ആയുര്‍വേദ ആശുപത്രികളില്‍ തെറാപ്പിസ്റ്റുകളില്ല; രോഗികള്‍ ദുരിതത്തില്‍

Thursday 5 December 2019 6:59 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികളില്‍ തെറാപ്പിസ്റ്റുകള്‍ ഇല്ലാത്തത് രോഗികളെ വലയക്കുന്നു. 640 തെറാപ്പിസ്റ്റുകള്‍ വേണ്ടിടത്ത് ആകെയുള്ളത് 71 തസ്തികകള്‍ മാത്രം. ശേഷിക്കുന്നിടങ്ങളില്‍ തെറാപ്പിസ്റ്റ് ജോലി ചെയ്യുന്നത് പാചകക്കാരും ശുചീകരണ തൊഴിലാളികളുമെന്ന് ആരോപണം. 

ആയുര്‍വേദ ആശുപത്രിയില്‍ കുറഞ്ഞത് പത്ത് പുരുഷ കിടപ്പു രോഗികള്‍ക്ക് രണ്ട് പുരുഷ തെറാപ്പിസ്റ്റുകളും പത്ത് വനിതാ രോഗികള്‍ക്ക് രണ്ട് വനിത തെറാപ്പിസ്റ്റുകളും വേണമെന്നാണ് നിയമം. കിടക്കകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇവരുടെ എണ്ണവും കൂട്ടണം. സംസ്ഥാനത്തെ 135 സര്‍ക്കാര്‍ ആശുപത്രികളിലായി, 3200 കിടക്കകളുണ്ട്. പത്തു കിടക്കള്‍ക്ക് രണ്ട് തെറാപ്പിസ്റ്റുകള്‍ എന്ന് കണക്കാക്കിയാല്‍ പോലും 640ല്‍ അധികം തസ്തിക വേണം. എന്നാല്‍, സംസ്ഥാനത്ത് ആകെ ഉള്ളത് 71 തസ്തിക മാത്രമാണ്. തലസ്ഥാനത്ത് പോലും 49 തെറാപ്പിസ്റ്റുകള്‍ വേണ്ടിടത്ത് ഉള്ളതാകട്ടെ എട്ട് തസ്തിക മാത്രമാണ്.

തെറാപ്പിസ്റ്റുകള്‍ ഇല്ലാത്തതിനാല്‍  മിക്ക സ്ഥാപനങ്ങളിലും യാതൊരു യോഗ്യതയും ഇല്ലാത്ത പാചകക്കാരും ശുചീകരണത്തൊഴിലാളികളും തെറാപ്പിസ്റ്റ് ജോലി ചെയ്യേണ്ടി വരികയാണ്. ഇത്തരത്തിലുള്ള ചികിത്സമൂലം രോഗികളില്‍ പലര്‍ക്കും പൊള്ളലേക്കുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും ആരോപണം ഉണ്ട്.  ചില സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ സ്ത്രീ ജീവനക്കാരെ കൊണ്ട് പുരുഷന്മാരായ രോഗികള്‍ക്ക് ചികിത്സ ചെയ്യുന്ന ഗുരുതര സ്ഥിതിവിശേഷവും നിലവിലുണ്ട്. മാനഹാനിയും ജോലി നഷ്ടപ്പെടുമെന്നുള്ള ഭയവും കാരണം പലരും രോഗികളില്‍ നിന്നുള്ള മോശം പെരുമാറ്റങ്ങള്‍ സഹിക്കുകയാണ്. 

കോടിക്കണക്കിന് രൂപ മുടക്കി മാനസം, പഞ്ചകര്‍മ, ആയുഷ് തുടങ്ങി നിരവധി പ്രോജക്ടുകളാണ് ആയുര്‍വേദ രംഗത്ത് നടപ്പിലാക്കിയത്. ഇവിടെയെല്ലാം താത്കാലിക ജീവനക്കാരെ നിയമിച്ചു. ഒരു വര്‍ഷം കഴിയുമ്പോള്‍ മിക്ക പ്രോജക്ടുകളിലെയും ജീവനക്കാര്‍ക്ക് കാലാവധി നീട്ടി കിട്ടാത്തതിനാല്‍ പ്രോജക്ട് നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ഈ ഇനത്തിലും കോടികളാണ് സര്‍ക്കാരിന് നഷ്ടം. സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ആയിരക്കണക്കിന് പേര്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്പോഴാണ് ഈ ദുരവസ്ഥ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.