ബാരാമുള്ളയില്‍ വീണ്ടും നുഴഞ്ഞു കയറ്റശ്രമം; ഇന്ത്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതോടെ ഭീകരര്‍ പിന്‍വാങ്ങി പാക് അധീന കശ്മീരിലേക്ക് നീങ്ങി

Sunday 6 October 2019 10:21 am IST

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം അതിര്‍ത്തി സുരക്ഷ സേന പരാജയപ്പെടുത്തി. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശത്ത് നുഴഞ്ഞു കയറാന്‍ ശ്രമിച്ച സംഘത്തിന് നേരെ സുരക്ഷ സേന വെടിയുതിര്‍ത്തു. 

നിയന്ത്രണ രേഖയ്ക്ക് സമീപത്തായി അഞ്ച് പേരടങ്ങുന്ന സംഘം ഇന്ത്യന്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. നീക്കം ശ്രദ്ധയില്‍ പെട്ടതോടെ സുരക്ഷാസേന കനത്ത ഷെല്ലാക്രമണം നടത്തി. ഇതോടെ ഭീകരര്‍ പിന്മാറുകയായിരുന്നു. അതിന് ശേഷം ഇവര്‍ പാക്  അധിനിവേശ കശ്മീരിലേക്ക് നീങ്ങിയെന്നാണ് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ബരാമുള്ളയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഉറിയിലെ ലാച്ചി പോര മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. 

അതിനിടെ അനന്ത്‌നാഗില്‍ മുന്‍ പിഡിപി നേതാവ് സജാദ് ഹുസൈന്‍ മന്തൂവിനെ ഭീകരര്‍ വെടിയുതിര്‍ത്തു. മന്തൂവിന്റെ വീട്ടില്‍ വെച്ചാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ വയറിലും തുടയിലും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.