ബംഗാള്‍ തെരഞ്ഞെടുപ്പിന് സ്‌റ്റേ; മമതയ്ക്ക് പ്രഹരം, ബിജെപിക്ക് ആദ്യവിജയം

Thursday 12 April 2018 1:29 pm IST
"undefined"

കൊല്‍ക്കത്ത: ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഏപ്രില്‍ 16 വരെ കൊല്‍ക്കത്ത ഹൈക്കോടതി സ്‌റ്റേ ചെയ്തു. നീതിപൂര്‍വകമല്ല തെരഞ്ഞെടുപ്പെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് സ്‌റ്റേ ഉത്തരവ്. ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച ബിജെപി നേതാക്കളോട് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇന്നാണ് ബിജെപി കൊല്‍ക്കത്തയില്‍ ഹര്‍ജി നല്‍കിയത്.സ്‌റ്റേ ഉത്തരവ് മമതാ ബാനര്‍ജിക്ക് അപ്രതീക്ഷിത പ്രഹരമായി. സിപിഎം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പാര്‍ട്ടികള്‍ ബിജെപിയുടെ നീക്കങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയായിരുന്നു.  

തെരഞ്ഞെടുപ്പ് തീയതി പുനര്‍ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും സുപ്രീംകോടതി ബുധനാഴ്ച അറിയിച്ചിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് കാണിച്ചായിരുന്നു ബിജെപി ഹര്‍ജി. 

തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയ തീരുമാനം പിന്‍വലിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപിയുടെ ആവശ്യം ഇന്ന് കൊല്‍ക്കത്ത ഹൈക്കോടതി പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാള്‍, എ.എം സാേ്രപ എന്നിവര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി നീട്ടിവെച്ച തീരുമാനം പിന്‍വലിച്ചത് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടേയും സമ്മര്‍ദ്ദ ഫലമായാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബിജെപി ഘടകമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ വാദിക്കാന്‍ പ്രവേശിക്കിപ്പിക്കുന്നില്ലെന്നും തൃണമൂല്‍ ഗുണ്ടകളാണ് അവിടം ഭരിക്കുന്നതെന്നും പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഹര്‍ജി സുപ്രീംകോടതിയിലെത്തിയത്. 

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും അനുവദിക്കാതെ അക്രമിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് ബിജെപി ആരോപിക്കുന്നു. മെയ് 1, 3, 5 തീയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയ മുന്‍ എംപിമാരും സിപിഎം നേതാക്കളുമായ ബസുദേവ് ആചാര്യയും രാമചന്ദ്ര ഡോമും തൃണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിലാണ്. 

സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദ്ദേശം സുപ്രീംകോടതി ബംഗാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാല്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.