'ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിംങ്ങള്‍ പോലും സുരക്ഷിതരല്ല, ഇമ്രാന്‍ ഖാന്റെ ഭരണത്തില്‍ പ്രതീക്ഷയില്ല'; ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി പാക് മുന്‍ എം.എല്‍.എയും കുടുംബവും

Tuesday 10 September 2019 2:58 pm IST

ന്യൂദല്‍ഹി: പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭരണത്തില്‍ പ്രതീക്ഷയില്ലെന്നും അതിനാല്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പാക് മുന്‍ എം.എല്‍.എ ബല്‍ദേവ് കുമാര്‍. ഇമ്രാന്‍ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് പാട്ടിയുടെ (പി.ടി.ഐ) മുന്‍ എം.എല്‍.എയാണ് അപേക്ഷയുമായി രംഗത്തെത്തിയത്. 'ന്യൂനപക്ഷ വിഭാഗങ്ങള്‍ മാത്രമല്ല, മുസ്ലിങ്ങള്‍ പോലും ഇവിടെ സുരക്ഷിതരല്ല. വളരെയേറെ വിഷമങ്ങള്‍ അനുഭവിച്ചാണ് ഞങ്ങളിവിടെ കഴിയുന്നത്. എനിക്ക് അഭയം നല്‍കാന്‍ ഞാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് അപേക്ഷിക്കുകയാണ്. ഞാനൊരിക്കലും തിരിച്ച് പോകില്ല.

പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ സാധിക്കുന്ന ഒരു പാക്കേജ് ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിക്കണം. മോദി സാഹിബിനോട് ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇവരെല്ലാം ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്' ബല്‍ദേവ് കുമാര്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

രാഷ്ട്രീയ അഭയം തേടി ബല്‍ദേവ് കുമാര്‍ (43) ഭാര്യ ഭാവനയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഒരു മാസത്തിലേറെയായി പഞ്ചാബിലെ ഖന്ന പട്ടണത്തിലാണ് കഴിയുന്നത്. ഖൈബര്‍ പക്തൂണ്‍ഖ്വ അസംബ്ലിയിലെ സംവരണ സീറ്റായ ബാരികോട്ടില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ബല്‍ദേവ് കുമാര്‍. 

പാക്കിസ്ഥാനിലെ ഗുരുദ്വാരകള്‍ മോശം അവസ്ഥയിലാണ്. ന്യൂനപക്ഷങ്ങള്‍ക്കു ബഹുമാനം ലഭിക്കുന്നില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു. ഒരു സിഖ് പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ സംഭവം അടുത്തിടെ പുറത്തുവന്നിരുന്നു. അങ്ങനെ സംഭവിക്കാന്‍ പാടില്ല. ഇമ്രാന്‍ ഖാനില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഭരണത്തിലെത്തിയതോടെ അദ്ദേഹവും മാറി' - ബല്‍ദേവ് കുമാര്‍ പറഞ്ഞു. ഓഗസ്റ്റ് 11നാണ് താന്‍ ഇന്ത്യയിലെത്തിയതെന്നും ഉത്തമബോധ്യത്തോടെയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.തനിക്കും കുടുംബത്തിനും രാഷ്ട്രീയ അഭയവും സുരക്ഷയും നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.