അയോധ്യ വിധി : മത-സാമുദായിക സൗഹാര്‍ദം പുലര്‍ത്താന്‍ ജാഗ്രത പാലിക്കാൻ കളക്ടറുടെ നിർദേശം, സമൂഹമാധ്യമ നിരീക്ഷണത്തിന് പ്രത്യേക സൈബര്‍ ടീം

Thursday 7 November 2019 9:04 pm IST

ആലപ്പുഴ: അയോധ്യാ വിഷയത്തില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിക്കാനിരിക്കുന്ന സാഹചര്യത്തില്‍ സാമുദായിക സൗഹാര്‍ദ അന്തരീക്ഷം കൂടുതല്‍ സുദൃഢമാക്കുന്നതിലേക്കുള്ള മുന്‍കരുതല്‍ എന്നനിലയില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ മത, സാമുദായിക, രാഷ്ട്രീയ നേതാക്കളുടേയും ഉദ്യോഗപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. 

സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധിയെ വളരെ പക്വതയോടെ ഉള്‍ക്കൊണ്ട്, രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനില്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം രാജ്യത്തെ ഓരോ പൗരന്മാരില്‍ നിന്നും ഉണ്ടാകുന്നതിലേക്ക് ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ സംഘടനാ നേതൃത്വത്തിന്റെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

സുപ്രീംകോടതി വിധി വരുന്നതിനു മുന്നോടിയായി ചില വ്യക്തികളുടേയും ഗ്രൂപ്പുകളുടെയും ഫോണുകളും വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും നിരീക്ഷിച്ചു വരികയാണെന്നും, അതിനു പ്രത്യേക സൈബര്‍ ടീമിനെ ജില്ലയില്‍ നിയോഗിച്ചിട്ടുള്ളതായും കളക്ടര്‍ പറഞ്ഞു. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകും. സമൂഹമാധ്യമങ്ങള്‍ മുഖേനയോ മറ്റു മാര്‍ഗങ്ങളിലൂടെയോ തെറ്റായ വാര്‍ത്തകള്‍ സമൂഹത്തില്‍ പരത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഭരണകൂടത്തിന്റെ ഹെല്‍പ് ലൈനിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ ലഘൂകരിക്കണം.

എല്ലാ മത, സാമുദായിക, രാഷ്ട്രീയ സംഘടന നേതാക്കന്മാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു. മത, സമുദായിക, രാഷ്ട്രീയ നേതാക്കന്മാരെ ഉള്‍പ്പെടുത്തിയുള്ള യോഗങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ തലത്തിലും, താലൂക്ക് തലത്തിലും, പഞ്ചായത്ത് തലത്തിലും 16ന് മുമ്പായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ക്കുന്നതിന് ജില്ലാ കളകര്‍ നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.