ആയുഷ്മാന്‍ ഭാരതിന്റെ അനൂകൂല്യം ആര്‍ക്ക്, എങ്ങനെ; വായിച്ചറിയാം

Tuesday 23 July 2019 5:28 pm IST

2018 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. അല്ലെങ്കില്‍ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (PM-JAY). അംഗങ്ങളുടെ വയസോ, എണ്ണമോ നോക്കാതെ വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന ദേശീയ ആരോഗ്യ പദ്ധതിയാണ് ഇത്. രാജ്യത്താകെ 10.74 കോടി കുടുംബങ്ങളിലുള്ള അമ്പതു കോടി ജനങ്ങള്‍ ഈ പദ്ധതിയുടെ പരിധിയില്‍ വരും. ആശുപത്രിയിലെ കിടത്തി ചികിത്സയും അതിനു മുമ്പും ശേഷവുമുള്ള ചികിത്സകളും പദ്ധതിയില്‍ ഉള്‍പ്പെടും

ശസ്ത്രക്രിയ, വിവിധ പരിശോധനാ ചെലവുകള്‍, മരുന്നുകള്‍, ആശുപത്രി യാത്ര തുടങ്ങിയ ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന 1300 ആരോഗ്യ പാക്കേജുകള്‍ ഈ പദ്ധതിയുടെ കീഴില്‍ കവര്‍ ചെയ്യുന്നുണ്ട്. കൂടാതെ ഈ പദ്ധതിയില്‍ പെട്ടവര്‍ക്ക് ഹൃദയ ബൈപ്പാസ് ശസ്ത്രക്രിയ, മുട്ടു മാറ്റിവയ്ക്കല്‍ തുടങ്ങിയ ചികിത്സകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിലവിലുള്ള സ്‌കീമുകളില്‍ നിന്നും 15 മുതല്‍ 20 ശതമാനം വരെ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കും. പദ്ധതിയുടെ പ്രയോജനം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തെരെഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭ്യമാക്കും. ഈ പദ്ധതി ലഭ്യമായ ആശുപത്രികളില്‍ 'ആയുഷ്മാന്‍ മിത്ര സഹായ കേന്ദ്രം' ഉണ്ടായിരിക്കും. അവിടെ നിന്നും ഈ പദ്ധതിയിലെ തങ്ങളുടെ അര്‍ഹത ഗുണഭോക്താക്കള്‍ക്ക് പരിശോധിച്ച് അറിയാവുന്നതാണ്. ആധാര്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയില്‍ ഒന്ന് തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാവുന്നതാണ്. 

ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്കാണ് സൗജന്യ ചികിത്സ ലഭിക്കുക. ആശുപത്രി പ്രവേശനത്തിനു തൊട്ടു മുമ്പും ശേഷവും ഉണ്ടാകുന്ന ചികിത്സാ ചെലവുകളും ആശുപത്രി വാസം ആവശ്യമില്ലാത്ത സര്‍ജറികളും നവജാത ശിശുക്കളുടെ ചികിത്സയും ഇന്‍ഷുറന്‍സ് പരിധിയിലുള്ള ആരോഗ്യസേവനങ്ങളില്‍ പെടും.  ഇതിനുള്ള അര്‍ഹത കണ്ടെത്തുന്നതിന് പല മാര്‍ഗങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം സര്‍ക്കാരില്‍ നിന്നും അയച്ചു കിട്ടുന്ന ഇതുസംബന്ധിച്ചുള്ള കത്തിലെ ക്യൂ ആര്‍ കോഡ് ഉറപ്പു വരുത്തുകയാണ്. സര്‍ക്കാര്‍ പല മാര്‍ഗ്ഗങ്ങളില്‍ കൂടി ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതിയില്‍ ചേര്‍ക്കും. എന്നാല്‍ ജനങ്ങള്‍ സ്വന്തം നിലക്ക് കരുതിയിരിക്കേണ്ട ചില രേഖകള്‍ ഉണ്ട്. ബാങ്ക്  അക്കൌണ്ടാണ് അവയില്‍ പ്രധാനപ്പെട്ട ഒന്ന്. ഈ പദ്ധതിയില്‍ അംഗങ്ങളാക്കപ്പെടുന്നതിന് നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും കുടുംബങ്ങള്‍ക്ക് തമ്മില്‍ വ്യവസ്ഥകളില്‍ വ്യത്യാസമുണ്ട്. 

 

ഗ്രാമപ്രദേശത്തുള്ളവര്‍ക്കുള്ള വ്യവസ്ഥകള്‍ (ഇത് താഴെ കൊടുത്തിട്ടുള്ള വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്)

https://mera.pmjay.gov.in/search/login 

 

1. താത്കാലിക ചുവരുകളും മേല്‍ക്കൂരകളുമുള്ള ഒറ്റമുറി വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ 

2. 16 വയസ്സിനും 59 വയസ്സിനും മദ്ധ്യേ പ്രായമുള്ള അംഗങ്ങള്‍ ഇല്ലാത്ത കുടുംബങ്ങള്‍ 

3. സ്ത്രീകള്‍ കുടുംബനാഥകളായുള്ള, 16 വയസ്സിനും 59 വയസ്സിനും മദ്ധ്യേ പ്രായമുള്ള ആണുങ്ങള്‍ ഇല്ലാത്ത കുടുംബങ്ങള്‍

4. കുറഞ്ഞത് ഒരു അംഗപരിമിത വ്യക്തിയെങ്കിലുമുള്ളതും, എന്നാല്‍ ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയെങ്കിലും ഇല്ലാത്തതുമായ കുടുംബം.

5. പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍

6. സ്വന്തമായി ഭൂമിയില്ലാത്തതും, വരുമാനത്തിന്റെ സിംഹഭാഗവും കൂലിപ്പണിയില്‍  നിന്നും നേടുന്നവരുമായ കുടുംബങ്ങള്‍

7. ഉപേക്ഷിക്കപ്പെട്ടവരും, ഭിക്ഷ കൊണ്ട്  ജീവിതം കഴിച്ചുകൂട്ടുന്നവരും

8. ശുചീകരണ തൊഴിലാളി കുടുംബങ്ങള്‍

9. ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍

10. നിയമപരമായി മോചിപ്പിക്കപ്പെട്ട അടിമപണിക്കാര്‍ 

നഗരപ്രദേശത്തുള്ളവര്‍ക്കുള്ള വ്യവസ്ഥകള്‍ (പതിനൊന്ന് വിഭാഗങ്ങളിലുള്ളവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് )

1. ആക്രിസാധനങ്ങള്‍ ശേഖരിച്ചു ജീവിക്കുന്നവര്‍

2. ഭിക്ഷക്കാര്‍ 

3. ഗാര്‍ഹിക ജോലിക്കാര്‍

4. തെരുവ് കച്ചവടക്കാര്‍, ചെരുപ്പുകുത്തികള്‍ തുടങ്ങി തെരുവുകളില്‍ ജോലി ചെയ്ത് ജീവിക്കുന്നവര്‍

5.കെട്ടിടം പണിക്കാര്‍, പ്ലംബര്‍മാര്‍, കല്‍പണിക്കാര്‍, പെയിന്റര്‍, വെല്‍ഡര്‍, സെക്യൂരിറ്റി ഗാര്‍ഡ്, കൂലിപ്പണിക്കാര്‍, ചുമട്ടു തൊഴിലാളികള്‍ എന്നിവര്‍

6. തൂപ്പുകാര്‍, ശുചീകരണ തൊഴിലാളികള്‍, തോട്ടക്കാര്‍

7. ഗൃഹത്തില്‍ കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്നവര്‍, കരകൗശല പണിക്കാര്‍,  തയ്യല്‍ക്കാര്‍ 

8. ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, കണ്ടക്റ്റര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, വണ്ടിവലിക്കുന്നവര്‍, റിക്ഷാക്കാര്‍  

9.കടകളിലെ ഹെല്‍പ്പര്‍മാര്‍, ചെറുസ്ഥാപനങ്ങളിലെ പ്യൂണ്‍, വിതരണ തൊഴിലാളികള്‍, വെയിറ്റര്‍, അറ്റന്‍ഡന്‍ഡ്

10. ഇലക്ട്രീഷ്യന്‍, മെക്കാനിക്ക്, അസംബ്ലര്‍, റിപ്പയര്‍ പണിക്കാര്‍

11. അലക്കുകാര്‍, കാവല്‍ക്കാര്‍

പദ്ധതി ഗുണഭോക്താവാകാനുള്ള നിങ്ങളുടെ അര്‍ഹത സ്വയം പരിശോധിക്കാനുള്ള മാര്‍ഗ്ഗം

ടോള്‍ ഫ്രീ നമ്പറായ 14555 ലേക്ക് വിളിച്ച് വിവരങ്ങള്‍ അറിയാം 

1. താഴെ കൊടുക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കൊടുക്കുക https://mera.pmjay.gov.in/search/login 

2. സൈറ്റില്‍  പ്രത്യക്ഷപ്പെടുന്ന 'കാപ്ച്ച' അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തിട്ട് വണ്‍ ടൈം പാസ് വേര്‍ഡിനായി ആവശ്യപ്പെടുക

3. നിങ്ങള്‍ ആദ്യം കൊടുത്ത മൊബൈല്‍ നമ്പറിലേക്ക് മെസേജായി ഒരു വണ്‍ ടൈം പാസ് വേര്‍ഡ് കിട്ടും. അത് സൈറ്റില്‍ കൊടുത്ത് പരിശോധന പൂര്‍ത്തിയാക്കുക. 

4. ഇത്രയും കഴിഞ്ഞാല്‍ വെബ് സെറ്റിന്റെ മറ്റൊരു പേജിലേക്ക് നയിക്കപ്പെടും. അവിടെ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന് കൊടുത്തുകൊണ്ട് ഗുണഭോക്താവിന്റെ അര്‍ഹത പരിശോധിക്കാം. 

a. മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍

b. സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസില്‍ ഉള്ള പേര്

c. രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജനയുടെ URN (യൂണീക് റഫറന്‍സ് നമ്പര്‍)

5. ഇത്രയും കഴിഞ്ഞാല്‍ നിങ്ങളുടെ പേര് ഗുണഭോക്താവിന്റെ ലിസ്റ്റില്‍ ഉണ്ടെങ്കില്‍, പേജിന്റെ വലതു വശത്തായി കാണിക്കും. അവിടെയുള്ള 'കുടുംബാംഗങ്ങള്‍' എന്നെഴുതിയ ടാബില്‍ നിന്നും ഈ പദ്ധതിയില്‍ പേര് ചേര്‍ക്കപ്പെട്ടിട്ടുള്ള  ഗുണഭോക്താവിന്റെ കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും കാണാം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.