സൗന്ദര്യം വീണ്ടെടുത്ത് ജമ്മുകശ്മീര്‍

Friday 11 October 2019 2:55 am IST

 

മ്മുകശ്മീര്‍ വീണ്ടും വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി. സഞ്ചാരികള്‍ക്ക് അവിടേക്കുള്ള പ്രവേശനത്തിന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഇന്നലെ അനുമതിനല്‍കി. ആഗസ്റ്റ് രണ്ടിനാണ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും താല്‍കാലിക വിലക്കേര്‍പ്പെടുത്തിയത്. സുരക്ഷയുടെ ഭാഗമായിട്ടായിരുന്നു ഈ നടപടി. ജമ്മുകശ്മീരില്‍ എന്ത് സംഭവിക്കും എന്ന് പ്രവചിക്കാന്‍ പറ്റാതിരുന്ന ഒരു സ്ഥിതിവിശേഷം മുമ്പ് ഉണ്ടായിരുന്നു. ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന വിശേഷണമായിരുന്നു കശ്മീരിനുണ്ടായിരുന്നത്. എന്നാല്‍ ഭീകരാക്രമണങ്ങള്‍ ഇവിടം നരകമാക്കിമാറ്റിയിരുന്നു. ഈ സ്വര്‍ഗത്തിലേക്ക് എത്താന്‍ വിനോദസഞ്ചാരികള്‍ ഭയപ്പെട്ടിരുന്നു.  

എന്നാല്‍ ഇന്ന് സ്ഥിതിമാറി. അടിമുടി പരിവര്‍ത്തനത്തിന്റെ പാതയിലാണിപ്പോള്‍ ജമ്മുകശ്മീര്‍. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി പ്രദേശവാസികള്‍ക്കും ഏറെ പ്രതീക്ഷനല്‍കി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഏതുനിമിഷവും ഉണ്ടായേക്കാവുന്ന ഭീകരാക്രമണ ഭീഷണിയുടെ നിഴലില്‍ കഴിഞ്ഞവരിപ്പോള്‍ ശക്തമായൊരു ഭരണസംവിധാനത്തിന്റെ കീഴിലാണ് തങ്ങളെന്ന് ചിന്തിക്കാനും തുടങ്ങിയിരിക്കുന്നു. സമാനമായ മനസ്ഥിതിയാണ് ഇപ്പോള്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്കും ഉള്ളത്. 

കാലാവസ്ഥകൊണ്ടും വശ്യമായ ഭൂപ്രകൃതികൊണ്ടും ജനങ്ങളെ ഇത്രമാത്രം ആകര്‍ഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രം ഇന്ത്യയില്‍ കശ്മീര്‍പോലെ വേറൊരിടം ഉണ്ടാവില്ല. എന്നാല്‍ ഭീകരാക്രമണ ഭീഷണിയും മറ്റും ഇവിടെനിന്നും അകന്നുനില്‍ക്കാന്‍ വിദേശസഞ്ചാരികള്‍ അടക്കമുള്ളവരെ പ്രേരിപ്പിച്ചിരുന്നു.

ആ സ്ഥിതിക്കാണ് ഇപ്പോള്‍ മാറ്റംവരാന്‍ പോകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ അനിഷ്ടസംഭവങ്ങളൊന്നും തന്നെ കശ്മീരില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുപ്രധാനമായ ഒരു തീരുമാനമെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട കരുതല്‍നടപടികള്‍ മാത്രമേ ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തിരുന്നുള്ളു. ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കുമെന്നും വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയത്. പ്രത്യേക പദവി എടുത്തുകളയുമ്പോള്‍ അത് കലാപത്തിന് വഴിവയ്ക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ വിരുദ്ധരുടെ വായ്ത്താരി അപ്രസക്തമായതും ശ്രദ്ധേയമാണ്. 

അതേസമയം 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ പാക്കിസ്ഥാന്‍ നടത്തിയ പ്രസ്താവനകള്‍ക്ക് ആഗോളതലത്തില്‍തന്നെ ഒരു ചലനം സൃഷ്ടിക്കാനും സാധിച്ചില്ല. പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് ഒത്താശ ചെയ്യുന്ന രാജ്യമാണെന്ന ഇന്ത്യയുടെ വാദത്തിന് അര്‍ഹിക്കുന്ന പിന്തുണയും ലഭിച്ചു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട അവസ്ഥ പാക്കിസ്ഥാനെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. 

കശ്മീരില്‍ സമാധാനം പുലരുമ്പോള്‍ അത് എല്ലാ മേഖലയ്ക്കും ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും വിനോദസഞ്ചാരമേഖലയ്ക്ക്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ എട്ട് ശതമാനമാണ് ഈ മേഖലയുടെ സംഭാവന. 2016 ലെ കണക്കനുസരിച്ച് ഏകദേശം 1.29 ദശലക്ഷം വിനോദസഞ്ചാരികളാണ് കശ്മീര്‍ സന്ദര്‍ശിച്ചത്. ഒരുലക്ഷത്തോളം പേര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ചെയ്യുന്നു. വിനോദസഞ്ചാരമേഖല വളര്‍ച്ചപ്രാപിക്കുന്നതോടെ കാര്‍ഷികരംഗം ഉള്‍പ്പടെയുള്ള അനുബന്ധ മേഖലകളും പുഷ്ടിപ്പെടും.

 ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഇവിടെ നിക്ഷേപം നടത്താനും വിദേശരാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. കശ്മീരിനെ കൂടുതല്‍ നിക്ഷേപസൗഹൃദമാക്കുന്നതോടെ ടൂറിസംരംഗത്തും പുത്തനുണര്‍വ് പ്രകടമാകും എന്നതില്‍ സംശയിക്കേണ്ടതില്ല. കശ്മീരിന്റെ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതും. ഇന്ത്യയുടെ പൂന്തോട്ടമായ കശ്മീരില്‍ സമാധാനവും പുരോഗതിയും നിലനിര്‍ത്തുക എന്നത് വെല്ലുവിളിയായിട്ടല്ല, മറിച്ച് പ്രതിജ്ഞാബദ്ധതയുടെ ഭാഗമായിട്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കരുതുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.