‍ഹി : അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. വിധി ഏകപക്ഷീയമായെന്നും ഇതില്‍ പിഴവുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളാണ് തള്ളിയത്. പുതിയ നിയമവശങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. 

ജംഇയ്യത്തുല്‍ ഉലുമ ഇ ഹിന്ദിന്റേതുള്‍പ്പടെ 18 ഹര്‍ജികളാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേയുടെ ചേംബറില്‍ ഉച്ചയ്ക്ക് ശേഷമാണ് കേസ് പരിഗണിച്ചത്. 

അയോധ്യ കേസിലെ വിധിയില്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കമ്യൂണിസ്റ്റ് ചരിത്രകാരന്മാരും ഇടത് സാംസ്‌കാരിക നേതാക്കളും ഉള്‍പ്പെടുന്ന സംഘവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി തള്ളിയതില്‍ ഇവരുടേതും ഉള്‍പ്പെടും. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്ന് അക്കാദമിക വിദഗ്ധരുടെ ഹര്‍ജികളില്‍ ആരോപിച്ചിരുന്നു. 

വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പകരം ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ഉള്‍പ്പെടുത്തിയാണ് വേദം കേട്ടത്.  ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് മറ്റ് ജഡ്ജിമാര്‍. 

കഴിഞ്ഞ മാസമാണ് മുന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ചത്. 2.7ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന തര്‍ക്ക ഭൂമി സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറാനും ഈ ട്രസ്റ്റ് രാമക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കണമെന്നുമായിരുന്നു വിധി.

മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ തര്‍ക്ക ഭൂമിക്ക് പുറത്ത് കണ്ണായ സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. നിര്‍മോഹി അഖാരക്ക് ട്രസ്റ്റില്‍ പ്രാതിനിധ്യം നല്‍കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.